ad
Deshabhimani

print edition പിഎസ്‌സി ആസ്ഥാനത്ത് വീണ്ടും യൂത്ത് കോൺഗ്രസ് ആക്രമണം; മതിൽ ചാടിയെത്തി 
അഭിമുഖം തടസ്സപ്പെടുത്തി

KERALA PSC
വെബ് ഡെസ്ക്

Published on Aug 20, 2026, 01:31 AM | 1 min read

തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ പിഎസ്‍സി ആസ്ഥാനത്തേക്ക് വീണ്ടും അതിക്രമിച്ച് കയറി അഭിമുഖം തടസ്സപ്പെടുത്താൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ്. ബുധൻ രാവിലെ ഒമ്പതോടെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിൽ 25ലേറെ പേർ മതിൽ ചാടിക്കടന്നത്.


പുരാരേഖ വകുപ്പിലെ അസിസ്റ്റന്റ് കൺസർവേഷൻ ഓഫീസറുടെ താൽക്കാലിക തസ്തികയിൽ അഭിമുഖം നടത്തുന്നെന്ന് ആരോപിച്ചായിരുന്നു കടന്നുകയറ്റം. ഈ സമയം അവിടെ ഉണ്ടായിരുന്ന ഉദ്യോഗാ‍ർഥികളെയും പാനൽ അംഗങ്ങളെയും തടഞ്ഞു. ഒരു വകുപ്പിലേക്കും പിഎസ്‍സി താൽക്കാലിക നിയമനങ്ങൾക്കുള്ള അഭിമുഖമോ പരീക്ഷയോ നടത്താറില്ല.


പുരാരേഖാ വകുപ്പിലെ (സ്റ്റേറ്റ് ആർക്കൈവ്സ്) അസിസ്റ്റന്റ് കൺസർവേഷൻ ഓഫീസർ എന്ന സ്ഥിരം തസ്തികയ്ക്കായാണ് ബുധനാഴ്ച അഭിമുഖം നടത്തിയത്. ഇത് പുരാവസ്‌തുവകുപ്പിലെ (ആർക്കിയോളജി) താൽക്കാലിക തസ്തികയിലേക്കുള്ള അഭിമുഖം ആണെന്നായിരുന്നു ആരോപണം. സംഭവത്തിൽ പിഎസ്‍സി പരാതി നൽകിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് പൊലീസ്.


ഇതേ അക്രമി സംഘമാണ് കഴിഞ്ഞ ജൂലൈയിൽ പിഎസ്‍സി ആസ്ഥാനത്ത് അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിച്ചത്. അന്ന് പിഎസ്‍സി ചെയർമാന്റെ ഓഫീസിലെ സുപ്രധാന ഫയലുകളടക്കം നശിപ്പിച്ചിരുന്നു. നേമം ഷജീർ ഉൾപ്പെടെ 15 പേർക്കെതിരെ അന്ന് ദുർബല വകുപ്പുകൾ ചുമത്തിയാണ്‌ കേസെടുത്തത്. ആരെയും അറസ്റ്റ് ചെയ്തുമില്ല.


​ദൈനംദിന പ്രവർത്തനം തടസ്സപ്പെടുത്താൻ നീക്കം

​പിഎസ്‍സിക്കെതിരെ നിരന്തരം പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തകളും പ്രതിഷേധ സമരങ്ങളും കാരണം പിഎസ്‍സിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുകയാണെന്ന് പിഎസ്‍സി എംപ്ലോയീസ് യൂണിയൻ. ജീവനക്കാരെയും ഉദ്യോഗാർഥികളെയും ദേഹോപദ്രവം ഏൽപ്പിച്ചുള്ള ആക്രമണ സമരങ്ങളാണ് നടത്തുന്നത്. ഇത്തരം നടപടികളിൽ നിന്ന് പിൻമാറണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home