ad
Deshabhimani

മായില്ല, സമരവഴികൾ

a
avatar
ടി വി സുരേഷ്‌

Published on Sep 17, 2026, 01:07 AM | 1 min read

മഞ്ചേരി

തൊഴിലാളികളുടെ അവകാശങ്ങൾക്കായി സമരമുഖത്ത് ഉറച്ചുനിന്ന കാലം. ഭീഷണികളും പ്രതിസന്ധികളും വകവയ്ക്കാതെ തൊഴിലാളികളെ സംഘടിപ്പിച്ച നാളുകൾ. ഏറനാട്ടിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ വളർച്ചയുടെ വഴികളിൽ കെ കെ വേലു നായരുടെ പേര് തെളിഞ്ഞുനിൽക്കുന്നത് അങ്ങനെയാണ്. സിഐടിയു ജില്ലാ സമ്മേളനത്തിന് മഞ്ചേരി വേദിയാകുമ്പോൾ സംഘടന കെട്ടിപ്പടുക്കാൻ ജീവിതം സമർപ്പിച്ച വേലു നായരുടെ ഓർമകളും കരുത്താകും. ഏറനാട്ടിലെ ചെത്തുതൊഴിലാളികളെ സംഘടിപ്പിച്ചാണ് വേലു നായർ തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമാകുന്നത്. 1969-ൽ ചെത്തുതൊഴിലാളി യൂണിയന്റെ ഭാരവാഹിയായതോടെ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു. ചെത്തുതൊഴിലാളി യൂണിയന്റെയും മദ്യവ്യവസായ തൊഴിലാളി യൂണിയന്റെയും ഏറനാട് താലൂക്ക് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. നിലമ്പൂർ, മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, മലപ്പുറം മേഖലകളിൽ ചെത്തുതൊഴിലാളി യൂണിയൻ വേരുറപ്പിക്കുന്നതിലും മുൻനിരയിൽനിന്നു.

കള്ളുഷാപ്പ് കോൺട്രാക്ടർമാരുടെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ സമരം നയിച്ചപ്പോൾ തൊഴിലാളികളുടെ കൂട്ടായ്മയായിരുന്നു വേലു നായരുടെ കരുത്ത്. 1967-ൽ തൃപ്പനച്ചി പാലക്കാട് മേഖലയിൽ കർഷക തൊഴിലാളികളുടെ കൂലിവർധനയ്ക്കായി ആഴ്ചകൾ നീണ്ട സമരത്തിനും അദ്ദേഹം നേതൃത്വം നൽകി. ഏഴിൽ ഒന്ന് പറ കൂലി ആവശ്യപ്പെട്ടായിരുന്നു സമരം. പ്രമാണിമാരുടെ ഭീഷണികളും ആക്രമണങ്ങളും നേരിട്ടായിരുന്നു തൊഴിലാളികളുടെ പോരാട്ടം.

1974-ലെ കരിങ്കാളിക്കാവ് ക്ഷേത്രപ്രവേശന സമരമാണ് വേലു നായരുടെ ജനകീയ ഇടപെടൽ. ക്ഷേത്രപ്രവേശനം വിലക്കപ്പെട്ടിരുന്ന പട്ടികജാതി വിഭാഗക്കാരെ ഒരുമിപ്പിച്ച് തൃപ്പനച്ചിയിലെ പാലക്കാട് കരിങ്കാളിക്കാവ് ക്ഷേത്രത്തിലേക്ക് നടത്തിയ സമരത്തിന് നേതൃത്വം നൽകി. സമരം വിജയിച്ചതോടെ വേലു നായർ പ്രദേശത്തെ ജനകീയ നേതാവായി. പ്രാദേശികതലത്തിൽ പാർടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിലും വിവിധ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും വേലു നായർ സജീവമായിരുന്നു. കെ സെയ്താലിക്കുട്ടിക്കൊപ്പം 22 ട്രേഡ് യൂണിയനുകൾ രൂപീകരിച്ചതായി സഹപ്രവർത്തകർ ഓർക്കുന്നു.

സിപിഐ എം മഞ്ചേരി ഏരിയാ കമ്മിറ്റി അംഗം, പുൽപ്പറ്റ ലോക്കൽ സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌, മഞ്ചേരി ഏരിയാ സെക്രട്ടറി, സംസ്ഥാന കള്ള്ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം, പുൽപ്പറ്റ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്തും പാർടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തൃപ്പനച്ചി പാലക്കാട് കൈരളി ഗ്രന്ഥാലയം സ്ഥാപിക്കുന്നതിലും മുൻകൈയെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home