ad
Deshabhimani

അഴിമതി തുറന്നുകാട്ടി ഓഡിറ്റ്‌ റിപ്പോർട്ട്‌

s

പരന്നേക്കാട് നിർമിക്കുന്ന ആധുനിക അറവുശാല

avatar
വിനോദ്​ തലപ്പള്ളി

Published on Oct 27, 2025, 12:43 AM | 3 min read

തിരൂർ

മഴ പെയ്‌താൽ വെള്ളത്തിൽ മുങ്ങുന്ന ബസ്‌ സ്‌റ്റാൻഡും മാർക്കറ്റും. കാൻസർ രോഗികൾക്കടക്കം ഉപകരിക്കേണ്ട കോടികളുടെ ക്രമക്കേട്. വീഴ്ചകളും അഴിമതിയും തുറന്നുകാണിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് തിരൂർ നഗരസഭയുടെ കെടുകാര്യസ്ഥതയുടെ സാക്ഷ്യപത്രമാകുന്നു. ​തിരൂർ ബസ്‌ സ്‌റ്റാൻഡിലെ ശുചിമുറിയിലെ മലിനജലം ശുചീകരിക്കാൻ കോടികൾ ചെലവഴിച്ച്‌ നിർമിച്ച സ്വീവേജ് ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ തകർന്നനിലയിലാണ്‌. വ്യാപാരികളും യാത്രക്കാരും ബസ് ജീവനക്കാരും ഒരുപോലെ ദുരിതമനുഭവിക്കുന്നു. ചെറിയ മഴപെയ്താൽപോലും പ്ലാന്റ്‌ നിറഞ്ഞ് കക്കൂസ് മാലിന്യംകലർന്ന വെള്ളം റോഡിലേക്കും ബസ് സ്റ്റാൻഡിലേക്കും ഒഴുകുകയാണ്. ബസ് സ്‌റ്റാൻഡിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് രണ്ടുതവണ അടച്ചുപൂട്ടേണ്ടിവന്നു. തിരൂരിലെ മാർക്കറ്റിന്റെ അവസ്ഥയും ദയനീയമാണ്‌. ഡ്രൈയ്‌നേജ്‌ പുഴുവരിക്കുന്ന സ്ഥിതിയിലാണ്‌. പുതുതായി നിർമിച്ച ജില്ലാ ആശുപത്രി മോർച്ചറി റോഡ് ഉദ്ഘാടനത്തിനുമുമ്പേ തകർന്നു. തൃക്കണ്ടിയൂർ അമ്പല കുളങ്ങര–കെജി പടി റോഡ് കുളമായി. ചെയർപേഴ്‌സന്റെ വാർഡിലടക്കമുള്ള റോഡുകൾ തകർന്ന് തോടായി.

തകർന്ന സ്റ്റേഡിയം

നഗരസഭാ സ്റ്റേഡിയം അന്താരാഷ്ട്ര സ്റ്റേഡിയമാക്കുമെന്ന വാഗ്ദാനവുമായി രംഗത്തുവന്ന യുഡിഎഫ് ഭരണസമിതി സ്റ്റേഡിയം സ്വന്തം കരാറുകാർക്ക് ഒരു കറവപ്പശു മാത്രമായി. അധികൃതർ കൈയൊഴിഞ്ഞതോടെ കായികതാരങ്ങൾക്ക് മത്സരത്തിനും മറ്റും മറ്റ്‌ ജില്ലകളെ ആശ്രയിക്കേണ്ടി വന്നു. പുല്ലുപിടിച്ച് തകർന്ന സ്റ്റേഡിയം നവീകരിക്കാൻ മന്ത്രി വി അബ്ദുറഹിമാൻ മുൻകൈയെടുത്ത് രാജ്യാന്തര സ്റ്റേഡിയം പദ്ധതി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും നഗരസഭാ ഭരണനേതൃത്വം ഉടക്കുവച്ചു. സർക്കാർ 10 കോടി അനുവദിച്ചെങ്കിലും ഫണ്ട് ഉപയോഗിക്കാത്തതിനാൽ പണം പാഴായി. 35 ലക്ഷം രൂപ ചെലവഴിച്ച് കാൽ നടപ്പാത നിർമിച്ചെങ്കിലും പണി പൂർത്തിയാക്കിയില്ല. ലൈറ്റുകൾ തകർന്നും ഇരുമ്പ് ഗ്യാലറി തുരുമ്പുപിടിച്ചും കിടക്കുകയാണ്‌. ​

ഓഡിറ്റ്‌ റിപ്പോർട്ടിൽ രൂക്ഷ വിമർശം

വികസനത്തിനും ദുർബലവിഭാഗങ്ങളുടെ ക്ഷേമത്തിനും ഉപയോഗിക്കേണ്ട കോടിക്കണക്കിന് രൂപ തിരൂർ നഗരസഭ പാഴാക്കിയതായി 2023–-24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. പ്ലാൻ ഫണ്ടിൽ രണ്ടേമുക്കാൽ കോടി രൂപയാണ് പാഴായത്‌. ഇതിൽ 1.42 കോടി രൂപ നഷ്ടമുണ്ടായതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഫണ്ടിന്റെ ലഭ്യതക്കനുസരിച്ചുമാത്രം ക്യാരി ഫോർവേഡ് തുക ലഭിക്കുകയുള്ളൂവെന്നതിനാൽ കഴിഞ്ഞ വർഷങ്ങളിൽ തുക പൂർണമായും നഷ്ടപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. എസ്‌സി ഫണ്ടിൽമാത്രം 68. 58 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാൻസർ രോഗികൾക്കും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും ഉപയോഗിക്കേണ്ട ഹെൽത്ത് ഗ്രാന്റിനത്തിൽ ലക്ഷക്കണക്കിന് രൂപ നഷ്‌ടപ്പെടുത്തി. റിങ് കമ്പോസ്റ്റ് വിതരണത്തിൽ കൗൺസിൽ അംഗീകരിച്ച ഗുണഭോകൃത പട്ടിക ഇരട്ടിയാക്കി കാണിച്ച് കരാർ ഏജൻസിക്ക് ലക്ഷങ്ങൾ കൈമാറി. നഗരസഭ തനത് വാടക പിരിച്ചെടുക്കാത്തതിനാൽ നാലര ലക്ഷത്തോളം രൂപ നഷ്ടംവന്നു.


