ബലക്ഷയമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നില്ല
വിളിച്ചുവരുത്തുന്നു, അപകടം

അപകടാവസ്ഥയിലായ മലപ്പുറം താലൂക്ക് ആശുപത്രിയുടെ ഉപയോഗശൂന്യമായ കെട്ടിടം
സ്വന്തം ലേഖകന്‍
Published on May 20, 2026, 12:51 AM | 1 min read
മലപ്പുറം
താലൂക്ക് ആശുപത്രിയുടെ ഉപയോഗശൂന്യമായ പഴയ അത്യാഹിത വിഭാഗം കെട്ടിടം പൊളിച്ചുമാറ്റാതെ അപകടം ക്ഷണിച്ചുവരുത്തി മലപ്പുറം നഗരസഭ. മാസങ്ങള്‍ക്കുമുമ്പ് കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചുനീക്കിയിരുന്നു. ബാക്കി ഭാഗം പൊളിക്കുന്നതിനുള്ള ഔദ്യോഗിക നടപടികളെല്ലാം പൂര്‍ത്തിയായെങ്കിലും നഗരസഭ താല്‍പ്പര്യമെടുക്കുന്നില്ല. ചെയര്‍പേഴ്സൺ ഉള്‍പ്പെടുന്ന ആശുപത്രി വികസന സമിതി യോഗം ചേര്‍ന്നശേഷം ടെൻഡര്‍ വിളിക്കാന്‍ അനുമതി നല്‍കണം. ഇതിനുശേഷം മാത്രമേ കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കാനാകൂ.
ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കാനാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് ടെൻഡര്‍ നല്‍കി. മുഴുവന്‍ കെട്ടിടവും ഒരുമിച്ച് പൊളിക്കുന്നതിനുപകരം രണ്ട് ഘട്ടമായി പൊളിക്കാനാണ് പ്ലാന്‍ തയ്യാറാക്കിയത്. ഇതുപ്രകാരം ആദ്യഭാഗം പൊളിച്ചുനീക്കി. ബാക്കിയുള്ള ഭാഗം പൊളിക്കുന്നതിന് ആരോഗ്യ ഡയറക്ടറേറ്റ് അംഗീകാരം നല്‍കിയെങ്കിലും നഗരസഭ വൈകിപ്പിക്കുകയാണ്.
പാതിപൊളിച്ചിട്ട കെട്ടിടം ആശുപത്രിയിലെത്തുന്നവര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ കെട്ടിടത്തിന് തൊട്ടുപിറകിലാണ് ആശുപത്രി കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ പൊളിച്ച ഭാഗത്തെ മണ്ണ് നീക്കിയാണ് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ മറുവശത്ത് റോഡും കടകളുമുണ്ട്. കെട്ടിടത്തിനകത്തേക്ക് ആളുകള്‍ കയറാതിരിക്കാന്‍ വാതിലിന് മുന്നിലായി കയർ കെട്ടിയിട്ടുണ്ട്. എന്നാല്‍, മഴ ശക്തമായാല്‍ ബലക്ഷയമുള്ള കെട്ടിടം പൊളിഞ്ഞുവീഴുമോയെന്ന ആശങ്കയിലാണ് ആശുപത്രി ജീവനക്കാരും പ്രദേശവാസികളും.
പൊളിക്കാനുള്ള കെട്ടിടത്തോട് ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് പുതിയ കെട്ടിടം പണിതിരുന്നു. ഇത് നിലനിര്‍ത്തിവേണം പഴയത് പൊളിച്ചുനീക്കാന്‍. രണ്ട് കെട്ടിടങ്ങള്‍ക്കും വെവ്വേറെ കോണ്‍ക്രീറ്റ് ബീമുകളുള്ളതിനാല്‍ പഴയത് പൊളിക്കുമ്പോള്‍ പുതിയതിനെ ബാധിക്കില്ലെന്നാണ് കരുതുന്നത്. അപകടത്തിന് കാത്തുനില്‍ക്കാതെ പഴയ കെട്ടിടം പൊളിക്കാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments