ad
Deshabhimani

യുവത്വത്തിനൊപ്പം ചേരാൻ 
ഏറനാട്‌

a

ഉ​ഗ്രപുരത്തെ സ്വീകരണ കേന്ദ്രത്തിൽ വിദ്യാർഥികളായ നൗറിലും നൗഷിലും സ്ഥാനാർഥിയോട് സംവദിക്കുന്നു

avatar
ടി വി സുരേഷ്

Published on Apr 03, 2026, 12:15 AM | 2 min read

അരീക്കോട്

ചാലിയാർ പുഴയുടെ തലോടലേറ്റുകിടക്കുന്ന താഴത്തങ്ങാടി, ആറുപതിറ്റാണ്ടായി ഇടതുപക്ഷ കോട്ടയാണ് ഇവിടം. എതിരാളികൾപോലും ആദരവോടെ ‘ഏറനാടിന്റെ മോസ്‌കോ' എന്ന് വിളിക്കുന്ന മണ്ണിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ഷഫീർ കിഴിശ്ശേരിക്ക് നൽകിയ സ്വീകരണം ജനതയുടെയാകെ വികാരമായി മാറി. അങ്ങാടിയുടെ മധ്യത്തിൽ തണൽവിരിച്ചുനിൽക്കുന്ന ഉങ്ങുമരച്ചുവട്ടിലായിരുന്നു സ്വീകരണം. ഒമ്പതോടെ മരച്ചുവട്ടിലേക്ക് പ്രവർത്തകർ ഒഴുകിയെത്തി. തുറന്ന വാഹനത്തിൽ പുഞ്ചിരിയോടെ വന്നിറങ്ങിയ ഷഫീർ കിഴിശ്ശേരിയെ നാട്ടുകാർ ഹർഷാരവങ്ങളോടെ എതിരേറ്റു. ദേശീയ ചാമ്പ്യൻ വിളക്കത്തിൽ കുഞ്ഞി സ്ഥാനാർഥിയെ കണ്ടപാടെ ആലിംഗനംചെയ്തു. ‘ജയിച്ചു വരണം മോനേ, നീ ഈ നാടിന്റെ അഭിമാനമാകണം’ കുഞ്ഞിയുടെ വാക്കുകൾ നാട്ടുകാരും ഏറ്റെടുത്തു. വിദ്യാർഥികളായ മുഹമ്മദ് റിസ് വാനും ജുവാനും വികസന കാഴ്‌ചപ്പാടുകൾ പങ്കുവച്ചു. ചരിത്രവും രാഷ്ട്രീയവും ഫുട്ബോൾ ആവേശവും ഇഴചേർന്നുകിടക്കുന്ന ഏറനാടിന്റെ ചിരകാല സ്വപ്നമായ അരീക്കോട്‌ സ്റ്റേഡിയം നശിപ്പിച്ചത് ഈ നാടിന്റെ കായിക സംസ്കാരത്തോടുള്ള വെല്ലുവിളിയാണ്. താരങ്ങൾക്ക് ശാസ്ത്രീയമായ പരിശീലനം ലഭിക്കാൻ മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിവരുന്ന ഗതികേട് മാറ്റിയെഴുതണമെന്ന്‌ അഡ്വ. ഷഫീർ കിഴിശ്ശേരി പറഞ്ഞു. താലൂക്ക് ആശുപത്രി വികസനത്തിന് എൽഡിഎഫ് സർക്കാർ 29 കോടി രൂപ അനുവദിച്ചിട്ടും രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ വികസനം തടയുന്ന എംഎൽഎയുടെ നിലപാടിനെ പഞ്ചായത്ത്‌ അംഗം മാടത്തിങ്ങൽ ബാബു രൂക്ഷമായി വിമർശിച്ചു. മുടങ്ങാതെ പെൻഷൻ വീട്ടിലെത്തിച്ചുതരുന്ന സർക്കാരിന്റെ പ്രവർത്തനത്തെ വിളത്തൊടി അബ്ദുൽ റസാഖും നടുത്തൊടി മുഹമ്മദലിയും അഭിനന്ദിച്ചു. സ്ഥാനാർഥി മടങ്ങുമ്പോൾ, ഉങ്ങുമരച്ചുവട്ടിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ 'മോസ്കോ'യുടെ ചുവന്ന മണ്ണിൽ പുതിയൊരു വിജയഗാഥയ്ക്കുള്ള തുടക്കമായി. ​ഉഗ്രപുരത്തെ സ്വീകരണ കേന്ദ്രത്തിൽ സ്ഥാനാർഥിയെ കാത്തുനിന്നവരിൽ ഏറെയും വിദ്യാർഥികളായിരുന്നു. അരീക്കോട് ജിഎച്ച്എസ്എസ്സിലെ നൗഷിനും യജത്തും ഹരിനന്ദനുമെല്ലാം ഓടിയെത്തി സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുത്തു. അരീക്കോട് ഐടിഐ പരിസരത്തെ പടുകൂറ്റൻ ഇലക്ട്രിക് ടവറുകളിലേക്ക് ചൂണ്ടിക്കാട്ടി ഷഫീർ പറഞ്ഞു. ആ കാണുന്ന ടവറുകൾ വെറുമൊരു ഇരുമ്പ് നിർമ്മിതിയല്ല. അത് കേരളത്തിന്റെ വെളിച്ചമാണ്. പവർകട്ടില്ലാത്ത കേരളമെന്ന വലിയ നേട്ടം കൈവരിക്കാൻ തമിഴ്നാട് വഴി മാടക്കത്തറയിൽ നിന്നും അരീക്കോട്ടേക്ക് എത്തിച്ച പവർലൈൻ പദ്ധതി നമുക്ക് കരുത്തായി.പെരുമ്പറമ്പിലും ഉജ്വല സ്വീകരണം, കർഷകൻ ബിച്ചാലി സ്ഥാനാർഥിയുടെ കൈപിടിച്ച് പറഞ്ഞു. ഇതുപോലൊരു ക്ഷേമ സർക്കാർ മുമ്പുണ്ടായിട്ടില്ല. കർഷക പെൻഷനും ആനുകൂല്യങ്ങളും മുടങ്ങാതെ ഞങ്ങളുടെ കൈകളിൽ എത്തുന്നുണ്ട്. രാഷ്ട്രീയ ജീവിതം ആരംഭിച്ച കുഴിമണ്ണയിൽ പര്യടനം എത്തിയപ്പോൾ പഴയ സഹപാഠികളും കളിക്കൂട്ടുകാരും ഷഫീറിനെ പൊതിഞ്ഞു. നീരുറ്റിക്കൽ, മേൽമുറി, പുളിയക്കോട് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം സന്ധ്യയോടെ കടുങ്ങല്ലൂരിൽ സമാപിക്കുമ്പോൾ ഏറനാടിന്റെ മണ്ണിൽ ഒരു മാറ്റത്തിന്റെ കാറ്റുവീശുന്നുണ്ടെന്ന് ആവേശക്കടലായ ജനക്കൂട്ടം വിളിച്ചുപറഞ്ഞു. സിപിഐ എം ഏരിയാ സെക്രട്ടറി എൻ കെ ഷൗക്കത്തലി, കെ ജിനേഷ്, എം ടി മുസ്തഫ, പി പി ജാഫർ, കെ സാദിൽ, ​ഗോകുലം ബാബു, പി പി നിസാർ, നജിമുദീൻ പറശ്ശേരി, ഇർഷാദ് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളി‍ൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home