ad
Deshabhimani

ഓർമയിൽ സമൃദ്ധിയുടെ വിഷുപ്പാടം

a

തിരൂരിൽ മുമ്പ്‌ വിഷുവാണിഭം നടന്നിരുന്ന വയൽ

avatar
വിനോദ്​ തലപ്പള്ളി

Published on Apr 15, 2026, 12:15 AM | 1 min read


തിരൂർ

വിഷുവെത്തിയതോടെ തിരൂർ വിഷുപ്പാടത്ത്‌ വീണ്ടും ഓർമകൾ ചേക്കേറുന്നു. തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനുസമീപത്തെ വയലിൽ നൂറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന ഈ വാണിഭം വെട്ടത്തുരാജാവിന്റെ കാലത്താണ്‌ ആരംഭിച്ചത്. വിഷുത്തലേന്ന് ആരംഭിക്കുന്ന വാണിഭത്തിന് നിരവധി വ്യാപാരികളും മറ്റും എത്തിയിരുന്നു. 40 വർഷംമുന്പുവരെ വിഷുവിന്റെ പ്രതീകവും കർഷകരുടെയും വ്യാപാരികളുടെയും പ്രതീക്ഷയുമായിരുന്ന പാടം ഇന്ന് കെട്ടിടങ്ങൾക്ക് വഴിമാറി.​ ഒരു ഉൽപ്പന്നം കൊടുത്ത്‌ മറ്റൊന്നു വാങ്ങുന്ന രീതിയായിരുന്നു തുടക്കത്തിൽ. രാജകാലത്തിനുശേഷവും വിഷുപ്പാടം നിലനിന്നുപോന്നു. പച്ചക്കറികൾ, മത്സ്യം, കുട്ട, പെരുമ്പായ (വലിയ പായകൾ), ചട്ടികൾ, പാത്രങ്ങൾ, നായ്ക്കൾ അങ്ങനെ എല്ലാം വിൽപ്പനയ്‌ക്ക്‌ എത്തി. വിളവെടുപ്പിനുശേഷം അയല്‍ജില്ലകളിൽനിന്നുള്ള കർഷകർ ഇവിടെയെത്തി വിള വിറ്റിരുന്നു. വലിയ പായകളുമായി ചാവക്കാട് ഭാഗത്തുനിന്നാണ് ആളുകൾ എത്തിയിരുന്നത്. ഇവ ചുരുട്ടിവച്ചിരിക്കുന്ന ഭാഗത്തെ പെരുമ്പായക്കണ്ടം എന്നാണ് വിളിച്ചിരുന്നത്. കോഴിക്കോട് ഭാഗത്തുനിന്ന്‌ മൺകലങ്ങളും ചട്ടികളുമായി വ്യാപാരികളും എത്തും. നായക്കണ്ടം എന്നൊരു ഭാഗവുമുണ്ടായിരുന്നു. ഇവിടെ ശ്വാനപ്രദർശനവും വിൽപ്പനയുമാണ് നടന്നിരുന്നത്. വിഷുക്കണി ഒരുക്കാനുള്ള എല്ലാ ഉൽപ്പന്നങ്ങളും ഇവിടെ കിട്ടുമായിരുന്നു.​ കാലത്തിന്റെ മാറ്റത്തിൽ അങ്ങാടികൾ വളർന്നതോടെ വിഷുപ്പാടം ഓർമയായി. പിന്നീട് തിരൂർ നഗരസഭ എൽഡിഎഫ് ഭരണസമിതി ഇവ പുനഃസൃഷ്‌ടിച്ചുവെങ്കിലും ഇതും നിലച്ചു. എല്ലാ വിഷുക്കാലത്തും വിഷുപ്പാടത്തെ കുറിച്ചറിയാൻ അന്യദേശങ്ങളിൽനിന്ന്‌ ആൾക്കാർ എത്താറുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home