മസ്റ്ററിങ് പൂര്‍ത്തിയാക്കാതെ 41,598 പേര്‍
പുറത്തുള്ള ഭൂരിഭാഗവും വാര്‍ധക്യ പെന്‍ഷന്‍കാര്‍


സ്വന്തം ലേഖകൻ
Published on Oct 01, 2026, 01:14 AM | 1 min read
മലപ്പുറം
ജില്ലയില്‍ മസ്റ്ററിങ് നടത്താന്‍ ബാക്കിയുള്ളവരില്‍ കൂടുതലും വാര്‍ധക്യ പെന്‍ഷന്‍ ഗുണഭോക്താക്കള്‍. വാര്‍ധക്യ പെന്‍ഷന്‍ വാങ്ങുന്ന 3,16,655 പേരില്‍ 26,935 പേര്‍ ഇപ്പോഴും പദ്ധതിക്ക് പുറത്താണുള്ളത്. 2,89,720 പേര്‍മാത്രമാണ് (91.49 ശതമാനം) മസ്റ്ററിങ് പൂര്‍ത്തിയാക്കിയത്. ബുധന്‍ വൈകിട്ട് നാലുവരെയുള്ള കണക്കാണിത്. വീടുകളിലുള്ള പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, സാങ്കേതിക തകരാര്‍ കാരണം മസ്റ്ററിങ് നടത്താനാകാത്തത് ഗുണഭോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്.
ജില്ലയില്‍ ആകെയുള്ള 5,58,968 സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5,17,370 പേര്‍മാത്രമാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കിയത്. 92.56 ശതമാനമാണിത്. 41,598 പേര്‍ക്ക് പൂര്‍ത്തിയാക്കാനായില്ല. 1,57,621 വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 1,49,421 പേര്‍ (94.80 ശതമാനം) മസ്റ്ററിങ് പൂര്‍ത്തിയാക്കി. 8200 പേര്‍ ബാക്കിയുണ്ട്. 19,818 കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 18,457 പേര്‍ മസ്റ്ററിങ് നടത്തി. 1361 പേരാണ് പുറത്തുള്ളത്. ഭിന്നശേഷി പെന്‍ഷനില്‍ 91.85 മാത്രമാണ് മസ്റ്ററിങ് ശതമാനം. 57,861 ഗുണഭോക്താക്കളില്‍ 53,148 പേര്‍ പൂര്‍ത്തിയാക്കി. 4713 പേര്‍ ബാക്കിയുണ്ട്. 50 വയസുകഴിഞ്ഞ അവിവാഹിതരായ സ്ത്രീകളില്‍ 94.45 ശതമാനം മസ്റ്ററിങ് പൂര്‍ത്തിയായി. ആകെയുള്ള 7013 ഗുണഭോക്താക്കളില്‍ 6624 പേര്‍ മസ്റ്ററിങ് നടത്തി. 389 പേരാണ് ബാക്കിയുള്ളത്.
ജൂലൈ 17ന് ആരംഭിച്ച മസ്റ്ററിങ് സമയപരിധി ബുധനാഴ്ച അവസാനിക്കുമായിരുന്നു. എന്നാല്‍, സെര്‍വര്‍ തകരാറും സാങ്കേതിക തടസ്സങ്ങളും കാരണം അക്ഷയകേന്ദ്രങ്ങള്‍വഴി ഗുണഭോക്താക്കള്‍ക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. സംസ്ഥാനത്തൊട്ടാകെ എട്ട് ലക്ഷത്തോളം ഗുണഭോക്താക്കള്‍ മസ്റ്ററിങ് നടത്താനാകാതെ പെന്‍ഷന്‍ പദ്ധതിക്ക് പുറത്താകുന്നുവെന്ന ആശങ്ക വാര്‍ത്തയായിരുന്നു. ഇതോടെ ഒക്ടോബര്‍ 31വരെ മസ്റ്ററിങ്ങിന് സമയം നീട്ടി അനുവദിച്ചിട്ടുണ്ട്.









0 comments