ad
Deshabhimani

പാണക്കാട്‌ മലയിടിച്ചില്‍

അപകടം തുടർച്ചയായ പാറപൊട്ടിക്കലിൽ

a

മലപ്പുറം – പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ പാണക്കാട് എടായിപ്പാലത്ത് മലയിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 06, 2026, 01:07 AM | 2 min read

മലപ്പുറം

പാണക്കാട്‌ എടായിപ്പാലത്ത്‌ മലയിടിഞ്ഞത്‌ കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ പാറപൊട്ടിക്കലിന്റെ ആഘാതത്തിൽ. മലയിടിഞ്ഞത്‌ അനധികൃത ഖനനംമൂലമാണെന്ന ആരോപണം ശക്തമാണെന്നും നിജസ്ഥിതി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട്‌ ജില്ലാ ജിയോളജിസ്‌റ്റിന്‌ മൈനിങ് ആൻഡ്‌ ജിയോളജി ഡയറക്ടർ ഡോ. കെ ഹരികുമാർ കാരണം കാണിക്കൽ നോട്ടീസ്‌ നൽകി. മലയിടിച്ചിലുണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച്‌ 24 മണിക്കൂറിനുള്ളിൽ വിദശീകരണം നൽകണമെന്നും വ്യക്തമാക്കി. മണ്ണിടിഞ്ഞ്‌ റോഡുകൾ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്ത സാഹചര്യങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും നോട്ടീസിൽ പറയുന്നു.

പാറപൊട്ടിക്കുന്നതിന്‌ നടത്തിയ സ്‌ഫോടനത്തിനൊപ്പം കനത്ത മഴയുമുണ്ടായതാണ്‌ വൻ മലയിടിച്ചിലിന്‌ കാരണമായതെന്ന്‌ സമീപവാസികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാറ പൊട്ടിച്ചതിനെത്തുടർന്ന്‌ വൻ പ്രകന്പനമുണ്ടായിരുന്നു. പാറപൊട്ടിക്കാൻ ജിയോളജി വകുപ്പ്‌ നൽകിയ അനുമതി ജൂൺ 19നും മണ്ണെടുക്കാൻ നഗരസഭ നൽകിയ അനുമതി 20നും അവസാനിച്ചിരുന്നു. ഇതിനുശേഷവും മണ്ണെടുപ്പും പാറ ഖനനവും തുടർന്നതാണ്‌ മലയിടിച്ചിലിന്‌ ഇടയാക്കിയത്‌.

ഷോപ്പിങ് കോംപ്ലക്‌സും പെട്രോൾ പന്പും നിർമിക്കാനാണ്‌ മലയിടിഞ്ഞതിന്റെ സമീപത്തെ ഭൂമിയിൽനിന്ന്‌ മണ്ണെടുക്കുന്നത്‌. ഉ‍ൗരകം മല കേന്ദ്രീകരിച്ചുള്ള ക്വാറികളുടെ നടത്തിപ്പുകാരനാണ്‌ എടായിപ്പാലത്തെ മലയിലെയും മണ്ണെടുക്കുന്നതും പാറപൊട്ടിക്കുന്നതും. അനുമതി നിരവധി തവണ പുതുക്കി വാങ്ങിയാണ്‌ അനധികൃത മണ്ണെടുപ്പ്‌ നടന്നത്‌.

പാണക്കാട്‌ തങ്ങൾ കുടുംബാംഗങ്ങളായ ലീഗ്‌ നേതാക്കളും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും അറിയാതെ, അപകടസാധ്യതയുള്ള പ്രദേശത്ത്‌ നിർമാണ പ്രവർത്തനങ്ങൾക്ക്‌ അനുമതി ലഭിക്കില്ലെന്നാണ്‌ ആരോപണം. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽനിന്ന്‌ 200 മീറ്ററിൽ താഴെയാണ്‌ മലയിടിഞ്ഞ ഭാഗത്തേക്കുള്ള ദൂരം. കുഞ്ഞാലിക്കുട്ടിയുടെ വീടിനും പ്രകന്പനമുണ്ടായെന്നും നിർത്തിവയ്ക്കാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നുമാണ്‌ സമീപവാസി ബുധനാഴ്‌ച വെളിപ്പെടുത്തിയത്‌. 2025 സെപ്‌തംബർ 26–നാണ്‌ മലപ്പുറം നഗരസഭ കെട്ടിട നിർമാണത്തിന്‌ അനുമതി നൽകിയത്‌. ലീഗ്‌ നേതൃത്വത്തെയും നഗരസഭയെയും രക്ഷിക്കുന്നതിന്‌ പാറപൊട്ടിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥനെ ബലിയാടാക്കാനാണ്‌ ഇപ്പോഴത്തെ നീക്കം.


റോഡിലെ മണ്ണ്‌ നീക്കി

​പാണക്കാട്

മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം പൂർണമായും നിലച്ച മലപ്പുറം– - പരപ്പനങ്ങാടി സംസ്ഥാന പാതയിലെ മണ്ണ് പൂർണമായും നീക്കി. ബുധനാഴ്‌ച മലപ്പുറം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളുടെയും 12 ടോറസ് ലോറികളുടെയും 11 ടിപ്പർ ലോറികളുടെയും സഹായത്തോടെ 135 ലോഡ് മണ്ണുകൂടി നീക്കംചെയ്താണ് റോഡ് പൂർണതോതിൽ ഗതാഗതയോഗ്യമാക്കിയത്. ചൊവ്വാഴ്ച 238 ലോഡ് മണ്ണ് നീക്കിയിരുന്നു.

അഗ്നിരക്ഷാ സേനയുടെ മൊബൈൽ ടാങ്ക് യൂണിറ്റ് രണ്ടര മണിക്കൂറോളം വെള്ളം പമ്പ് ചെയ്താണ്‌ റോഡിലെ ചെളി പൂർണമായും നീക്കംചെയ്തത്‌. മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർ കെ പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അടിയന്തര നടപടി. മലപ്പുറം നഗരസഭയും വിവിധ വകുപ്പുകളും സിവിൽ ഡിഫൻസ് അടക്കമുള്ള സന്നദ്ധ സംഘടനകളും സഹകരിച്ചു.

​വ്യാഴം രാവിലെ കലക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിൽ തീരുമാനമെടുക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home