വ്യാപക നാശനഷ്ടം
മഴയ്ക്കൊപ്പം കാറ്റുംവേണം ജാഗ്രത


സ്വന്തം ലേഖകൻ
Published on Jul 26, 2025, 12:44 AM | 2 min read
മലപ്പുറം
ജില്ലയില്‍ വെള്ളിയാഴ്ച മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. മഞ്ഞ അലര്‍ട്ട് ആയിരുന്നെങ്കിലും ഒറ്റപ്പെട്ട സമയങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായതാണ് വിവിധയിടങ്ങളിലെ ദുരിതത്തിന് കാരണം. ശനിയാഴ്ചയും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീരദേശ, മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണം. വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റില്‍ തിരുന്നാവായ, കൊടക്കല്‍, കാരത്തൂർ, അജിതപ്പടി എന്നിവിടങ്ങളിൽ മരങ്ങള്‍ കടപുഴകി വീണു. വീടുകളുടെ മേൽക്കൂരയിൽ സ്ഥാപിച്ച ഷീറ്റുകൾ കാറ്റില്‍ പറന്നുപോയി. വേങ്ങരയിൽ തിയ്യംവീട്ടിൽ ടി വി രവിയുടെ വീടിന്റെ മേൽക്കുരയിലെ ഓടുകളും കാറ്റില്‍ പാറിപ്പോയി. അങ്ങാടിപ്പുറം – വളാഞ്ചേരി റോഡിൽ നിര്‍ത്തിയിട്ട വാഹനത്തിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണു. അങ്ങാടിപ്പുറം – കോട്ടക്കൽ റോഡിൽ വൻമരം കടപുഴകി വീണു. പെരിന്തൽമണ്ണ ഹൈസ്കൂളിന് സമീപം മരം പൊട്ടിവീണു. മേലാറ്റൂരിൽ വൈദ്യുത ലൈനിനുമുകളിൽ മരംപൊട്ടി വീണു. വിവിധയിടങ്ങളില്‍ ഇടക്കിടെ വൈദ്യുത വിതരണം തടസ്സപ്പെട്ടു.
ശനിയാഴ്ചയും ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട സമയങ്ങളില്‍ ശക്തമായ കാറ്റുമുണ്ടാകും. മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണം. വൈദ്യുത പോസ്റ്റുകളിലും തൂണുകളിലും ട്രാന്‍സ്‌ഫോർമറുകളിലും മറ്റും തകരാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറ്റകുറ്റപ്പണിക്ക് നേരിട്ടിറങ്ങാതെ കെഎസ്ഇബിയെ വിവരമറിയിക്കണം. കെഎസിഇബി ജീവനക്കാരുമായി പൊതുജനങ്ങൾ സഹകരിക്കുകയും വേണം.
ശ്രദ്ധിക്കുക
● കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
● വീട്ടുവളപ്പില്‍ മരങ്ങളിലെ അപകടകരമായ ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുഇടങ്ങളിൽ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം.
● ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്‌ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യുക.
● ചുവരിലോ മറ്റോ ചാരിവച്ചിട്ടുള്ള കോണി പോലുള്ള ഉപകരണങ്ങള്‍ കയറുപയോഗിച്ച് കെട്ടിവയ്‌ക്കേണ്ടതാണ്.
● കാറ്റ് വീശിത്തുടങ്ങുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിന്റെ ടെറസിലും നിൽക്കരുത്.
● ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ മാറിത്താമസിക്കേണ്ടതാണ്.
● അതിരാവിലെ ജോലിക്ക് പോകുന്ന പത്രം, -പാൽ വിതരണക്കാർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുത ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം.
● കൃഷിയിടങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
● നിർമാണമേഖലയിലെ തൊഴിലാളികള്‍ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറിനില്‍ക്കണം.









0 comments