കടലിൽ മുങ്ങിയ വള്ളത്തിലെ 8 തൊഴിലാളികളെ രക്ഷിച്ചു

ആലപ്പുഴ
കടലിൽ മുങ്ങിയ വള്ളത്തിലെ എട്ട് തൊഴിലാളികളെ തോട്ടപ്പള്ളി ഫിഷറീസ് റെസ്‌ക്യൂ സേന രക്ഷിച്ചു. തിരുവനന്തപുരം പൊഴിയൂർ സ്വദേശി വിൻസെന്റിെന്റെ "മെസി’ വള്ളത്തിലെ തൊഴിലാളികളെയും വള്ളവുമാണ് രക്ഷിച്ചത്. വെള്ളി പുലർച്ചെ അമ്പലപ്പുഴ പടിഞ്ഞാറ് കടലിൽ 42 മീറ്റർ ആഴം വരുന്ന ഭാഗത്ത് വള്ളത്തിന്റെ ബോഡി പൊട്ടി വെള്ളം കയറുകയായിരുന്നു. തോട്ടപ്പള്ളി ഫിഷറീസ് സ്‌റ്റേഷനിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെസ്‌ക്യൂ ബോട്ട് കായംകുളം ഹാർബറിൽനിന്നെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അമ്പലപ്പുഴയിൽ അപകടത്തിൽപ്പെട്ട വള്ളം ഒഴുകി വണ്ടാനം പടിഞ്ഞാറ് ഭാഗത്ത് എത്തിയിരുന്നു. തുടർന്ന് വള്ളം കെട്ടി വലിച്ച് തോട്ടപ്പള്ളി ഹാർബറിലെത്തിച്ചു. ഫിഷറീസ് ലൈഫ് ഗാർഡുമാരായ ജയൻ, രാഹുൽ, ജോസഫ്, റെസ്‌ക്യൂ ബോട്ടിലെ സ്രാങ്ക്, ഡ്രൈവർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾ ലൈഫ് ജാക്കറ്റ് നിർബന്ധമായും വള്ളത്തിൽ കരുതിയിരിക്കണമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്ത ബോട്ടുകൾക്കെതിരെ നിയമനടപടി ഉണ്ടാകും.











0 comments