എന്നും ദേശാഭിമാനിയുടെ സ്വന്തം

ജിജോ ജോര്‍ജ്
Published on Mar 12, 2026, 01:52 AM | 1 min read
മലപ്പുറം
ദേശാഭിമാനി മലപ്പുറത്ത് പുതിയ യൂണിറ്റ് തുടങ്ങിയപ്പോൾ ആരെ മാനേജരാക്കണം എന്ന കാര്യത്തിൽ പാർടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. ഒറ്റ പേരുമാത്രം–- ഇ എൻ മോഹൻദാസ്. പാർടി അധ്യാപകനായും സഹകാരിയായും ശോഭിച്ച ഇ എന്നിന് ദേശാഭിമാനിയെ വളർത്താനാവുമെന്ന് പാർടിക്ക് ഉറപ്പുണ്ടായിരുന്നു. സംഘടനാ പാടവത്തിനൊപ്പം തന്റെ രാഷ്‌ട്രീയ തെളിച്ചവും മതനിരപേക്ഷ മൂല്യബോധവും ഇന്ധനമാക്കി അദ്ദേഹം ദേശാഭിമാനിയെ നയിച്ചു. 2010ൽ യൂണിറ്റ് തുടങ്ങിയതുമുതൽ 2016വരെ ഇ എൻ മാനേജരായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങളുണ്ടായിരുന്നെങ്കിലും ദേശാഭിമാനിയുടെ ഓരോ ചുവടുവയ്‌പ്പിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ടായിരുന്നു. ഓരോ ജീവനക്കാരനെയും മനസ്സിലാക്കി ആത്മബന്ധം പുലർത്തി. ദേശാഭിമാനി ജീവനക്കാരോട് വാത്സല്യത്തോടെ പെരുമാറുമ്പോഴും പത്രത്തിനുണ്ടാകുന്ന വീഴ്‌ചകളിൽ ശക്തമായി ഇടപെട്ട് ശാസിച്ചു. ദേശാഭിമാനിയെ പൊതുപത്രമാക്കി മാറ്റാൻ ബഹുമുഖ ഇടപെടൽ നടത്തി. സവിശേഷ രാഷ്‌ട്രീയ ഘട്ടങ്ങളിൽ ദേശാഭിമാനി ജില്ലയിൽ ഏറ്റെടുക്കേണ്ട വിഷയങ്ങൾ വാർത്താ ചുമതലക്കാരുമായി ചർച്ചചെയ്‌തു. പത്രം ഏറ്റെടുക്കേണ്ട കടമകളെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അക്ഷരമുറ്റവും മലപ്പുറം മഹോത്സവവും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളുടെ മുൻനിരയിൽനിന്നു. മാനേജർ സ്ഥാനത്തുനിന്ന് മാറിയശേഷവും ദേശാഭിമാനിയുടെ വളർച്ചയിൽ നിരന്തരം ഇടപെട്ടു. പാർടി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമൊക്കെയായി തിരക്കുകളിൽനിന്ന് തിരക്കുകളിലേക്ക് ഓടുമ്പോഴും കിട്ടുന്ന സമയങ്ങളിലെല്ലാം അദ്ദേഹം ദേശാഭിമാനി ഓഫീസിലേക്ക് കടന്നുവന്നു. ഏക്കാലവും ദേശാഭിമാനിയെ ജീവശ്വാസമായി കരുതി. പ്രചാരണത്തിൽ ദേശാഭിമാനി ജില്ലയിൽ ഒന്നാമത് എത്തണമെന്ന ആഗ്രഹം എന്നും പ്രകടിപ്പിച്ചു.









0 comments