ഫോട്ടോയെടുക്കലിൽ വലഞ്ഞ് തൊഴിലുറപ്പുതൊഴിലാളികൾ

കീഴാറ്റൂർ ഒമ്പതാം വാർഡിൽ വടക്കുംതല ഇല്ലിക്കൽ പാലിയിൽ സ്ഥാപിച്ച പദ്ധതി ഫലകത്തിനരികിൽനിന്ന് തൊഴിലാളികൾ ഫോട്ടോയെടുക്കുന്നു
ഇ ബാലകൃഷ്‌ണൻ
Published on Jun 01, 2026, 12:23 AM | 1 min read
മേലാറ്റൂർ
ഹാജർ രേഖപ്പെടുത്താനുള്ള ഫോട്ടോ എടുക്കലിൽ വലഞ്ഞ് തൊഴിലുറപ്പുതൊഴിലാളികൾ. വാർഡിൽ പണി എവിടെയാണെങ്കിലും പദ്ധതി കഴിയുവോളം ആദ്യം തുടങ്ങിയ സ്ഥലത്തുവന്നുതന്നെ ഫോട്ടോയെടുത്ത് സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നതാണ് തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നത്. ചിലപ്പോൾ ഒന്നും രണ്ടും കിലോമീറ്റർ ദൂരത്തായിരിക്കും പ്രവൃത്തി. ഇത്രയും ദൂരം സഞ്ചരിച്ച് രാവിലെയും വൈകിട്ടും എല്ലാ അംഗങ്ങളുടെയും ഫോട്ടോയെടുക്കണം. പദ്ധതി പ്രകാരമുള്ള പ്രവൃത്തി തുടങ്ങിയ സ്ഥലത്ത് സ്ഥാപിച്ച ഫലകവും ഓരോ ദിവസവുമുള്ള തൊഴിലാളികളും ഉൾപ്പെടുന്ന ഫോട്ടോ ജിയോ -ടാഗ് വഴി മാറ്റർമാർ എൻഎംഎംഎസ് ആപ്പിൽ അപ് ലോഡ് ചെയ്യണം. ഈ സ്ഥലത്ത് നെറ്റ് വർക്ക് ഇല്ലെങ്കിൽ അത് മറ്റൊരു പ്രതിസന്ധിയാണ്. ഫോട്ടോ അപ് ലോഡ് ആയില്ലെങ്കിൽ അന്നത്തെ ജോലിക്ക് കൂലി ലഭിക്കില്ല. ഒരു പദ്ധതിയിൽ ആയിരത്തിലേറെ പ്രവൃത്തികളുണ്ടാകും. തൊഴിലാളികളിൽ 60മുതൽ 70 വയസ്സിലേറെ പ്രായമുള്ളവരുണ്ട്. പലരും ശാരീരിക പ്രയാസങ്ങൾ നേരിടുന്നവരാണ്. മിക്കവരും കുടുംബത്തിന്റെ സാന്പത്തിക സാഹചര്യം കണക്കിലെടുത്താണ് ജോലിക്ക് വരുന്നത്. പ്രവൃത്തി ചെയ്യുന്നതിൽ വലിയ പ്രയാസമുണ്ടാകാറില്ല. പക്ഷെ രണ്ട് നേരത്തെ ഫോട്ടോ എടുക്കാനുള്ള നടത്തം വലിയ പ്രയാസമുണ്ടാക്കുന്നതായി തൊഴിലാളികൾ പറഞ്ഞു. ഈ പ്രയാസം കാരണം ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നവരുമുണ്ട്. 2024ലാണ് ഈ രീതി നിലവിൽവന്നത്. അന്നുമുതൽ ഈ പ്രയാസം പറയുന്നുണ്ടെങ്കിലും പരിഹാരമായില്ലെന്നും തൊഴിലാളികൾ പറഞ്ഞു. കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ കൊണ്ടുവന്ന മാറ്റം വിബി-ജി റാം ജി (വികസിത് ഭാരത് -ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമിൺ) ജൂലൈമുതൽ പ്രാബല്യത്തിൽ വരും. ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയും തൊഴിലുറപ്പുതൊഴിലാളികൾക്കുണ്ട്.











0 comments