ad
Deshabhimani

ഗവേഷകരെ ഒഴിവാക്കല്‍

ജനാധിപത്യവിരുദ്ധം: എസ്എഫ്ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2026, 12:15 AM | 1 min read

മലപ്പുറം

കലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്‍മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയനി (ഡിഎസ്‌യു)ല്‍നിന്ന് ഗവേഷക വിദ്യാര്‍ഥികളെ ഒഴിവാക്കാനുള്ള നീക്കം അടിസ്ഥാന പ്രാതിനിധ്യ അവകാശലംഘനവും ജനാധിപത്യവിരുദ്ധ നടപടിയുമാണെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫ് സിന്‍ഡിക്കറ്റും സംഘപരിവാര്‍ അനുകൂല നിലപാടുള്ള വൈസ് ചാന്‍സലറും ചേര്‍ന്നാണ് സര്‍വകലാശാലാ പഠനവകുപ്പുകളുടെ വിദ്യാര്‍ഥി യൂണിയനില്‍നിന്ന് ഗവേഷക വിദ്യാര്‍ഥികളെ പുറത്താക്കുന്നത്. ഗവേഷക വിദ്യാര്‍ഥികളുടെ വോട്ടവകാശം റദ്ദാക്കാനായി എംഎസ്എഫ്, കെഎസ്‌യു സംഘങ്ങള്‍ നടത്തിയ നീക്കങ്ങളുടെ തുടര്‍ച്ചയാണിത്. വിദ്യാർഥികളോടോ ഗവേഷകരോടോ യൂണിയനോടോ ചർച്ചചെയ്യാതെയാണ് എംഎസ്എഫ്, കെഎസ്‌യു സഖ്യത്തിന്റെ ആവശ്യം സിൻഡിക്കറ്റില്‍ അവതരിപ്പിച്ചത്. ഗവേഷകർക്ക് നിലവില്‍ അതത് സ്ഥാപനങ്ങളിലെ വിദ്യാർഥി യൂണിയനിലാണ് പങ്കാളിത്തമുള്ളത്. സർവകലാശാലാ പഠനവകുപ്പുകളിലായാലും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലായാലും ഹോസ്റ്റല്‍, ലൈബ്രറി, ലാബ് തുടങ്ങയ അടിസ്ഥാനസൗകര്യങ്ങള്‍ മറ്റ് വിദ്യാർഥികൾക്കൊപ്പമാണ് ഗവേഷകരും ഉപയോഗിക്കുന്നത്. വിദ്യാര്‍ഥി യൂണിയനില്‍ പ്രാതിനിധ്യമുണ്ടായാല്‍ ഗവേഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ കഴിയും. എന്നാല്‍, പുതിയ നീക്കത്തിലൂടെ സർവകലാശാലാ പഠനവകുപ്പുകളിലെയും ബന്ധപ്പെട്ട ഗവേഷണകേന്ദ്രങ്ങളിലെയും ഗവേഷകരെ ഉള്‍പ്പെടുത്തി ബദല്‍ യൂണിയനുണ്ടാക്കാനാണ് ശ്രമം. മാഗസിൻ എഡിറ്റർ ‌സ്ഥാനം ഗവേഷക യൂണിയനുകള്‍ക്ക് ഇല്ലാത്ത‍തിനാല്‍ സർഗാത്മക പ്രവർത്തനം തടസ്സപ്പെടും. സിന്‍ഡിക്കറ്റിന്റെയും വൈസ് ചാന്‍സലറുടെയും നീക്കം അപലപനീയമാണ്. സംഘപരിവാർ–യുഡിഎഫ് കൂട്ടുകെട്ടിന്റെ വിദ്യാര്‍ഥിവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home