മഞ്ചേരി മെഡിക്കൽ കോളേജ്
പ്രവർത്തിപ്പിക്കാതെ എംആർഐ യൂണിറ്റ്

മെഡിക്കൽ കോളേജ് ആശുപത്രിയിലെ എംആർഐ യൂണിറ്റ് പ്രവർത്തിപ്പിക്കാനായി എത്തിച്ച ട്രാൻസ്ഫോമർ മൂടിയിട്ട നിലയിൽ
മഞ്ചേരി
ഉദ്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ എംആർഐ യൂണിറ്റ് സേവനം രോഗികൾക്ക് അന്യം. കഴിഞ്ഞ ഫെബ്രുവരിയിലാണ് യൂണിറ്റ് മുൻ മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചത്. എന്നാൽ അവശേഷിക്കുന്ന ജോലികൾ തീർത്ത് യൂണിറ്റ് ഇനിയും ആശുപത്രി അധികൃതർക്കു കൈമാറിയിട്ടില്ല. എംആർഐ യൂണിറ്റ് എന്ന് പ്രവർത്തനം തുടങ്ങുമെന്ന് ഉറപ്പിച്ചു പറയാൻ ഇപ്പോഴും അധികാരികൾക്ക് കഴിയുന്നില്ല. സ്കാനിങ് യന്ത്രത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി 750 കെവിഎ ശേഷിയുള്ള പുതിയ ട്രാൻസ്ഫോർ എത്തിച്ചു. എന്നാൽ കേബിൾ വലിക്കുന്ന ജോലികൾ തീർത്ത് ട്രാൻസ്ഫോമർ കമ്മീഷൻ ചെയ്യാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. 10.10 കോടി രൂപ ചെലവിട്ടാണ് മെഡിക്കൽ കോളേജിൽ അത്യാധുനിക എംആർഐ സ്കാനിങ് യന്ത്രം എത്തിച്ചത്. റേഡിയോളജി സംവിധാനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി 2025-ൽ 1.38 കോടി രൂപ വകയിരുത്തി ആശുപത്രിയുടെ പ്രത്യേക ആവശ്യാനുസരണം രൂപകൽപ്പന ചെയ്താണ് പുതിയ ട്രാൻസ്ഫോർമർ എത്തിച്ചത്. പഴയ കെട്ടിടത്തിന് പിറകിലാണ് ഇത് സ്ഥാപിച്ചത്. അനുബന്ധ കേമ്പികൾ ജോലികൾ പൂർത്തികരിക്കാൻ സാധിക്കാതെ വന്നതോടെ എംആർഐ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങാനായില്ല. ഇത് നിർധനരായ രോഗികൾക്കുള്ള സൗജന്യ രോഗനിർണയ സൗകര്യം ഉറപ്പാക്കുന്നതിന് തടസമായി. എൽഡിഎഫ് സർക്കാർ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി അതിനൂതനമായ റേഡിയോളജി സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ ഒരുക്കിയത്. തല മുതൽ പാദംവരെയുള്ള ഏത് ശരീരഭാഗമേറ്റ പരിക്കും വെറും 20 മിനിറ്റിനുള്ളിൽ സ്കാൻ ചെയ്ത് കൃത്യമായ പരിശോധനാ ഫലം ലഭ്യമാക്കാൻ കഴിയുന്നതാണ് പുതിയ മെഷീനുകൾ.










0 comments