മിഷന്‍ വൈല്‍ഡ് പിഗുമായി വനംവകുപ്പ്
കാട്ടുപന്നിയെ കൊല്ലാൻ 49 ഷൂട്ടര്‍മാര്‍

നിലമ്പൂര്‍ നഗരസഭയിലെ പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഷൂട്ടര്‍ അഹമ്മദ് നിസാര്‍ കാട്ടുപന്നിയെ വെടിവെക്കുന്നു

എം സനോജ്
Published on Jul 17, 2025, 12:15 AM | 1 min read
നിലമ്പൂർ
മനുഷ്യ–-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജനവാസമേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്‌ക്കാൻ വനംവകുപ്പ് നടപ്പാക്കുന്ന മിഷൻ വൈൽഡ് പിഗ് ദൗത്യത്തിന് 49 ഷൂട്ടർമാർ. കാളികാവ്, നിലമ്പൂർ, വഴിക്കടവ് റെയ്ഞ്ചുകൾക്ക് കീഴിലുള്ള 23 തദ്ദേശ സ്ഥാപനങ്ങളിലാണ് ഷൂട്ടർമാരെ നിയോഗിച്ചത്.
കാളികാവ് റെയ്ഞ്ചിന് കീഴിൽ കാളികാവ്, അമരമ്പലം, ചോക്കാട്, ആനക്കയം, അങ്ങാടിപ്പുറം, എടവണ്ണ, കരുളായി, കരുവാരക്കുണ്ട്, മക്കരപ്പറമ്പ്, മങ്കട, മേലാറ്റൂർ, തൃക്കലങ്ങോട്, വണ്ടൂർ, മൂർക്കനാട്, തിരുവാലി പഞ്ചായത്തുകളും പെരിന്തൽമണ്ണ, തിരൂർ നഗരസഭകളുമാണ് വരുന്നത്. ഇവിടെ 40 ഷൂട്ടർമാരെയാണ് നിയോഗിച്ചത്. നിലമ്പൂർ റെയ്ഞ്ചിന് കീഴിലെ ചുങ്കത്തറ, മൂത്തേടം, പോത്തുകല്ല് പഞ്ചായത്തിലും നിലമ്പൂർ നഗരസഭയിലുമായി അഞ്ചും വഴിക്കടവ് റെയ്ഞ്ചിന് കീഴിലെ പോത്തുകല്ല്, എടക്കര, വഴിക്കടവ് പഞ്ചായത്തുകളിൽ നാലും ഷൂട്ടർമാരാണുള്ളത്. പാനലിൽ ഉൾപ്പെട്ടവരുടെ വിവരം അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇവർക്ക് പ്രത്യേക പരിശീലനവും നൽകി.
പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്സൺ എന്നിവരെ ഓണററി വൈൽഡ് ലൈഫ് വാർഡർമാരായി നിയോഗിച്ചിട്ടുണ്ട്. സെക്രട്ടറിമാരെ അധികാരപ്പെട്ട ഓഫീസർമാരായും നിയോഗിച്ചു. ഇവർക്ക് ജനവാസകേന്ദ്രങ്ങളിൽ നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവിടാം.
സംസ്ഥാനത്താകെ 544 ഷൂട്ടർമാർക്കാണ് വനംവകുപ്പ് അംഗീകാരം നൽകിയത്. കാട്ടുപന്നികളെ വെടിവയ്‌ക്കാനുള്ള മാർഗനിർദേശം വനംവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
പ്രതിഫലം 1500 രൂപ, മാംസം ഉപയോഗിച്ചാൽ കുറ്റകരം
ഷൂട്ടർക്ക് ഓരോ കാട്ടുപന്നിക്കും 1500 രൂപവീതം ലഭിക്കും. മറവുചെയ്യാൻ 2000 രൂപവീതവും നൽകാം. ഇതിനായി ദുരന്ത നിവാരണ ഫണ്ടിൽനിന്ന് സാമ്പത്തിക വർഷം ഒരുലക്ഷം രൂപ അനുവദിക്കും. കാട്ടുപന്നിയുടെ മാംസം ഉപയോഗിച്ചാൽ കേന്ദ്രവന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവർഷം തടവോ ഒരുലക്ഷം രൂപ പിഴയോ രണ്ടുംകൂടി ശിക്ഷയോ ലഭിക്കും.









0 comments