കാടറിഞ്ഞ്, നാടറിഞ്ഞ് വികസനവെളിച്ചം

വി കെ ഷാനവാസ്
Published on Sep 14, 2025, 12:59 AM | 2 min read
എടക്കര
ജില്ലയില്‍ ആദിവാസി ജനവിഭാഗം കൂടുതലായി കാടിനുള്ളില്‍ കഴിയുന്ന പഞ്ചായത്തുകളിലൊന്നാണ് പോത്തുകല്ല്. 24 നഗറുകളിലായി 1094 ആദിവാസികളാണ് പഞ്ചായത്തിലുള്ളത്. ഇവരെ ചേർത്തുപിടിച്ചാണ് എല്‍ഡിഎഫ് ഭരണസമിതി നാലരവർഷം പിന്നിടുന്നത്. നിരവധി പദ്ധതികളാണ് ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് നടപ്പാക്കിയത്. ആവശ്യമായ ഇടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ നേടിയെടുക്കാനും ഭരണസമിതിക്ക് കഴിഞ്ഞു. ആദിവാസികൾക്ക് എല്ലാ രേഖകളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ മാതൃകാപദ്ധതി "എബിസിഡി' നടപ്പാക്കി. മുണ്ടേരി നാരങ്ങാപൊയിൽ ആദിവാസി നഗർ കുടുംബങ്ങളുടെ പുനരധിവാസത്തിന് ഭൂമി കണ്ടെത്താൻ നടപടി ആരംഭിച്ചു. അതിദരിദ്ര പട്ടികയിലുള്ള മുണ്ടേരി വനത്തിലെ കുമ്പളപ്പാറ ആദിവാസി നഗറിലെ 15 കുടുംബങ്ങള്‍ക്ക് ലൈഫ് വീടുകളുടെ നിർമാണം തുടങ്ങി. മുണ്ടേരിവനത്തിൽ വാണിയമ്പുഴ നഗറില്‍ ആദിവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്കായി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതിയ അങ്കണവാടി കെട്ടിടം നിര്‍മിച്ചു. ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ ആദിവാസി നഗറിൽ ഉൾവനത്തിലൂടെ കേബിൾ സ്ഥാപിച്ച് 1.84 കോടി രൂപ ചെലവിൽ വൈദ്യുതി എത്തിച്ചു. പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിന് ഒരുകോടി രൂപ അനുവദിച്ചു. വനത്തിനുള്ളിൽ വാണിയമ്പുഴ, ചെമ്പ്ര ആദിവാസി നഗറിൽ കോൺക്രീറ്റ് റോഡ് നിർമിച്ചു. വാണിയമ്പുഴ നഗറിൽ ആദിവാസികൾക്ക് ഭൂമി നൽകാൻ നടപടി ആരംഭിച്ചു. ആദിവാസി കുടുംബങ്ങളെ ചേർത്തുപിടിച്ച ഗോത്രോത്സവവും വിജയമാക്കി.
