Deshabhimani

കേരളത്തിനായി പന്തുതട്ടാൻ മാനവേദന്റെ പെൺപെരുമ

a

വി നിഷാ മറിയം, പി എസ് അശ്വനി, സി അലീന അഷറഫ് , എന്‍ കെ ഷിഫ്ന, 
കെ പി ആദിലക്ഷ്മി

avatar
എം സനോജ്

Published on Oct 04, 2026, 12:00 AM | 2 min read

നിലമ്പൂർ

മലയോരത്തിന്റെ മൈതാനങ്ങളിൽ പന്തിനൊപ്പം വളർന്ന അഞ്ച് പെൺകുട്ടികൾ. ലക്ഷ്യം ഒന്നായിരുന്നു. ഫുട്ബോളിൽ ഉയരങ്ങളിലെത്തുക. ആ സ്വപ്നത്തിന് ഇപ്പോൾ ദേശീയ വേദിയുടെ വലിപ്പം. നിലമ്പൂർ മാനവേദൻ (ജിഎംവിഎച്ച്എസ്എസ്) സർക്കാർ സ്കൂളിലെ അഞ്ച് വിദ്യാർഥികളാണ് ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബോൾ മത്സരത്തിനുള്ള കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ഇവർമാത്രമാണ്. വിവിധ ജില്ലകളിൽനിന്നായി 18 പേരാണ് കേരള ടീമിൽ ഇടം നേടിയത്. അതിൽ അഞ്ചുപേരും ഒരേ സർക്കാർ സ്കൂളിൽനിന്നാണെന്നത്‌ മാനവേദന്റെ നേട്ടത്തിന്റെ തിളക്കമേറ്റുന്നു. കോച്ച് കമാലുദ്ദീൻ മോയ്ക്കിൽ, കായികാധ്യാപകൻ ഷാഹിദ് കോഴിശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.

സി അലീന അഷറഫ്, കെ പി ആദിലക്ഷ്മി, വി നിഷാമറിയം, പി എസ് അശ്വനി എന്നിവർ സീനിയർ ടീമിലും എൻ കെ ഷിഫ്ന ഷെറിൻ ജൂനിയർ ടീമിലുമാണ്. ജില്ലാ ഗെയിംസ് മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നവംബർ, ഡിസംബർ മാസങ്ങളിലാണ് ദേശീയ മത്സരങ്ങൾ. സീനിയർ മത്സരം പഞ്ചാബിലും ജൂനിയർ മത്സരം ജാർഖണ്ഡിലുമാണ്. 2025ൽ നടന്ന ദേശീയ ജൂനിയർ ഫുട്ബോൾ ഗെയിംസിൽ കേരളം റണ്ണറപ്പായപ്പോൾ നിഷാമറിയവും അലീന അഷറഫും ടീമിലുണ്ടായിരുന്നു.

​മുന്നേറ്റനിരയിൽ അലീന; ഏഴാം ദേശീയ മത്സരം

രാമക്കുത്ത് ചക്കിങ്ങൽ അഷറഫ്–സജ്ന ദമ്പതികളുടെ മകളായ സി അലീന അഷറഫ് മുന്നേറ്റനിരയിലാണ് കളിക്കുന്നത്. ഏഴാം തവണയാണ് ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്നത്. ആദ്യമായാണ് സീനിയർ കേരള ടീമിലെത്തുന്നത്. ജൂനിയർതലത്തിലെ ദേശീയ മത്സരപരിചയവുമായാണ് അലീന സീനിയർ ടീമിലേക്ക് ചുവടുവയ്ക്കുന്നത്.

​പ്രതിരോധനിരയിൽ ആദിലക്ഷ്മി

കോഴിക്കോട് പുതിയങ്ങാടി സ്വദേശിനിയായ കെ പി ആദിലക്ഷ്മി കോയിക്കൽ പ്രസാദ്–ഷീബ ദമ്പതികളുടെ മകളാണ്. സീനിയർ ടീമിൽ മധ്യപ്രതിരോധ താരമായാണ് കളിക്കുക. രണ്ട് തവണ ജൂനിയർ ദേശീയ ടീമിൽ കളിച്ചിട്ടുണ്ട്‌.

​മധ്യനിരയിൽ നിറയാൻ നിഷാമറിയം

തൃപ്പനച്ചി പൊറ്റമ്മൽ സ്വദേശികളായ ഇർഷാദ്–റംസീന ദമ്പതികളുടെ മകളാണ് വി നിഷാമറിയം. ആദ്യമായാണ് സീനിയർ കേരള ടീമിൽ ഇടം നേടുന്നത്. മധ്യനിരയിലാണ് നിഷാമറിയത്തിന്റെ സ്ഥാനം.

​ഗോൾവല കാക്കാൻ അശ്വനി

പൂക്കോട്ടുംപാടം ടി കെ കോളനി സ്വദേശികളായ സുധീഷ്–അശ്വതി ദമ്പതികളുടെ മകളാണ് പി എസ് അശ്വനി. ഗോൾകീപ്പറായ അശ്വനി കഴിഞ്ഞ വർഷം സീനിയർ കേരള ടീമിൽ കളിച്ചിട്ടുണ്ട്.

​ഷിഫ്നയ്ക്ക് മൂന്നാം ദേശീയ മത്സരം

ചന്തക്കുന്ന് മുമ്മുള്ളി നരിക്കൂട്ടുമ്മൽ ഷാജഹാൻ–സബിത ദമ്പതികളുടെ മകളായ എൻ കെ ഷിഫ്ന ഷെറിൻ മാനവേദൻ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്. മൂന്നാം തവണയാണ് ജൂനിയർ കേരള ടീമിൽ കളിക്കുന്നത്. മുന്നേറ്റനിരയിലാണ് ഷിഫ്നയുടെ സ്ഥാനം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

high court

02

print edition അമിതവേഗവും അപകടവും; കൂടുതൽ നിരീക്ഷണ കാമറ വേണമെന്ന് ഹൈക്കോടതി
CITU

05

print edition മാധ്യമം പത്രത്തിലെ ശമ്പളനിഷേധം; ഡിസം. 9ന്‌ നിയമസഭാ മാർച്ച്
deshabhimani section

Recommended

Deshabhimani
Home