ad
Deshabhimani

കൊടും ചൂടിൽ വലഞ്ഞ്‌ നാട്‌

ചെലവ്‌ കൂടി, 
പാല്‌ കുറഞ്ഞു

a

കോ‍ഡൂരിലെ ക്ഷീരകര്‍ഷകന്‍ താജ് മന്‍സൂര്‍ ഫാമിലെ പശുക്കള്‍ക്ക് ചൂടില്‍നിന്ന് ആശ്വാസം ലഭിക്കുന്നതിന് വെള്ളം പമ്പ്ചെയ്യുന്നു

avatar
സി പ്രജോഷ്‌ കുമാർ

Published on Apr 20, 2026, 12:15 AM | 2 min read

മലപ്പുറം

കനത്ത ചൂട്‌ ക്ഷീരമേഖലയെയും ബാധിക്കുന്നു. പാലുൽപ്പാദനത്തിൽ ജില്ലയിൽ പ്രതിദിനം 5000 ലിറ്ററിന്റെ കുറവുണ്ട്‌. മിൽമ മലബാർ മേഖലയിൽമാത്രം 20,000 ലിറ്ററിന്റെ കുറവുണ്ട്‌. വിഷു സീസൺ ആയതിനാൽ പാല്‌ മറ്റാവശ്യങ്ങൾക്ക്‌ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്‌. അതിനാൽ കുറവ്‌ ചൂടുമൂലമാണെന്ന്‌ മിൽമ സ്ഥിരീകരിച്ചിട്ടില്ല. സഹകരണ സംഘങ്ങളിലും പാലിന്റെ അളവ് കുറവാണ്. ഒരു പശുവിൽനിന്ന് ശരാശരി 10-, 15 ലിറ്റർവരെ പാൽ ലഭിച്ചിരുന്നിടത്ത് 8-–10 ലിറ്ററായി കുറഞ്ഞു. പശു വളർത്തലിനും ചൂട്‌ ഭീഷണിയാണ്‌. തണുപ്പ് കാലാവസ്ഥയിൽ വളരുന്ന സങ്കരയിനം പശുക്കളെ പരിപാലിക്കാനുള്ള ചെലവ്‌ കുത്തനെ കൂടി. കാലിത്തീറ്റ വില കൂടിയതും ആവശ്യത്തിന് പുല്ല് ലഭ്യമല്ലാത്തതും തിരിച്ചടിയായി. സൂര്യാതപമേൽക്കുമെന്നതിനാൽ പശുക്കളെ തുറസായ സ്ഥലത്ത് മേയാൻ വിടാൻ കഴിയുന്നില്ല. തീറ്റപ്പുല്ല്‌ കിട്ടാത്തതും പ്രതിസന്ധിയാണ്‌.​


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• പശുക്കളെ പകൽ സമയങ്ങളിൽ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുത് • തൊഴുത്തിന്റെ മേൽക്കൂരയിൽ ഓലയോ, ഷെയ്ഡ് നെറ്റോ പോലുള്ളവ സ്ഥാപിക്കണം • പശുക്കളെ രണ്ടുനേരവും കുളിപ്പിക്കണം, പകൽ ഇടയ്ക്കിടെ വെള്ളം ഒഴിച്ചോ നനഞ്ഞ ചാക്കിട്ടോ തണുപ്പിക്കണം • ദിവസം 60 ലിറ്റർ വെള്ളം കുടിക്കാൻ നൽകണം • ഖരരൂപത്തിലുള്ള സമീകൃത തീറ്റ രാവിലെ ഏഴിനുമുമ്പും വൈകിട്ട്‌ അഞ്ചിനുമുമ്പും നൽകണം ​


പശുവളർത്തൽ പ്രതിസന്ധിയിൽ

​സങ്കരയിനം പശുക്കൾക്ക്‌ ചൂട് പ്രതിരോധിക്കാനാവുന്നില്ല. പാലുൽപ്പാദനം വളരെ കുറഞ്ഞു. പ്രതിദിനം 150 ലിറ്റർ പാൽ ലഭിച്ചിടത്ത്‌ 120ൽ താഴെയായി. തീറ്റപ്പുല്ല്‌ കിട്ടാത്തതും പ്രതിസന്ധിയാണ്‌. ചൂട് കൂടുമ്പോൾ സൈലേജ് തീറ്റകൊടുക്കുന്നതാണ് നല്ലത്. നേരത്തെ ഇത് മിൽമയിൽനിന്ന് കിലോയ്ക്ക് അഞ്ചുരൂപ നിരക്കിൽ കിട്ടിയിരുന്നു. ഇപ്പോൾ ക്ഷമമായതിനാൽ ലഭിക്കാനില്ല. കിലോയ്ക്ക് ഒമ്പത് രൂപയോളം നൽകിയാണ് പുറത്തുനിന്ന് വാങ്ങുന്നത്. വേനൽമഴ കാരണം വൈക്കോൽ ലഭ്യതയും കുറഞ്ഞു. പശുക്കളുടെ ശരീരം തണുപ്പിക്കാൻ ദിവസവും അഞ്ചുനേരം വെള്ളം പമ്പ്ചെയ്തു കൊടുക്കും. ​

– താജ്‌ മൻസൂർ , ക്ഷീര കർഷകൻ, കോഡൂർ


a

ഉൽപ്പാദനം പകുതിയായി

പശുക്കളെ പുറത്തിറക്കാൻ കഴിയാത്ത ചൂടാണ്‌. ഉൽപ്പാദനം പകുതിയായി കുറഞ്ഞു. തീറ്റപ്പുല്ലുകൾ കരിയുകയാണ്‌. കിണറ്റിൽ വെള്ളം വറ്റിത്തുടങ്ങിയതിനാൽ പശുക്കളെ കുളിപ്പിക്കുന്ന കാര്യവും പ്രതിസന്ധിയാണ്‌. – ചേരിക്കല്ലൻ അനിൽകുമാർ, ക്ഷീരകർഷകൻ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home