ആശുപത്രി മുറ്റവും സങ്കടക്കടൽ

ഇടിമിന്നലേറ്റ് മരിച്ചവരുടെ സുഹൃത്തുക്കൾ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ വിതുമ്പുന്നു

ടി വി സുരേഷ്
Published on May 13, 2026, 12:33 AM | 1 min read
മഞ്ചേരി
മങ്കട വെള്ളില കുരങ്ങൻചോല മലയിലുണ്ടായ ഇടിമിന്നലിൽ പൊലിഞ്ഞ നാല് വിദ്യാര്‍ഥികളുടെ ചേതനയറ്റ ശരീരം മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ സ്ട്രെച്ചറുകളിൽ കിടത്തിയപ്പോള്‍ കണ്ടുനിന്നവരുടെ ചങ്കുതകർന്നു. ചൊവ്വ വൈകിട്ട് ആറരയോടെയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടവാർത്തയറിഞ്ഞ ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കിയിരുന്നു. മിന്നലേറ്റ് നിശ്ചലമായ ശരീരങ്ങളിൽ ജീവന്റെ തുടിപ്പുകണ്ടെത്താൻ ഡോക്ടർമാർ ആവതു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മരിച്ച നാലുപേരുടെയും നാഡീമിടിപ്പ് ആശുപത്രിയിലെത്തുമ്പോഴേക്കും നിലച്ചിരുന്നു. ഇവരുടെ മുഖത്തും കഴുത്തിനുതാഴെയുമായി പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു.
ദുരന്തവാർത്തയറിഞ്ഞ് കൂടുതലാളുകള്‍ അത്യാഹിത വിഭാഗത്തിനുമുന്നിൽ തടിച്ചുകൂടി. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഓടിയെത്തി. ചേതനയറ്റ ശരീരങ്ങള്‍ കണ്ടതോടെ ആശുപത്രി ഇടനാഴിയില്‍ നിലവിളി തളംകെട്ടി. പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാന്‍പോലുമാകാതെ സുഹൃത്തുക്കള്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി പുറത്തിരുന്നു. ഇവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ കണ്ടുനിന്നവരും തേങ്ങി.
അത്യാഹിത വിഭാഗത്തിൽ മൃതദേഹങ്ങള്‍ അല്‍പ്പസമയം പൊതുദർശനത്തിനുവച്ചു. വെള്ളപുതച്ച സുഹൃത്തുക്കളെ കണ്ടതോടെ ചിലര്‍ തളർന്നുവീണു. ഇൻക്വസ്റ്റ് നടപടി രാത്രിയോടെ പൂർത്തിയാക്കി. ബുധന്‍ രാവിലെ എട്ടോടെ പോസ്റ്റുമോർട്ടം നടപടി ആരംഭിക്കും. പരിക്കേറ്റ സൽമാനുല്‍ ഫാരിസ്, ഇഷ്ഹാത്ത്, റോഷന്‍ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ന്യൂറോ ചികിത്സയും ഐസിയു സൗകര്യവും അത്യാവശ്യമായതിനാലാണ് ഇവരെ മാറ്റിയത്. മഞ്ഞളാംകുഴി അലി എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം പി അലവി എന്നിവര്‍ ആശുപത്രിയിലെത്തി.











0 comments