ഓർഡിനറി ബസുകളുടെ അമിതവേഗം നിയന്ത്രിക്കണം: കെഎസ്ആർടിഇഎ

മലപ്പുറം
കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ അമിതവേഗം നിയന്ത്രിച്ച് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സൗജന്യയാത്രാ ആനുകൂല്യം നിലവിൽ വന്നതോടെ ഓർഡിനറി സർവീസുകളിൽ നിയന്ത്രണാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടത്തും കാലാവധി കഴിഞ്ഞ ബസുകളിലാണ് അനുവദനീയമായതിലും ഇരട്ടിയിലധികം ആളുകളെ കയറ്റി സർവീസ് നടത്തുന്നത്. ഇത് ഗുരുതരമായ അപകടഭീഷണി ഉയർത്തുന്നുവെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എൻ സി ജോർജ് കെ ആന്റണി നഗറിൽ നടന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ ജയൻ അധ്യക്ഷനായി. ദേവിക ബിമൽ രക്തസാക്ഷി പ്രമേയവും എൻ സി സതീഷ് കുമാർ അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി പി അഷ്റഫ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ പി എ ആന്റോ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ സന്തോഷ്, എ എസ് സുജിത് കുമാർ, എ റഷീദ്, പി എ മുഹമ്മദലി, പി കെ ഹൈദരാലി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ കെ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.










0 comments