മുസ്ലിംലീഗ് അക്രമം തിരിച്ചടിയായി
ആളൊഴിഞ്ഞ് ഉണ്യാൽ ബീച്ച്

ഉണ്യാൽ ബീച്ച്. സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരെയും കാണാം

സ്വന്തം ലേഖകൻ
Published on Sep 28, 2026, 12:06 AM | 1 min read
താനൂർ
പത്തുവർഷം കേരളത്തിൽ അധികാരത്തിലുണ്ടായിരുന്ന എൽഡിഎഫ് സർക്കാർ താനൂരിന്റെ ടൂറിസം മേഖലയിൽ വലിയ വികസനം നടപ്പാക്കിയത് ഉണ്യാൽ ബീച്ചിലായിരുന്നു. ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് ഒഴിവുവേളകളെ ഉല്ലാസഭരിതമാക്കാൻ ഉണ്യാലിൽ എത്തിയിരുന്നത്. തീർത്തും സമാധാനപരമായ അന്തരീക്ഷമായതിനാൽ കുടുംബത്തോടൊപ്പം ഒഴിവുവേളകളെ ആഹ്ലാദകരമാക്കാൻ ഉണ്യാലിൽ സഞ്ചാരികളെത്തി. എന്നാൽ മുസ്ലിംലീഗ് ക്രിമിനൽ സംഘത്തിന്റെ നേതൃത്വത്തിൽ അക്രമം അഴിച്ചുവിട്ടതോടെ ഉണ്യാൽ ബീച്ചിൽ സഞ്ചാരികളുടെ തിരക്കൊഴിഞ്ഞു. ബീച്ചിലെ ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലായി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് വിന്യാസം തുടരുന്നതിനിടെ സജീവമായിരുന്ന തീരദേശ വിനോദസഞ്ചാര കേന്ദ്രം ഇപ്പോൾ ആളൊഴിഞ്ഞ നിലയിലാണ്.
ജില്ലയിലെ തീരദേശ വിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയമായ ഇടമായി മാറിയതോടെ ബീച്ചിനുസമീപം നിരവധി ചെറുകിട കച്ചവട സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് സന്ദർശകർ കുറഞ്ഞതോടെ കച്ചവടത്തിലും വലിയ ഇടിവുണ്ടായി. ദിവസവരുമാനത്തെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വ്യാപാരികൾക്ക് കട വാടകയും വൈദ്യുതി ചാർജും ജീവനക്കാരുടെ വേതനവും വായ്പ തിരിച്ചടവുമടക്കമുള്ള ബാധ്യതകൾ തുടരുകയാണ്. വായ്പയെടുത്ത് കച്ചവടം ആരംഭിച്ചവരും പ്രതിസന്ധിയിലാണ്.
വരുമാനം ഗണ്യമായി കുറഞ്ഞതോടെ വായ്പ തിരിച്ചടവ് ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും ബീച്ച് ഇതുവരെ സജീവമായിട്ടില്ല.










0 comments