പൂർത്തിയാക്കാത്ത അറവുശാല

നഗരസഭയുടെ കെടുകാര്യസ്ഥതയുടെ വലിയ ഉദാഹരണമാണ്‌ പരന്നേക്കാട് നിർമിക്കുന്ന ആധുനിക അറവുശാല. നിർമാണത്തിലെ കെടുകാര്യസ്ഥതമൂലം നഗരസഭ കോടികൾ നഷ്‌ടപ്പെടുത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 2010-ൽ 53,85,000 രൂപ അടങ്കലായാണ് ആധുനിക അറവുശാല നിർമാണം ആരംഭിച്ചത്. ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ച് 2011ൽ പൂർത്തിയാക്കേണ്ട പദ്ധതിക്ക് 14 വർഷംകൊണ്ട് ചെലവ് രണ്ടര കോടി രൂപയായി ഉയർന്നു. വൈദ്യുതീകരണം അടക്കമുള്ള പ്രവൃത്തികൾ ഇനിയും ബാക്കി. ഇതിനായി മുക്കാൽ കോടി രൂപ ചെലവഴിക്കേണ്ടിവരും. ഇതോടെ അറവുശാല നിർമാണത്തിന് മുന്നേകാൽ കോടി രൂപ ചെലവുവരുമെന്നും 2022–-23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ നാടിന്റെ പ്രതിഷേധത്തിൽനിന്ന്‌ രക്ഷപ്പെടാൻ യുഡിഎഫ് പ്രവർത്തകരെ ഉപയോഗിച്ച് അറവുശാലക്കെതിരെ പ്രതിഷേധ നാടകമുയർത്തി അടച്ചുപൂട്ടുകയാണ് ഭരണസമിതി ചെയ്തത്.


h
അഭിമാനകരം അഭിമാനകരമായ അഞ്ച്‌ വർഷമാണ് കടന്നുവരുന്നത്. തകർന്നുകിടന്ന റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ്, ഇ എം എസ് പാർക്ക്, ജില്ലാ ഹോസ്‌പിറ്റൽ റോഡ്, ലൈബ്രറി, പൊതുശൗചാലയങ്ങൾ എന്നിവ മനോഹരമാക്കി സമർപ്പിച്ചു. ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. അന്നാര, നടുവിലങ്ങാടി, ഇല്ലത്തപ്പാടം എന്നിവിടങ്ങളിൽ മൂന്ന്‌ ഹെൽത്ത് ആൻഡ്‌ വെൽനെസ്‌ സെന്റർ ആരംഭിച്ചു. ചെമ്പ്ര ഹോമിയോ ഡിസ്‌പെൻസറി നവീകരിച്ചു. മതിലിങ്ങൽ ആയുർവേദ ഡിസ്‌പെൻസറിക്ക് പുതിയ കെട്ടിടം നിർമിച്ചു. ഒരു സ്‌മാർട്ട്‌ അങ്കണവാടിയടക്കം എട്ട്‌ അങ്കണവാടികൾ നിർമിച്ചു. വ്യക്തിഗത ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് നൽകി. ​–
എ പി നസീമ (തിരൂർ 
നഗരസഭാ ചെയർപേഴ്സൺ).


a
സന്പൂർണ പരാജയം ഭരണസമിതി പൂർണ പരാജയമായിരുന്നു. കാൻസർ രോഗികൾക്കും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും വികസനത്തിനുമായി നീക്കിവച്ച 20 കോടി രൂപയുടെ ക്രമക്കേട്‌ നടത്തി. ആധുനിക അറവുശാലക്കായി വാങ്ങിയ കോടിക്കണക്കിന് രൂപയുടെ യന്ത്ര ഉപകരണങ്ങൾ നശിപ്പിച്ചു. സ്റ്റേഡിയത്തിനായി സർക്കാർ നൽകിയ പണം ഉപയോഗിക്കാതെ പാഴാക്കി. കുടിവെള്ളത്തിനായി അമൃത് പദ്ധതിയിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ചില്ല. നഗരസഭയിലെ വിവിധ വാർഡുകളിലെ റോഡ് അറ്റകുറ്റപ്പണിക്കായി ഫണ്ട് വയ്‌ക്കാത്തതിനാൽ റോഡുകൾ പൂർണമായും തകർന്നു. നഗരസഭയുടെ സ്വത്ത് സ്വകാര്യവ്യക്തികൾക്ക് കൈമാറി. എൽഡിഎഫ്‌ ഉയർത്തിയ വാദങ്ങളെല്ലാം ശരിയാണെന്ന്‌ ഓഡിറ്റ്‌ റിപ്പോർട്ട്‌ വന്നപ്പോൾ തെളിഞ്ഞു. അഡ്വ. എസ് ഗിരീഷ് 
(എൽഡിഎഫ് അംഗം).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home