മഴക്കുറവും ഉയർന്ന ചൂടും
മലയോരത്ത് ജലസ്രോതസ്സുകൾ വറ്റുന്നു

ജലനിരപ്പ് കുറഞ്ഞ കുതിരപ്പുഴ
എം സനോജ്
Published on Sep 14, 2026, 12:08 AM | 1 min read
നിലമ്പൂർ
കർക്കടകത്തിലും ചിങ്ങത്തിലും പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതോടെ മലയോര മേഖലയിൽ ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങി. ചാലിയാർ പുഴയിലും കുതിരപ്പുഴ, കരിമ്പുഴ, പുന്നപ്പുഴ, കുറുവൻപുഴ തുടങ്ങിയ പോഷകനദികളിലും നീരൊഴുക്ക് കുറഞ്ഞു. വീടുകളിലെ കിണറുകളിലും ജലനിരപ്പ് താഴുകയാണ്. മഴയുടെ കുറവിനൊപ്പം പകൽച്ചൂട് കൂടുന്നതും സ്ഥിതി രൂക്ഷമാക്കുന്നു. മഴ ഇനിയും വൈകിയാൽ ഭൂഗർഭജലനിരപ്പ് താഴുകയും മലയോര ഗ്രാമങ്ങളിലും ആദിവാസി ഉന്നതികളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുകയുംചെയ്യും.
ജലലഭ്യത കൃഷിയെയും ബാധിക്കും വാഴ, കപ്പ, പച്ചക്കറികൾ, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, നെല്ല് തുടങ്ങിയ വിളകൾക്ക് മഴക്കുറവും ഉയർന്ന ചൂടും തിരിച്ചടിയാകും. മഴ ഇനിയും ലഭിക്കാതിരുന്നാൽ വേനൽ എത്തുംമുമ്പേ വരൾച്ചയുടെ പ്രത്യാഘാതങ്ങൾ കൃഷിയിടങ്ങളിൽ പ്രകടമാകും.
ആദിവാസി ജീവിതവും പ്രതിസന്ധിയിൽ
ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി ജനവിഭാഗങ്ങൾ താമസിക്കുന്ന മേഖലകളിലൊന്നാണ് നിലമ്പൂർ. ജലക്ഷാമം ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കും. വനത്തോട് ചേർന്ന ആദിവാസി ഉന്നതികളിലെ നിരവധി കുടുംബങ്ങൾ പുഴകളെയും മലമുകളിലെ നീരുറവകളെയും ചെറുജലസ്രോതസ്സുകളെയും കുടിവെള്ളത്തിനും ദൈനംദിന ആവശ്യങ്ങൾക്കും ആശ്രയിക്കുന്നുണ്ട്. വേനലിന് മുമ്പുതന്നെ കുടിവെള്ളത്തിനായി ദൂരങ്ങൾ താണ്ടേണ്ട സാഹചര്യമുണ്ടാകാം.
വനത്തിലും *വെള്ളം കുറയും
മഴക്കുറവും ഉയർന്ന ചൂടും വനത്തിലെ ജലസ്രോതസ്സുകളെയും ബാധിച്ചുതുടങ്ങി. വെള്ളം തേടി വന്യജീവികൾ കൃഷിയിടങ്ങളിലേക്കും ജനവാസമേഖലകളിലേക്കും എത്താനുള്ള സാധ്യത വർധിക്കുകയാണ്.










0 comments