"ഇന്ന്' 500–-ാം ലക്കം പ്രകാശിപ്പിച്ചു

മലപ്പുറം
കവി മണമ്പൂർ രാജൻ ബാബുവിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന "ഇന്ന്' ഇൻലൻഡ് മാസികയുടെ അഞ്ഞൂറാം ലക്കം പുറത്തിറക്കി. 44 വർഷം മുമ്പ് ആരംഭിച്ച മാസികയ്ക്ക് നിലവിൽ 11,000ലേറെ വരിക്കാരുണ്ട്. അഞ്ഞൂറാം ലക്കത്തിന്റെ പ്രകാശനവും വായനക്കാരുടെ കുടുംബ സംഗമവും മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ കരുത്തുനൽകുന്നതാണ് "ഇന്ന്' മാസികയെന്ന് അദ്ദേഹം പറഞ്ഞു. കവി പി കെ ഗോപി അധ്യക്ഷനായി. മാസികയുടെ അഞ്ഞൂറാം ലക്കം വിദ്യാർഥികളായ ജഹാൻ ജോബിക്കും നിവേദ് നിതാന്തിനും നൽകിയാണ് പ്രകാശിപ്പിച്ചത്. മണമ്പൂർ രാജൻ ബാബുവിന് സംഘാടക സമിതിയുടെ ഉപഹാരം നൽകി. ഷിബു സിഗ്നേച്ചറും ഉപഹാരം കൈമാറി.
ഇതുവരെ സൗജന്യമായി വരിക്കാരിലെത്തിയ മാഗസിന് ഇനിമുതൽ ചെറിയ വരിസംഖ്യയുണ്ടാകും. 1000 രൂപ നൽകി ആലങ്കോട് ലീലാകൃഷ്ണൻ ആജീവനാന്ത വരിക്കാരനായി. "ഇന്നോർമകൾ' സെഷന് ഡോ. എസ് സഞ്ജയ്, ഡോ. എസ് ഗോപു എന്നിവർ നേതൃത്വം നൽകി. "ഇന്ന്' മാസികയുടെ ആദ്യലക്കത്തിന്റെയും 11 വിശേഷാൽ പതിപ്പുകളുടെയും "ഇന്ന്' ബുക്സ് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങളുടെയും പ്രദർശനം നടന്നു. കെ ശ്യാമയുടെ കവിതാലാപനവും ഡോ. ടി എം രഘുറാമിന്റെ പുല്ലാങ്കുഴൽ വാദനവും അരങ്ങേറി. ജി കെ റാം മോഹൻ, അഡ്വ. വി എം സുരേഷ് കുമാർ, എ ശ്രീധരൻ എന്നിവർ സംസാരിച്ചു. അനിൽ കെ കുറുപ്പൻ സ്വാഗതവും ഹനീഫ് രാജാജി നന്ദിയും പറഞ്ഞു.









0 comments