സമരകാലത്ത് അന്നമായെത്തിയ തൊഴിലാളിസ്നേഹം

പി ശിവശങ്കരൻ

ടി വി സുരേഷ്
Published on Sep 12, 2026, 01:12 AM | 2 min read
മഞ്ചേരി
"അന്ന് ഞങ്ങൾക്കൊപ്പം നിന്നത് തൊഴിലാളികളായിരുന്നു. അവരില്ലായിരുന്നെങ്കിൽ ആ സമരം എങ്ങനെ മുന്നോട്ടുപോയേനെന്ന് അറിയില്ല.' വർഷങ്ങൾക്കിപ്പുറവും പി ശിവശങ്കരന്റെ വാക്കുകളിൽ 1973ലെ അധ്യാപക സമര കാലത്തിന്റെ വേദനയും തൊഴിലാളിസ്നേഹവും മായാതെയുണ്ട്. അന്ന് പട്ടിണിയിലായ അധ്യാപക കുടുംബങ്ങൾക്ക് അന്നമായും സമരക്കാർക്ക് കാവലായും മാറിയത് തൊഴിലാളികളായിരുന്നു.
സിഐടിയു ജില്ലാ സമ്മേളനത്തിന് മഞ്ചേരി ഒരുങ്ങുമ്പോൾ ശിവശങ്കരന്റെ മനസ്സിൽ തൊഴിലാളിസ്നേഹത്തിന്റെ ആ പഴയ ഓർമകളും വീണ്ടും സജീവമാകുകയാണ്. മഞ്ചേരി ജിഎംയുപി സ്കൂളിലെ അധ്യാപകനായിരുന്ന വായപ്പാറപ്പടി അക്ഷരയിലെ പി ശിവശങ്കരൻ അന്ന് കെജിപിടിഎ ഉപജില്ലാ സെക്രട്ടറിയായിരുന്നു. സമരത്തിന്റെ നേതൃത്വം. മഞ്ചേരി ജിഎംയുപി സ്കൂൾ സമരത്തിന്റെ പ്രധാന കേന്ദ്രമായി. സമരം മാസങ്ങളോളം നീണ്ടതോടെ അധ്യാപക കുടുംബങ്ങളിൽ പട്ടിണി പടർന്നു. കടകളിലെ പറ്റ് നിലച്ചു. അപ്പോഴാണ് തൊഴിലാളികൾ കൈത്താങ്ങായത്. സിഐടിയുവിന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും വിവിധ ബഹുജന സംഘടനകളും ചേർന്ന് സമരസഹായ സമിതി രൂപീകരിച്ചു. സമരപ്പന്തലിലേക്കും വീടുകളിലേക്കും ഭക്ഷണമെത്തിച്ചു. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി. സമരക്കാർക്ക് കാവലിരുന്നു. എവിടെയെങ്കിലും ഭീഷണിയുണ്ടെന്നറിഞ്ഞാൽ തൊഴിലാളികൾ കൂട്ടത്തോടെ ഓടിയെത്തും. സമരത്തിന്റെ 48-ാം ദിവസം അറസ്റ്റിലായ ശിവശങ്കരൻ സമരം അവസാനിച്ച 56-ാം ദിവസമാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
1976 ഏപ്രിൽ 10ന് അടിയന്തരാവസ്ഥക്കാലത്ത് ശിവശങ്കരൻ വീണ്ടും അറസ്റ്റിലായി. രാത്രി കെജിപിടിഎ യോഗം കഴിഞ്ഞ് ഉപജില്ലാ ട്രഷറർ വി എം ബാലനൊപ്പം വാടകമുറിയിൽ വിശ്രമിക്കുമ്പോഴായിരുന്നു പൊലീസ് പിടികൂടിയത്. പൊലീസ് ജീപ്പിൽ തുടങ്ങിയ മർദനം മലപ്പുറത്തെ ഇടിമുറിയിലും തുടർന്നു. കരണത്തടിച്ചും ബൂട്ടിട്ട് ചവിട്ടിയും ലാത്തികൊണ്ട് തുടയിൽ ഉരുട്ടിയും ക്രൂരമായി മർദിച്ചു. വേദനയിൽ അലറിക്കരഞ്ഞപ്പോൾ വായിൽ തുണി തിരുകി. വെള്ളത്തിനായി കേണപേക്ഷിച്ചിട്ടും നൽകിയില്ല. ദിവസങ്ങൾ നീണ്ട മർദനത്തിനൊടുവിൽ മഞ്ചേരി സ്റ്റേഷനിലെത്തിച്ചപ്പോഴും പരാതിക്ക് നടപടിയുണ്ടായില്ല.
ഏപ്രിൽ 13ന് കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചപ്പോഴാണ് ദിവസങ്ങൾക്കുശേഷം ഭക്ഷണം ലഭിച്ചത്. ഇമ്പിച്ചിബാവ, വി വി ദക്ഷിണാമൂർത്തി, എം പി വീരേന്ദ്രകുമാർ, ഗ്രോ വാസു, സി പി മാധവൻ, സിവിക് ചന്ദ്രൻ തുടങ്ങിയവർക്കൊപ്പമായിരുന്നു ജയിൽവാസം. 11 മാസവും 11 ദിവസവും നീണ്ട ജയിൽവാസവും പൊലീസ് മർദനവും ഇന്നലെയെന്നപോലെ ശിവശങ്കരന്റെ ഓർമയിൽ തെളിഞ്ഞുനിൽക്കുന്നു. കാലം കടന്നുപോയിട്ടും മായാതെ നിൽക്കുന്നത് ആ മർദനത്തിന്റെ വേദനമാത്രമല്ല. സമരകാലത്ത് പട്ടിണിയിലായവർക്കായി തൊഴിലാളികൾ നീട്ടിയ കരുതലിന്റെ കൈയുംകൂടിയാണ്.









0 comments