ad
Deshabhimani

ആവേശമായി ബൃന്ദ

a
avatar
ജിജോ ജോര്‍ജ്

Published on Apr 03, 2026, 12:02 AM | 2 min read

മലപ്പുറം

ജില്ലയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കി മുതിർന്ന സിപിഐ എം നേതാവ്‌ ബൃന്ദ കാരാട്ട്‌. തിരുന്നാവായ, താനാളൂർ, പടിഞ്ഞാറ്റുമുറി എന്നിവടങ്ങളിൽ എൽഡിഎഫ്‌ പൊതുയോഗങ്ങൾ ഉദ്‌ഘാടനംചെയ്യാനെത്തിയ ബൃന്ദ ആവേശം വാരിവിതറി. തിരൂർ മണ്ഡലത്തിലെ തിരുന്നാവായിൽ പകൽ 11ഓടെ എത്തിയ ബൃന്ദയെ മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ സ്വീകരിച്ചു. കൊന്നപ്പൂക്കൾ നൽകിയും ചുവന്ന ഷാളുകൾ അണിയിച്ചും വരവേറ്റു. ഇംഗ്ലീഷിലായിരുന്നു പ്രസംഗമെങ്കിലും സാധാരണക്കാർക്കുംപോലും മനസ്സിലാവുന്ന തരത്തിലായിരുന്നു സംസാരം. പ്രസംഗം പരിഭാഷപ്പെടുത്തിയ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം ഇ എം സജിതയോട്‌ വാക്കുകളുടെ മലയാള അർഥം ചോദിച്ചു മനസ്സിലാക്കി പലവട്ടം ആ വാക്കുകൾ അവർ ആവർത്തിച്ചോൾ സദസ്സിൽ കൈയടി നിറഞ്ഞു. ‘മോദിയുടെ വാ പൂട്ടിയിരിക്കുന്ന പൂട്ടിന്റെ താക്കോൽ ട്രംപിന്റെ പോക്കറ്റിലാണെന്ന്‌‘ അവർ മലയാളത്തിൽ ഒരുവിധം ഒപ്പിച്ചുപറഞ്ഞപ്പോൾ സദസ്സ് ചിരിച്ചുമറിഞ്ഞു. തെലങ്കാനയിലെ കോൺഗ്രസ്‌ സർക്കാർ വാഗ്‌ദാനങ്ങൾ ഒന്നുംപാലിച്ചില്ലെന്നും ഒരുവിഭാഗത്തിനും ഒന്നുംകൊടുത്തില്ലെന്ന്‌ പറയാൻ സീറോയുടെ മലയാളം വാക്ക്‌ ചോദിച്ചശേഷം മഹിളാ പൂജ്യം, യൂത്ത്‌ പൂജ്യം, സ്‌റ്റുഡന്റ്‌സ്‌ പൂജ്യം എന്നു പറഞ്ഞതും ചിരിപടർത്തി. കാത്തുനിന്ന ഒരാളെപോലും നിരാശപ്പെടുത്താതെ എല്ലാവർക്കുമൊപ്പം സെൽഫിയെടുത്തായിരുന്നു മടക്കം. തിരുന്നാവയിൽ നടന്ന യോഗത്തിൽ സി പി റഷീദ്‌ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ, എൽഡിഎഫ്‌ നേതാക്കളായ പി ഹംസക്കുട്ടി, ഗഫൂർ പി ലില്ലിസ്‌, ടി ഷാജി, യു സൈനുദ്ധീൻ, എം ഇ വൃന്ദ, പി പുഷ്‌പലത എന്നിവർ സംസാരിച്ചു. സി കെ ഷൈജു സ്വാഗതം പറഞ്ഞു. താനൂർ മണ്ഡലത്തിലെ താനാളൂരിലും പ്രവർത്തകരെ കൈയിലെടുത്തായിരുന്നു ബൃന്ദ കാരാട്ടിന്റെ പ്രസംഗം. വനിതാ റിലിക്കുശേഷം സംഘടിപ്പിച്ച പൊതുയോഗത്തില്‍ മഹിളാ അസോസിയേഷൻ താനൂര്‍ ഏരിയാ പ്രസിഡന്റ് കെ വി സിനി അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയൻ, മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി കെ പി രാധ, നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രേമ, ഒ നഫീസ, കെ എം മല്ലിക, ഇ സീനത്ത്, ഇ സുജ, സുൽഫത്ത് എന്നിവർ സംസാരിച്ചു. മങ്കട മണ്ഡലത്തിലെ പടിഞ്ഞാറ്റുമുറിയിൽ നടന്ന പൊതുയോഗത്തിൽ സിപിഐ എം മങ്കട ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ അധ്യക്ഷനായി. എൽഡിഎഫ് സ്ഥാനാർഥി കുന്നത്ത് മുഹമ്മദ്, എൽഡിഎഫ് നേതാക്കളായ എം പി അലവി, കെ പി രാമനാഥൻ, പി പി സുഹറാബി, പി പി മുഹമ്മദ്, എം സുരേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home