ad
Deshabhimani

 സ‍ൗജന്യ റേഷൻ സംവിധാനം പൊളിച്ചു

മത്സ്യത്തൊഴിലാളികളുടെ 
വയറ്റത്തടിച്ച്‌ യുഡിഎഫ്‌ സർക്കാർ

a
വെബ് ഡെസ്ക്

Published on Jun 30, 2026, 12:03 AM | 1 min read

മലപ്പുറം

ട്രോളിങ്‌ നിരോധ കാലത്തും മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിച്ച്‌ യുഡിഎഫ്‌ സർക്കാർ. മത്സ്യത്തൊഴിലാളികൾ പൊതുവെ പഞ്ഞമാസമെന്ന്‌ കരുതുന്ന ട്രോളിങ്‌ നിരോധ കാലയളവിൽ ലഭിച്ചിരുന്ന ബിപിഎൽ കാർഡ്‌ പ്രകാരമുള്ള സ‍ൗജന്യ റേഷൻ സംവിധാനം യഥാസമയം വിതരണംചെയ്യാതെയാണ്‌ സർക്കാരും ഫിഷറീസ്‌ വകുപ്പും തൊഴിലാളികളെ കൂടുതൽ വറുതിയിലേക്ക്‌ തള്ളിവിടുന്നത്‌. ഫിഷറീസ്‌ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫിഷറീസ്‌ ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ സിസ്‌റ്റത്തിൽ രജിസ്‌റ്റർചെയ്‌തവരിൽ അർഹരായ ബോട്ട്‌ തൊഴിലാളികളെ കണ്ടെത്തിയാണ്‌ മുൻകാലങ്ങളിൽ സ‍ൗജന്യ റേഷൻ അനുവദിച്ചിരുന്നത്‌. അർഹരായവരുടെ പട്ടികയും ആവശ്യമായ തുകയും ഫിഷറീസ്‌ അധികൃതർ ജില്ലാ സപ്ലൈ ഓഫീസർക്ക്‌ കൈമാറുന്നതോടെ ട്രോളിങ് നിരോധ കാലയളവിലെ 45 ദിവസത്തേക്കുള്ള സ‍ൗജന്യ റേഷൻ വിഹിതം അതത്‌ റേഷൻ കടകളിലൂടെ കൈപ്പറ്റാൻ കഴിയുമായിരുന്നു. എന്നാൽ യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതോടെ ഇ‍ൗ നടപടിക്രമത്തെ തകിടംമറിച്ചു. ബോട്ട്‌ തൊഴിലാളികളെന്ന്‌ തെളിയിക്കുന്ന രേഖയും നിലവിലുള്ള റേഷൻ കാർഡിന്റെ പകർപ്പും സഹിതം സ‍ൗജന്യ റേഷന്‌ ഫിഷറീസ്‌ ഓഫീസുകളിൽ അപേക്ഷ നൽകണമെന്ന ഉപാധിവച്ചത്‌ പലരെയും ദുരിതത്തിലാക്കി. അപേക്ഷ സമർപ്പിക്കാൻ പോകേണ്ട സമയവും രേഖകളുടെ പകർപ്പെടുക്കേണ്ട ചെലവുമെല്ലാം കണക്കാക്കിയതോടെ പലരും മടിച്ചു. എങ്കിലും ഇതെല്ലാം സഹിച്ച്‌ ചുരുക്കം ചില തൊഴിലാളികൾ അപേക്ഷ നൽകിയെങ്കിലും ഇവർക്കുപോലും റേഷൻ ലഭിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. ജില്ലയിൽ 32,000 തൊഴിലാളികളാണ്‌ ഫിഷറീസ്‌ ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ സിസ്‌റ്റത്തിൽ രജിസ്‌റ്റർചെയ്‌തത്‌. ഇതിൽ അയ്യായിരത്തോളം പേർ സ‍ൗജന്യ റേഷന്‌ അർഹതയുള്ള ബോട്ട്‌ തൊഴിലാളികളാണ്‌. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നം പരിഹരിക്കാൻ അർഹതപ്പെട്ട മുഴുവൻ തൊഴിലാളികൾക്കും സ‍ൗജന്യ റേഷൻ ലഭ്യമാക്കണമെന്ന്‌ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ എ റഹീം പറഞ്ഞു. 40 പേരുടെ അപേക്ഷമാത്രമാണ്‌ ലഭിച്ചതെന്നും സ‍ൗജന്യ റേഷന്‌ ജില്ലാ സപ്ലൈ ഓഫീസർക്ക്‌ കൈമാറിയെന്നുമാണ്‌ ഫിഷറീസ്‌ വകുപ്പിന്റെ വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home