പുഴയിൽ ചാടിയ പെൺകുട്ടിയെ ബസ് ഡ്രൈവർ രക്ഷപ്പെടുത്തി

പുഴയിൽനിന്ന് പെൺകുട്ടിയെ രക്ഷിച്ച കെ പി അജേഷ്, കുട്ടി ചാടിയ സ്ഥലം ചൂണ്ടിക്കാണിക്കുന്നു
പറവൂർ
നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ നിരാശയിൽ പുഴയിൽ ചാടിയ വിദ്യാർഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ രക്ഷപ്പെടുത്തി. അങ്കമാലി–പറവുർ റൂട്ടിൽ സർവീസ് നടത്തുന്ന എക്‌സിക്യൂട്ടീവ് എന്ന ബസിലെ ഡ്രൈവർ കുന്നുകര ചാലാക്ക പള്ളിയാമ്പിൽ വീട്ടിൽ കെ പി അജേഷാണ് രക്ഷകനായത്. വെള്ളി പകൽ 12.30നാണ് മാഞ്ഞാലി പാലത്തിൽനിന്ന് പൊയ്ക്കാട്ടുശേരി സ്വദേശിനി പുഴയിലേക്ക് ചാടിയത്.
പാലത്തിൽ ഈസമയം കുറച്ച് ആളുകൾ ഉണ്ടായിരുന്നെങ്കിലും ഉയരമുള്ള പാലത്തിൽനിന്ന് പുഴയിലേക്ക് ചാടാൻ ആരും ധൈര്യപ്പെട്ടില്ല. ഈ സമയം പറവൂരിൽനിന്ന് അങ്കമാലിയിലേക്ക് വരികയായിരുന്ന ബസ്, ആൾക്കൂട്ടം കണ്ടാണ് നിർത്തിയത്. ബസിൽനിന്ന് ഇറങ്ങിയ അജേഷ് കണ്ടത് വെള്ളത്തിൽ മുങ്ങിത്താഴുന്ന പെൺകുട്ടിയെയാണ്.
പുഴയിലേക്ക് ചാടിയ അജേഷ്, വെള്ളംകുടിച്ച് അവശനിലയിലായ പെൺകുട്ടിയെ മുടിയിൽ പിടിച്ച് കരയ്‌ക്കെത്തിച്ചു. ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ എത്തിച്ച പെൺകുട്ടി അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.











0 comments