ജപ്പാന്‍ ജ്വരം വ്യാപിക്കുന്നു
കുത്തിവയ്‌പ്പെടുക്കാതെ കുട്ടികള്‍


പി അഭിഷേക്
Published on May 08, 2026, 12:15 AM | 1 min read
മലപ്പുറം
ജില്ലയില്‍ ജപ്പാന്‍ജ്വരം കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട് ചെയ്യുമ്പോഴും കുട്ടികളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള "ജെന്‍വാക്' വാക്സിനേഷന്‍ ക്യാമ്പയിനോട് മുഖംതിരിഞ്ഞ് രക്ഷിതാക്കള്‍. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ 15 വയസ്സിനുതാഴെയുള്ള 12,10,996 കുട്ടികള്‍ വാക്സിനെടുക്കേണ്ടതുണ്ട്. എന്നാല്‍, ജനുവരിമുതല്‍ സൗജന്യമായി നല്‍കുന്ന വാക്സിന്‍ ഇതുവരെ 1,42,306 കുട്ടികള്‍മാത്രമാണ് സ്വീകരിച്ചത്. 11.75 ശതമാനമാണ് കുത്തിവയ്‌പ് നിരക്ക്. അഞ്ചുവയസ്സുവരെയുള്ള 19,868 പേരും 5–10 വയസ്സുവരെയുള്ള 54,901 പേരും 10–15 വയസ്സുവരെയുള്ള 67,536 പേരും വാക്സിനെടുത്തു. മസ്തിഷ്കജ്വരം കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. സ്കൂളുകളിലൂടെയും അങ്കണവാടികളിലൂടെയുമാണ് ആദ്യം കുത്തിവയ്‌പ് നടത്തിയത്. പിന്നീട് എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും വാക്സിന്‍ ലഭ്യമാക്കി. റംസാന്‍ നോമ്പും പരീക്ഷകളും കുത്തിവയ്‌പ് നിരക്കില്‍ കുറവുണ്ടാക്കി. വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കടിപ്പെട്ടും ചിലര്‍ കുത്തിവയ്‍പ് മടിക്കുന്നു. രോഗത്തിന്റെ തീവ്രത മനസ്സിലാക്കാതെയാണ് ഇവര്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ റിപ്പോര്‍ട്ട്‌ചെയ്ത മസ്തിഷ്കജ്വരം കേസുകളില്‍ 31.74 ശതമാനവും 15 വയസ്സിനുതാഴെയുള്ളവര്‍ക്കാണ്. 28 ശതമാനമാണ് കുട്ടികളിലെ മരണനിരക്ക്. ഈമാസം 31വരെയാണ് സൗജന്യ വാക്സിനേഷന്‍ ക്യാമ്പയിന്‍. അതിനുശേഷം രണ്ട് വയസ്സിനുതാഴെയുള്ളവര്‍ക്ക് സൗജന്യമായി കുത്തിവയ്‌പ് തുടരും. ഈവര്‍ഷം 3 പേര്‍ക്ക് ജില്ലയില്‍ ഈവര്‍ഷംമാത്രം മൂന്ന് ജപ്പാന്‍ ജ്വരം കേസുകള്‍ റിപ്പോര്‍ട്ചെയ്തു. താനൂര്‍ നഗരസഭ, കണ്ണമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിലാണിത്. താനൂര്‍ നഗരസഭയിലെ രോഗി മരിച്ചു. താനൂര്‍ തേവര്‍ കടപ്പുറത്ത് ഒരു സംശയാസ്പദ കേസുമുണ്ട്. ദേശാടനക്കിളികളില്‍നിന്ന് കൊതുകുകളിലേക്കും പിന്നീട് മനുഷ്യരിലേക്കുമാണ് രോഗം പടരുന്നത്. താനൂര്‍ നഗരസഭാ പരിധിയില്‍ ഉപയോഗശൂന്യമായ നിരവധി കിണറുകളുണ്ടെന്നാണ് ആരോഗ്യവകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്. ഇത് കൊതുകിന് വളരാന്‍ സാഹചര്യമൊരുക്കുന്നു. കണ്ണമംഗലം പഞ്ചായത്തിലെ ക്വാറികളും കുളങ്ങളുമാണ് കൊതുകുവളരാന്‍ കാരണം.









0 comments