ഗ്രന്ഥശാലാദിനം ഇന്ന്
നാടിനെ നയിച്ച ഗ്രന്ഥാലയം

പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാല
ബഷീർ അമ്പാട്ട്
Published on Sep 14, 2025, 12:55 AM | 1 min read
കൊണ്ടോട്ടി
അറിവ് പകരുന്നതിനൊപ്പം നാടിന് കരുത്തായി മാറിയ വായനശാലയാണ് പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാല. പുതുതലമുറയ്ക്ക് അക്ഷരങ്ങളിലൂടെ വെളിച്ചമേകുമ്പോൾ പഴയ തലമുറയ്ക്ക് ആരോഗ്യപരിരക്ഷയും നാടിന്റെ കാർഷിക പാരമ്പര്യ സംരക്ഷണവും വിദ്യാർഥികൾക്ക് ആയോധനകലയുമെല്ലാം ഇൗ വായനശാലയുടെ ദൗത്യമാണ്. വാഴയൂർ പാറമ്മൽ അങ്ങാടിക്ക് സമീപം ഇരുനിലയുള്ള സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗ്രന്ഥാലയം 1984ൽ വാടകമുറിയിലാണ് തുടങ്ങുന്നത്. 1986ൽ ഗ്രന്ഥശാലാ സംഘത്തിന്റെ രജിസ്ട്രേഷൻ ലഭിച്ചു. 2020മുതൽ എ പ്ലസ് ഗ്രേഡും നിലനിർത്തുന്നു. ബാലവേദി, വനിതാവേദി, വയോജനവേദി, പാലിയേറ്റീവ് സമിതി എന്നിവ ഗ്രന്ഥാലയത്തിന്റെ കീഴിൽ സജീവമാണ്. 2007മുതൽ വീടുകളിൽ പുസ്തകങ്ങളെത്തിക്കുന്ന പദ്ധതിയും 2010മുതൽ വിദ്യാർഥികൾക്ക് കരാട്ടെ പരിശീലനവും നടക്കുന്നു. ഇതുവരെ 28 പേർ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. 2016മുതൽ പഠനത്തിൽ സമർഥരായ നാല് കുട്ടികൾക്ക് 2500 രൂപവീതം എൻഡോവ്മെന്റ് വിതരണംചെയ്യുന്നുണ്ട്. ‘വായന വസന്തം’ പരിപാടിയിലൂടെ 26 എഴുത്തുകാരുടെ പുസ്തക പ്രദർശനവും സംഗമവും നടത്തി. സമീപത്തെ ആറ് വിദ്യാലയങ്ങളിലെ വിദ്യാരംഗം സാഹിത്യവേദിയുമായി ചേർന്ന് പുസ്തകോത്സവം സംഘടിപ്പിക്കുന്നുണ്ട്. ഇതിനിടെ, ലൈബ്രറി രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. വായനശാലാ നേതൃത്വത്തിൽ സ്ഥലം പാട്ടത്തിനെടുത്ത് ജൈവകൃഷിയും ചെയ്‌തിരുന്നു. 15000ത്തിൽപ്പരം പുസ്തകങ്ങൾ ഗ്രന്ഥാലയത്തിലുണ്ട്. 500ൽ അധികം അംഗങ്ങളും. വിദേശം ഉൾപ്പെടെ 32ഓളം ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായനശാലയിൽ ലഭിക്കും. കരിയർ ഗൈഡൻസ് സെന്റർ, റഫറൻസ് ലൈബ്രറി, ഇൻഫർമേഷൻ സെന്റർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 2018ലെ പ്രളയംമുതൽ 2024ലെ വയനാട് ദുരന്തംവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,51,650 രൂപ നൽകി മാതൃകയായി. ഇൗ മികവുകൾക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. 2019ൽ സംസ്ഥാനതലത്തിൽ മികച്ച വനിതാവേദിക്കുള്ള നങ്ങേലി പുരസ്‌കാരം ലഭിച്ചു. 2022ൽ ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള പാലക്കീഴ് നാരായണൻ മാസ്റ്റർ അവാർഡും നേടി.










0 comments