ad
Deshabhimani

കുടുംബശ്രീയിൽ കൂട്ടപ്പിരിച്ചുവിടൽ

11 പേർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടു; 192 ജീവനക്കാർ ആശങ്കയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 05, 2026, 12:39 AM | 1 min read

മലപ്പുറം

യുഡിഎഫ്‌ സർക്കാരിന്റെ പിരിച്ചുവിടൽ നടപടിയിൽ പ്രതിസന്ധിയിലായി ജില്ലയിലെ 203 കുടുംബശ്രീ ജീവനക്കാർ. ഇതിൽ എട്ട്‌ വനിതകൾ ഉൾപ്പെടെ 11 പേർക്ക്‌ തൊഴിൽ നഷ്ടപ്പെട്ട സാഹചര്യമാണ്‌. തൊഴിൽ സ്ഥിരത അനിശ്‌ചിതത്വത്തിലായ മറ്റ്‌ ജീവനക്കാരിൽ 90 ശതമാനത്തിലധികം വനിതകളാണ്‌. ദേശീയ നഗര ഉപജീവന മിഷനിൽനിന്നാണ്‌ (എൻയുഎൽഎം) ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പുറത്താക്കിയത്‌. സിറ്റി മിഷൻ മാനേജർ –രണ്ട്, എംടിപി – ഒന്ന്, കമ്യൂണിറ്റി ഓർഗനൈസർ –എട്ട് എന്നിങ്ങനെയാണ്‌ തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരുടെ എണ്ണം. ഇതിൽ എട്ടുപേരും പത്തുവർഷത്തെ സേവനപരിചയമുള്ള വനിതകളാണ്‌. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബാധ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതുവരെ ശമ്പളം നൽകരുതെന്നും ജില്ലാ മിഷൻ കോ–ഓർഡിനേറ്റർമാർക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌. 111 അക്ക‍ൗണ്ടന്റുമാർ, 60 ബ്ലോക്ക്‌ കോ–ഓർഡിനേറ്റർമാർ, 11 ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിങ്ങനെയാണ്‌ മറ്റ്‌ ജീവനക്കാരുടെ കണക്ക്‌. സ്‌നേഹിത പദ്ധതിയിൽ പത്തോളം ജീവനക്കാരുമുണ്ട്‌. ഇവരുടെ കരാർ കാലാവധി സെപ്‌തംബർ 30വരെ ദീർഘിപ്പിച്ചിട്ടുണ്ട്‌. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ്‌ കുടുംബശ്രീ ബ്ലോക്ക്‌ കോ–ഓര്‍ഡിനേറ്റർ ഉൾപ്പെടെയുള്ള നിയമനം നടത്തുന്നത്‌. തുടർന്ന്‌ ഓരോ വർഷവും ജീവനക്കാർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരാർ പുതുക്കുകയോ ആവശ്യമെങ്കിൽ റാങ്ക്‌ ലിസ്റ്റിലെ മറ്റ്‌ ഉദ്യോഗാർഥിയെ പരിഗണിക്കുകയോ ആണ്‌ പതിവ്‌. എന്നാൽ ഇ‍ൗ നടപടിക്രമങ്ങൾ പാലിക്കാതെ, നിലവിലെ ജീവനക്കാർ സമർപ്പിച്ച റിപ്പോർട്ട്‌ പോലും പരിഗണിക്കാതെയാണ്‌ യുഡിഎഫ്‌ സർക്കാർ നടപടിയെടുത്തത്‌. കുടുംബശ്രീയിൽ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺസ് (സിആർപി–അനിമേറ്റർമാർ) തസ്‌തികയിലും കരാർ ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്‌. ജില്ലയിലെ ആദിവാസി മേഖലയിൽനിന്നായി 30 അനിമേറ്റർമാരാണുള്ളത്‌. ഇവരുടെ കരാർ പുതുക്കലും അനിശ്ചിതത്വത്തിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home