ad
Deshabhimani

ജനറേറ്റർ തുരുമ്പെടുത്ത് നശിക്കുന്നു

കറന്റ്‌ പോയാൽ തിരൂരങ്ങാടി ആർടി ഓഫീസ് ഇരുട്ടിൽ

a

തിരൂരങ്ങാടി സബ് ആർടി ഓഫീസിന്റെ ഉടമസ്ഥതയിലുള്ള ജനറേറ്റർ തുരുമ്പെടുത്ത് നശിക്കുന്നു

വെബ് ഡെസ്ക്

Published on Sep 25, 2026, 01:34 AM | 1 min read

തിരൂരങ്ങാടി

വൈദ്യുതി മുടങ്ങുമ്പോൾ ബദൽ സംവിധാനമായി ഉപയോഗിക്കേണ്ട തിരൂരങ്ങാടി സബ് ആർടി ഓഫീസിലെ ജനറേറ്റർ ഒന്നരവർഷമായി പ്രവർത്തനരഹിതമായി തുരുമ്പെടുത്ത് നശിക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ജനറേറ്ററാണ് അറ്റകുറ്റപ്പണിയില്ലാതെ നശിക്കുന്നത്.

ഓഫീസ് പ്രവർത്തനം ആരംഭിച്ച സമയത്ത് ഫാസ്റ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി ജനറേറ്റർ, കംപ്യൂട്ടർ, പ്രിന്റർ തുടങ്ങിയ ഉപകരണങ്ങൾ ഓഫീസിന് അനുവദിച്ചിരുന്നു. വൈദ്യുതി മുടങ്ങുമ്പോൾ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന ജനറേറ്റർ പിന്നീട് അറ്റകുറ്റപ്പണിയില്ലാതെ ഉപേക്ഷിക്കപ്പെട്ടു. അവസാനമായി ഏകദേശം 14,000 രൂപ ചെലവഴിച്ചാണ് ജനറേറ്റർ നന്നാക്കിയത്.

ജനറേറ്റർ ഉൾപ്പെടെയുള്ള ഓഫീസിലെ സാങ്കേതിക സംവിധാനങ്ങളുടെ പരിപാലന ചുമതല നേരത്തെ സി -ഡിറ്റിനായിരുന്നു. എന്നാൽ സി- ഡിറ്റിനെ ഈ ചുമതലയിൽനിന്ന് മാറ്റിയശേഷം ഉപകരണങ്ങളുടെ പരിപാലനത്തിൽ ശ്രദ്ധയുണ്ടായില്ലെന്നാണ് ആക്ഷേപം. ഇതോടെ ചെറിയ തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാമായിരുന്ന ജനറേറ്റർ ദീർഘകാലം ഉപയോഗിക്കാതെ കിടന്ന് കൂടുതൽ കേടായി. ലേണിങ് ടെസ്റ്റിന്റെ പ്രതിദിന സ്ലോട്ട് 200 ആയി ഉയർത്തിയ സാഹചര്യത്തിൽ വൈദ്യുതി മുടക്കം ഓഫീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പല ദിവസങ്ങളിലും വൈകിട്ട് ആറിനുശേഷവും ലേണിങ് ടെസ്റ്റ് പൂർത്തിയാകാത്ത സ്ഥിതിയാണ്. വൈദ്യുതി മുടങ്ങുമ്പോൾ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ഉദ്യോഗസ്ഥരും ടെസ്റ്റിനെത്തുന്ന അപേക്ഷകരും ഒരുപോലെ ദുരിതത്തിലാകുകയാണ്.

ഓഫീസിലെ ഉപകരണങ്ങളുടെ കണക്കും പരിപാലനവും സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ ശ്രദ്ധ പുലർത്താത്തതാണ് ജനറേറ്റർ പോലുള്ള വിലയേറിയ ഉപകരണംപോലും ദീർഘകാലം ഉപയോഗശൂന്യമായി കിടക്കാൻ കാരണമായതെന്നാണ് ആരോപണം. താലൂക്ക് സഭയിൽ പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം താലൂക്ക് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തുരുമ്പെടുത്ത് നശിക്കുന്ന ജനറേറ്റർ മോട്ടോർ വാഹന വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home