സര്‍ക്കാരുമായി കൈകോര്‍ത്ത്
സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് പഞ്ചായത്ത് ഭരണസമിതി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കിയത്. ചാലിയാര്‍ പുഴയ്ക്ക് കുറുകെ ഇരുട്ടുകുത്തിയിൽ സംസ്ഥാന പൈലറ്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മാണം ആരംഭിച്ചു. ആദിവാസി കുടുംബങ്ങൾക്ക് പ്രയോജനകരമാകുന്ന പാലം 5.76 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. പ്രളയത്തിൽ തകർന്ന ശാന്തിഗ്രാമിലും പുതിയ പാലം നിര്‍മിക്കുന്നതിന് 12 കോടി രൂപ അനുവദിച്ചു. മലയോര ഹൈവേയിൽ കുനിപ്പാലയിലെ തകർന്ന പാലം പുനര്‍നിർമിച്ചു. 45 കോടി രൂപ ചെലവഴിച്ച് ചാത്തമുണ്ടമുതൽ മുണ്ടേരി ഫാം ഗേറ്റുവരെ മലയോര ഹൈവേ പൂർത്തിയാക്കി. മുണ്ടേരി ചളിക്കൽ ആദിവാസി നഗറിലെ 34 കുടുംബത്തിന് ചെമ്പങ്കൊല്ലി മലച്ചിയിൽ അഞ്ചേക്കർ ഭൂമി വാങ്ങി വീടുവച്ച് നല്‍കി. മുണ്ടേരി ഹൈസ്കൂളിന് 1.85 കോടി രൂപ അനുവദിച്ചു. വനാതിർത്തിയിൽ കാട്ടാനശല്യം തടയാൻ സൗരോർജവേലി സ്ഥാപിച്ചു. പ്രളയത്തില്‍ നശിച്ച മുണ്ടേരി സംസ്ഥാന വിത്തുകൃഷി തോട്ടത്തില്‍ ഏഴ് കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. ഒമ്പതുവർഷത്തിനിടെ പഞ്ചായത്തില്‍ 3.90 കോടി രൂപയുടെ ഗ്രാമീണ റോഡ്, കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി. മുറംതൂക്കിയിൽ 1.3 കോടി രൂപയുടെ വിസിബി കം ബ്രിഡ്‌ജ് നിർമിച്ചു. വികസന നേട്ടങ്ങൾ • 543 കുടുംബങ്ങള്‍ക്ക് ലൈഫ് വീടുകൾ നൽകി. പിഎംഎവൈ പദ്ധതിയിൽ 143 വീട് നിർമിച്ചു • 52 ലക്ഷം രൂപ ചെലവില്‍ 39 കിലോമീറ്റർ സ്ട്രീറ്റ് ലൈൻ വലിച്ചു. ആറുലക്ഷം രൂപ ചെലവഴിച്ച് 360 ലൈറ്റുകളും ഇവയുടെ കൺട്രോൾ യൂണിറ്റും സ്ഥാപിച്ചു • ഉപ്പട ജനകീയാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിച്ചു • മാലിന്യസംസ്കരണത്തിൽ മാതൃക സൃഷ്ടിച്ചു • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നാല് മാതൃകാ അങ്കണവാടികൾ നിർമിച്ചു
തൊഴിലുറപ്പിലും മുന്നില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ കൂടുതൽ തുക ചെലവഴിച്ചത് പോത്തുകല്ല് പഞ്ചായത്താണ്. 2023–24ൽ എട്ട് കോടി രൂപയും 2024–25ൽ ഒമ്പത് കോടി രൂപയും ചെലവാക്കി. ഭരണ– പ്രതിപക്ഷ വ്യത്യാസമില്ലാതെ ഓരോ വാർഡിനെയും ചേർത്തുപിടിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രളയ പുനരധിവാസത്തിന് മികച്ച പിന്തുണ നൽകി. 4242 ഗുണഭോക്താക്കൾക്ക് 67 ലക്ഷം രൂപ പ്രതിമാസം ക്ഷേമ പെൻഷനും നൽകുന്നു. തോക്ക് ലൈസൻസുള്ള അംഗീകൃത ഷൂട്ടറെ ഉപയോഗിച്ച് കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനും നടപടി സ്വീകരിച്ചു.
–വിദ്യാ രാജൻ
പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ്
കനത്ത മഴയിൽ പുഴ നിറഞ്ഞൊഴുകും. പിന്നെ പുറംലോകമില്ല. ഞങ്ങൾ ഒറ്റയ്ക്കാകും. അങ്ങനെ കാടിനുള്ളിൽ ഒറ്റപ്പെടുന്ന ഞങ്ങൾക്ക് പാലം തന്നത് പഞ്ചായത്തും സർക്കാരുമാണ്. അത് ഞങ്ങൾ മറക്കൂല.
-–ചാത്തൻ
കുമ്പളപ്പാറ ആദിവാസി നഗർ








0 comments