ad
Deshabhimani

ഇ എൻ എന്ന സ്‌നേഹാക്ഷരം

a
avatar
സി പ്രജോഷ്‌ കുമാർ

Published on Mar 12, 2026, 01:55 AM | 2 min read

മലപ്പുറം

കർമനിരത കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്റെ അടയാളമായിരുന്നു ഇ എൻ എന്ന രണ്ടക്ഷരം. രാഷ്‌ട്രീയത്തിലെ സ‍ൗമ്യസാന്നിധ്യം. അധ്യാപകനായി തിളങ്ങിയ അദ്ദേഹം പാർടി സഖാക്കൾക്കും മാഷായിരുന്നു. ജീവിതാനുഭവങ്ങളിലൂടെ ആർജിച്ച അറിവുകൾ നാടിനും പ്രസ്ഥാനത്തിനും കരുത്താക്കി മാറ്റി. കൈവച്ച മേഖലകളിലെല്ലാം നേതൃപാടവവും സംഘാടകശേഷിയും നാടറിഞ്ഞു. ഇ കെ ഇന്പിച്ചിബാവ, കെ സെയ്‌താലിക്കുട്ടി, കെ ഉമ്മർ മാസ്‌റ്റർ, പാലോളി മുഹമ്മദ്‌കുട്ടി ഉൾപ്പെടെ സമാരാധ്യരായ കമ്യൂണിസ്‌റ്റ്‌ നേതാക്കൾ പരുവപ്പെടുത്തിയ മലപ്പുറത്തിന്റെ വിപ്ലവ ഭൂമികയെ ഏറെക്കാലം നയിക്കാനുള്ള ചുമതല ഇ എന്നിനായിരുന്നു. രണ്ടുതവണ സിപിഐ എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി. സ്‌നേഹഭരിതമായ വാത്സല്യം പുലർത്തുമ്പോഴും തെറ്റുകൾക്കുമുന്നിൽ കർക്കശ നിലപാടെടുത്തു. രാഷ്‌ട്രീയ എതിരാളികൾക്കുപോലും സർവസമ്മതൻ. രാഷ്‌ട്രീയത്തിനതീതമായ സ‍ൗഹൃദവലയങ്ങൾ നെയ്‌തു. കെഎസ്‌വൈഎഫിലൂടെയായിരുന്നു പൊതുരംഗത്തേക്കുള്ള പ്രവേശനം. അടിയന്തരാവസ്ഥാ കാലത്ത്‌ സംഘടനയെ നയിച്ചു. ഒളിവിലായിരുന്ന ജില്ലയിലെ മുതിർന്ന നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടിക്ക്‌ വിവരങ്ങൾ കൈമാറുന്ന ചുമതലയും ഇ എന്നിനെയാണ്‌ പാർടി ഏൽപ്പിച്ചത്‌. ​ അറിയപ്പെടുന്ന സഹകാരിയായ ഇ എൻ, കോഡൂർ സഹകരണ ബാങ്കിനെ ജില്ലയിലെ മികച്ച ബാങ്കായി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. സഹകരണ സ്ഥാപനമായ റെയ്‌ഡ്‌കോയുടെ വൈസ്‌ ചെയർമാനായി. 2010ൽ ദേശാഭിമാനി മലപ്പുറത്ത്‌ പുതിയ യൂണിറ്റ്‌ തുടങ്ങിയപ്പോൾ അതിനെ നയിക്കാനുള്ള ചുമതല പാർടി ഏൽപ്പിച്ചു. ഭാരിച്ച സംഘടനാ ഉത്തരവാദിത്വങ്ങൾക്കിടയിലും ദേശാഭിമാനിയെ നെഞ്ചോടുചേർത്തു. അതിന്റെ ഉയർച്ചകളിൽ കൈയൊപ്പുചാർത്തി. ഇ എം എസ്‌ പഠന ഗവേഷണ കേന്ദ്രത്തിന്റെ സെക്രട്ടറിയായ ഇ എൻ, ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന്റെ മുഖ്യസംഘാടകനായി. വീട്ടിൽ സ്വന്തമായി ലൈബ്രറിയുള്ള ഇ എൻ രാഷ്‌ട്രീയ വിദ്യാഭ്യാസത്തെ എപ്പോഴും രാകിമിനുക്കി. കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ കൃതികൾക്കൊപ്പം ചിന്ത ആഴ്‌ചപ്പതിപ്പിന്റെ തുടക്കംമുതലുള്ള പതിപ്പും ദേശാഭിമാനി പ്രത്യേക പതിപ്പുകളും ബൈൻഡ്‌ചെയ്‌ത്‌ സൂക്ഷിച്ചു. ധിഷണാശാലിയായിരിക്കുക എന്നത്‌ കമ്യൂണിസ്‌റ്റ്‌ സംഘാടകന്‌ അനിവാര്യമായ മൂലധനമാണെന്ന്‌ അദ്ദേഹം വിശ്വസിച്ചു. നോവലും ചെറുകഥയും ഉൾപ്പെടെ സമകാലിക സാഹിത്യത്തിനൊപ്പം സദാ സഞ്ചരിച്ചു. എഴുത്തുകാരുമായി ആത്മബന്ധം പുലർത്തി. ജില്ലാ ആസൂത്രണസമിതി അംഗം എന്ന നിലയിൽ ജില്ലയുടെ വികസനത്തിന്‌ ഉൾക്കാഴ്‌ചയുള്ള അറിവുകൾ പങ്കുവച്ചു. പ്രായത്തിനുമുന്നിൽ തോൽക്കാതെ, ചെറുപ്പം കൈവിടാത്ത ഊര്‍ജസ്വലതയോടെയാണ്‌ ഇ എൻ ജീവിതത്തെ നേരിട്ടത്‌. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച എൽഡിഎഫ്‌ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്കൊപ്പം അഞ്ചുനാൾ അക്ഷീണം സഞ്ചരിച്ച്‌, ഫെബ്രുവരി 14ന്‌ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിരവധി വേദികൾ പങ്കിട്ട്‌ അവസാന നിമിഷംവരെ കർമനിരതനായി. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, മുതിർന്ന നേതാവ്‌ പലോളി മുഹമ്മദ്‌കുട്ടി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, എളമരം കരീം, കെ എസ്‌ സലീഖ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌, പി കെ ബിജു, മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്‌, ആർ ബിന്ദു, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കേരള മുസ്ലിം ജമാഅത്ത്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home