നഷ്ടമായത് മികച്ച സംഘാടകനെ: സിപിഐ എം

മലപ്പുറം
ജില്ലയിലെ കമ്യൂണിസ്‌റ്റ് പാർടിയുടെ കരുത്തുറ്റ സംഘാടകനും പ്രചാരകനുമായിരുന്നു ഇ എൻ മോഹൻദാസെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലയിൽ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. പുതുതലമുറയ്‌ക്ക് രാഷ്‌ട്രീയ വിദ്യാഭ്യാസം നൽകുന്നതിൽ അധ്യാപകനായി. സഹകാരി എന്ന നിലയിലും ശോഭിച്ചു. വളരെ ചെറുപ്പത്തിൽ കമ്യൂണിസ്‌റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം വിദ്യാർഥി–-യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. സിപിഐ എം ഇന്ത്യനൂർ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി. അഴിമതിക്കും നിയമന നിരോധത്തിനുമെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രക്ഷോഭത്തിനിടെ പൊലീസിന്റെ ക്രൂരമർദനത്തിനിരയായി. നിരവധി യുവജന സമരങ്ങൾക്ക് നേതൃത്വംനൽകി. കെഎസ്‌കെടിയു,- സിഐടിയു ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. രണ്ട് തവണ സിപിഐ എം ജില്ലാ സെക്രട്ടറിയായി. വലതുപക്ഷ രാഷ്‌ട്രീയത്തിന് വളക്കൂറുള്ള മണ്ണിൽ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ പ്രയോഗസാധ്യതകൾ അതിന്റെ സൂക്ഷ്‌മതയിൽ അടയാളപ്പെടുത്താൻ ഇ എന്നിനായി. രാഷ്‌ട്രീയ എതിരാളികളുടെപോലും മനസ്സുകീഴടക്കിയ പൊതുപ്രവർത്തകനായിരന്നു അദ്ദേഹം. ജില്ലാ ആസൂത്രണ സമിതിയംഗം എന്ന നിലയിൽ ജില്ലയുടെ വികസനത്തിൽ ആഴത്തിൽ ഇടപെട്ടു. ഇ എം എസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ സെക്രട്ടറിയായ ഇ എൻ ‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാറിന്റെ മുഖ്യസംഘാടകനായിരുന്നു. സെമിനാറിനെ രാജ്യാന്തര ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ജില്ലയിലെ അറിയപ്പെടുന്ന സഹകാരികൂടിയായിരുന്നു. കോഡൂർ സഹകരണ ബാങ്കിനെ ജില്ലയിലെ മികച്ച ബാങ്കാക്കുന്നതിൽ നിർണായ പങ്കുവഹിച്ചു. റെയ്‌ഡ്‌കോയുടെ വൈസ് ചെയർമാനായി. ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ പ്രഥമ മാനേജർ എന്ന നിലയിൽ പത്രത്തെ വളർത്തുന്നതിൽ അക്ഷീണം പ്രയത്‌നിച്ചു. പുരോഗമന പ്രസ്ഥാനങ്ങളെ ആശയപരമായി കരുത്തുറ്റതാക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. കലാ–സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷ പ്രവർത്തകർക്കും സംഘടനകൾക്കും മാർഗദർശിയും വഴികാട്ടിയുമായി. അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നാടിനും വലിയ നഷ്ടമാണെന്ന് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു.










0 comments