ഓണാഘോഷം "എഐ' നിര്‍മിതം

മലപ്പുറം
ഗൃഹാതുരത്വസ്മരണയാണ് ഓണമെങ്കിലും ആഘോഷങ്ങളിലെന്നും പുതുമയുണ്ടാവാറുണ്ട്. വസ്ത്രത്തിലും ഭക്ഷണത്തിലും കളികളിലും ഓരോ വര്‍ഷവും പുത്തന്‍രീതികള്‍ പരീക്ഷിക്കപ്പെടുന്നു. എന്നാല്‍, ഇക്കുറി ഓണം കളറാക്കുന്നത് ഒരു "അദൃശ്യശക്തി'യാണ്. അതാണ് നിര്‍മിത ബുദ്ധി (എഐ –ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്). ആഘോഷങ്ങളിലെല്ലാം "എഐ' മയം. ഓണാഘോഷത്തിന്റെ പോസ്റ്ററുകളില്‍ ഭൂരിഭാഗവും തയ്യാറാക്കിയിരിക്കുന്നത് നിര്‍മിതബുദ്ധി ടൂളുകള്‍ ഉപയോഗിച്ചാണ്. ചാറ്റ് ജിപിടി, ഗൂഗിള്‍ ജെമിനി, ഫ്രീ പിക് തുടങ്ങിയ ടൂളുകളാണ് കൂടുതലാളുകളും ഉപയോഗിക്കുന്നത്. എഴുതേണ്ട വാചകങ്ങള്‍മാത്രം നല്‍കിയാല്‍ മതി. നിമിഷനേരംകൊണ്ട് ഒരു പ്രൊഫഷണല്‍ പോസ്റ്റര്‍ തയ്യാറാക്കി തരും. വൈദഗ്ധ്യമില്ലാത്തവര്‍ക്കുപോലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എളുപ്പത്തില്‍ നിര്‍മിക്കാനാകുമെന്നതാണ് പ്രത്യേകത. ചിത്രങ്ങളും ആകര്‍ഷകമായ നിറങ്ങളും ഉള്‍പ്പെടുത്തി മലയാളത്തിലും ഇംഗ്ലീഷിലും കാര്‍ഡുകള്‍ തയ്യാറാക്കാം. ഡിസൈനര്‍മാരെയോ ഫോട്ടോഷോപ്പ് വിദഗ്ധരെയോ ഇതിനായി ആശ്രയിക്കേണ്ടതില്ല. നിരന്തരം നവീകരിക്കപ്പെടുന്ന എഐ ടൂളുകള്‍ നിരവധി സേവനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. നേരത്തെ ഇംഗ്ലീഷ് ഫോണ്ടുകള്‍മാത്രമാണുണ്ടായിരുന്നത്. നിലവില്‍ വ്യത്യസ്തമായ മലയാളം ഫോണ്ടുകളും ലഭ്യമാണ്. ഒരാള്‍ നല്‍കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രധാനപ്പെട്ട സംഭവവും അനുബന്ധ വിവരങ്ങളും ഏതെന്ന് മനസ്സിലാക്കാനുള്ള കഴിവ് നിര്‍മിതബുദ്ധിക്കുണ്ട്. അതുകൊണ്ട് പോസ്റ്ററിലെ വാചകങ്ങളുടെ വലിപ്പവും സ്ഥാനവും കൃത്യമായിരിക്കും. ഓണാഘോഷത്തിന്റെ വീഡിയോകളിലും എഐ തന്നെയാണ് താരം. മാവേലി നടന്നുവരുന്നതും ഓണസമ്മാനം നല്‍കുന്നതും സംസാരിക്കുന്നതുമെല്ലാം ഒറ്റ ക്ലിക്കില്‍ കണ്‍മുന്നില്‍ തെളിയും. സാധാരണക്കാര്‍ക്ക് നിര്‍മിതബുദ്ധി ഉപകാരപ്രദമാണെങ്കിലും ഈ മേഖലയില്‍ തൊഴിലെടുക്കുന്ന വിദഗ്ധര്‍ക്ക് തിരിച്ചടിയാണ്. ആഘോഷവേളകളില്‍ മുമ്പ് നിരവധി പോസ്റ്ററുകള്‍ ചെയ്തിരുന്നവര്‍ക്ക് നിലവില്‍ കുറച്ച് ഓര്‍ഡറുകള്‍മാത്രമാണ് ലഭിക്കുന്നത്.










0 comments