അതിരുകളില്ലാതെ അക്ഷരവെളിച്ചം

സുധ സുന്ദരൻ
Published on May 24, 2026, 12:31 AM | 1 min read
മലപ്പുറം
അറിവ് പകരാനം നേടാനും പരിമിതികളില്ല. ഏതു കാലത്തും സാഹചര്യത്തിലും പഠിക്കാം. അതിന്റെ ഉദാഹരണമാണ് ജയിൽ ജ്യോതി പദ്ധതിയിലൂടെ സാക്ഷരതാ പഠനം നടത്തുന്ന തടവുകാർ. തവനൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ അധ്യയനവർഷം 40 പേരാണ് പദ്ധതിയുടെ ഭാഗമായത്. ജയിലുകളിൽ കഴിയുന്ന അന്തേവാസികൾക്കിടയിൽ അക്ഷരജ്ഞാനം ഉറപ്പാക്കാനും അവർക്ക് തുടർവിദ്യാഭ്യാസം നൽകാനുമായി സംസ്ഥാന സാക്ഷരതാ മിഷനും ജയിൽവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ‘ജയിൽ ജ്യോതി’. പദ്ധതി പ്രകാരം ജയിലുകളിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുകയും വായന, എഴുത്ത്, കണക്ക് എന്നിവയിൽ പരിശീലനം നൽകുകയുംചെയ്യും. സാക്ഷരതയ്ക്ക് പുറമെ, തടവുകാരുടെ തുടർവിദ്യാഭ്യാസത്തിനായി നാല്, ഏഴ്, പത്ത്, പ്ലസ്‌വൺ, പ്ലസ്‌ടു ക്ലാസുകളിലെ തുല്യതാ പരീക്ഷകൾക്കുള്ള പരിശീലനവും നൽകും. ജയിലുകളിൽ ഇതിനായി പ്രത്യേക ലൈബ്രറികളും റീഡിങ് റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ആരംഭത്തിൽ മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ സബ് ജയിലുകളിലും അടിസ്ഥാന സാക്ഷരതാ ക്ലാസുകൾ ലഭ്യമാക്കിയിരുന്നു.
നിലവിൽ ജില്ലയിൽ തവനൂർ സെൻട്രൽ ജയിലിൽമാത്രമാണ് ‘ജയിൽ ജ്യോതി’ പദ്ധതി നടപ്പാക്കുന്നത്. തവനൂർ സെൻട്രൽ ജയിലിൽ 2025–26 അധ്യയനവർഷം വിവിധ കോഴ്‌സുകളിൽ 40 പേർ രജിസ്റ്റർചെയ്‌തു. അതിൽ 29 പേർ പരീക്ഷയെഴുതി വിജയം നേടി. സാക്ഷരതാ പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു. നാലാതരം തുല്യത രണ്ടുപേരും ഏഴാംതരം ഒരാളും പത്താംതരം ആറുപേരും പ്ലസ്‌വൺ ഏഴുപേരും വിജയകരമായി പൂർത്തിയാക്കി. 2026–27 അധ്യയന വർഷത്തിൽ പ്ലസ്‌ടുവരെയുള്ള കോഴ്‌സുകളിലായി 62 പേരാണ് പഠനനത്തിന് ഒരുങ്ങുന്നത്. 49 പേർ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 13 പേരുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു.










0 comments