കുടുംബശ്രീ കേരള ചിക്കൻ
ആറുമാസം, വിൽപ്പന 714 ടൺ

മലപ്പുറം
കേരള ചിക്കൻ ബ്രാൻഡിൽ കുടുംബശ്രീ സംരംഭങ്ങൾ മുഖേന ജില്ലയിൽ കഴിഞ്ഞ ആറുമാസത്തിൽ വിൽപ്പന നടത്തിയത് 714788.7 കിലോ കോഴിയിറച്ചി. ജനുവരിമുതൽ ജൂൺവരെയുള്ള കണക്കാണിത്. 3,61,263 കോഴികളെയാണ് ഇറച്ചിക്കായി ഉപയോഗിച്ചത്. 22,37,33,201.8 രൂപയുടെ വിൽപ്പനയാണ് നടന്നത്. ഇറച്ചിക്കോഴി വിലവർധനയ്‌ക്ക് പരിഹാരം കണ്ടെത്തുക, നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. 2023 ജൂണിലാണ് ജില്ലയിൽ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നത്. നിലവിൽ ഏഴ് ബ്ലോക്കുകളിലായി 29 ഫാമുകളും ഒമ്പത് ഔട്ട്‌ലെറ്റുകളുമാണുള്ളത്. 8000മുതൽ 10,000വരെ കോഴികളുള്ള ഫാമുകളാണ് ജില്ലയിലുള്ളത്. ഉൽപ്പാദനം ഇങ്ങനെ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ എന്നിവ സൗജന്യമായി നൽകും. പിന്നീട് വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനിതന്നെ തിരികെയെടുത്ത് കേരള ചിക്കൻ ഔട്ട്‌ലെറ്റ് വഴി വിപണനം നടത്തും. ഫാമുകളിൽനിന്ന് കോഴികളെ കിലോയ്ക്ക് 13 രൂപ നിരക്കിലാണ് കമ്പനി വാങ്ങുന്നത്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപ്പന. സംരംഭകരും ഒൗട്ട്‌ലെറ്റുകളും ജില്ലയിലെ ഒമ്പത് ഔട്ട്‌ലെറ്റുകളിലും 29 ഫാമുകളിലുമായി 38 കുടുംബശ്രീ സംരംഭകരാണുള്ളത്. എല്ലാം വ്യക്തിഗത സംരംഭങ്ങളാണ്. കോഡൂർ, പടിഞ്ഞാറ്റുംമുറി, എടപ്പാൾ, കിഴിശേരി, പരപ്പനങ്ങാടി, മക്കരപ്പറമ്പ്, കാലടി, പൂക്കോട്ടുംച്ചോല, കൊണ്ടോട്ടി, എടവണ്ണ ഒതായി എന്നിവിടങ്ങളിലാണ് ഒൗട്ട്‌ലെറ്റുകൾ.











0 comments