ad
Deshabhimani

പ്രിയമേറി, 
പനങ്കുരുവിന് പൊൻവില

a
avatar
എം സനോജ്

Published on Sep 28, 2026, 12:00 AM | 1 min read

നിലമ്പൂർ

വഴിയോരങ്ങളിലും പറമ്പുകളിലും ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന പനങ്കുരുവിന് ഇന്ന് പൊൻതിളക്കമാണ്‌. ആവശ്യക്കാർ ഏറിയതോടെ വിലയും കുതിച്ചു. പച്ചപ്പനങ്കുരുവിന് കിലോയ്ക്ക് 10മുതൽ 15 രൂപവരെയും സംസ്കരിച്ച് പരിപ്പാക്കിയാൽ 40മുതൽ 60 രൂപവരെയും ലഭിക്കും.

ഗുണനിലവാരമുള്ള ഉണക്കപ്പനങ്കുരുവിന് കിലോയ്ക്ക് 80മുതൽ 90 രൂപവരെയാണ് വില. പനങ്കുലകളിൽ കായ്കൾ നിറയുന്ന കാലമായതോടെ പനങ്കുരു ശേഖരിക്കാൻ ആവശ്യക്കാർ ഗ്രാമങ്ങളിലെത്തുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പനങ്കുരുവിനുള്ള ആവശ്യം വർധിച്ചതാണ് വില ഉയരാൻ കാരണമെന്ന് മേഖലയിലുള്ളവർ പറയുന്നു. പനങ്കുരുവിന് ഭക്ഷ്യാവശ്യത്തിനപ്പുറവും വിപണിയുണ്ട്. വിവിധ തരം പശ, പെയിന്റ് എന്നിവയുടെ നിർമാണത്തിനും ഉത്തരേന്ത്യയിൽ സുഗന്ധമുറുക്ക്, പാൻമസാല തുടങ്ങിയവയുടെ നിർമാണത്തിലും പനങ്കുരു ഉപയോഗിക്കുന്നുണ്ട്.


​ഒരു പനയിൽനിന്ന് 5,000 രൂപവരെ

​പനങ്കുരു കൃത്യമായി ശേഖരിച്ച് സംസ്കരിച്ചാൽ ഒരു പനയിൽനിന്ന് 2,000മുതൽ 5,000 രൂപവരെ വരുമാനം ലഭിക്കാമെന്നാണ് മേഖലയിലുള്ളവർ പറയുന്നത്. എന്നാൽ കുരു ശേഖരിക്കാൻ പനങ്കുല വെട്ടിയെടുക്കുന്നത് എളുപ്പമല്ല. ഉയരംകൂടിയ പനയിൽ കയറാൻ വിദഗ്ധ തൊഴിലാളികൾ വേണം. പനങ്കുല വെട്ടുമ്പോഴുണ്ടാകുന്ന ശക്തമായ ചൊറിച്ചിലും തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടാണ്. നല്ല കൂലി ലഭിക്കുന്നതിനാൽ പനങ്കുല വെട്ടിയെടുക്കൽ ഉപജീവനമാക്കിയവരും ഗ്രാമങ്ങളിലുണ്ട്. കൂടുതൽ വിപണന സൗകര്യങ്ങളും ശാസ്ത്രീയ സംസ്കരണ കേന്ദ്രങ്ങളും ഒരുക്കിയാൽ പനങ്കുരു മികച്ച വരുമാനമാർഗമായി മാറുമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ.


​റബർകുരുവിനും വില

റബർതോട്ടങ്ങളിൽ വീണുകിടക്കുന്ന റബർകുരുവിനും വിപണിയുണ്ട്. കിലോയ്ക്ക് 100മുതൽ 150 രൂപവരെയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം കിലോയ്ക്ക് 200 രൂപവരെ വില ലഭിച്ചിരുന്നതായി കർഷകർ പറയുന്നു. റബർതൈകൾ ഉൽപ്പാദിപ്പിക്കുന്ന നഴ്സറികളാണ് റബർകുരുവിന്റെ പ്രധാന വിപണി. വിത്ത് മുളപ്പിച്ചാണ് റബർതൈകൾ ഉൽപ്പാദിപ്പിക്കുന്നത്. നഴ്സറികളുടെ ആവശ്യകത അനുസരിച്ചാണ് റബർകുരുവിന്റെ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നത്. സാധാരണയായി ആഗസ്റ്റ്–സെപ്തംബർ മാസങ്ങളിലാണ് കേരളത്തിൽ റബർകുരു ശേഖരണം സജീവമാകുന്നത്. മൂപ്പെത്തിയ കുരു തോട്ടങ്ങളിൽനിന്ന് പെറുക്കിയെടുത്ത് നഴ്സറികൾക്ക് കൈമാറുകയാണ് പതിവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home