അഴകായ് ആറ്റക്കുരുവികൾ

സൗത്ത് പല്ലാറിലെ തെങ്ങിൽ തൂക്കണാംകുരുവികൾ കൂട്ടത്തോടെ കൂടുവച്ചപ്പോള്‍
വിനോദ് തലപ്പള്ളി
Published on Aug 10, 2026, 12:15 AM | 1 min read
തിരൂർ
തിരുന്നാവായ സൗത്ത് പല്ലാറിന് അഴകായി തൂക്കണാംകുരുവികളുടെ (ബായാ വീവർ) കൂടുകൾ. സൗത്ത് പല്ലാറിലെ ചേരാ കൊക്കൻ നഗറിനുസമീപമുള്ള സ്വകാര്യ വ്യക്തികളുടെ വീട്ടുവളപ്പിൽ തെങ്ങോലകളിലാണ് മനോഹരമായ കൂടുകൾ. പക്ഷിസങ്കേതത്തിനടുത്തുള്ള ഉയരമുള്ള തെങ്ങിൽ നെല്ലോലകൊണ്ടും പുൽനാരുകൾകൊണ്ടുമാണ് ഇവ കൂട് നെയ്തെടുത്തത്. പുട്ടുകുറ്റി കമിഴ്ത്തിവച്ച രൂപത്തിലാണ് കൂടുകൾ. ഒരുമീറ്ററിലധികം നീളമുള്ള കൂടുകളും ഇവിടെയുണ്ട്.
കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന തൂക്കണാംകുരുവിക്ക് ആറ്റക്കുരുവി, കൂരിയാറ്റ എന്നും പേരുകളുണ്ട്. പ്രജനനകാലത്തൊഴിച്ച് ആണിനും പെണ്ണിനും ഒരേ നിറമാണ്. ഇളം മഞ്ഞയും മണ്ണിന്റെ നിറവുള്ള ഇവയിൽ പ്രജനനകാലത്ത് ആൺപക്ഷിക്ക് തലയിലും കഴുത്തിലും തിളക്കമുള്ള കടുംമഞ്ഞ നിറമായിരിക്കും. ഈവർഷം ഒരുതെങ്ങിൽതന്നെ വിവിധ വലിപ്പത്തിലുള്ള അമ്പതിലധികം കൂടുകൾ കണ്ടുവരുന്നതായി പ്രാദേശിക പക്ഷിനിരീക്ഷകനും അധ്യാപകനുമായ സൽമാൻ കരിമ്പനക്കൽ പറഞ്ഞു. ഒന്നിലധികം ഇണകളെ സ്വീകരിക്കുന്ന തൂക്കണാംകുരുവികൾ ഓരോ ഇണയ്ക്കുവേണ്ടിയും വെവ്വേറെ കൂടൊരുക്കുന്നു. നാലാഴ്ചയോളമെടുക്കുന്ന കൂട് നിർമാണത്തിന് ആൺപക്ഷിയാണ് നേതൃത്വംനൽകുന്നത്. പെൺപക്ഷി കൂടുനിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പരിശോധനയ്‌ക്കെത്തും. ഏതെങ്കിലും തരത്തിൽ ബലക്ഷയം കണ്ടെത്തിയാൽ ആ കൂട് ഉപേക്ഷിക്കും. ഇതോടെ ആൺപക്ഷി അടുത്ത കൂടിന്റെ നിർമാണം തുടങ്ങും. പന, തെങ്ങ്, മുളങ്കൂട്ടംപോലുള്ള മരങ്ങളിൽ കൂടുവയ്ക്കുമെങ്കിലും സൗത്ത് പല്ലാറിൽ ഇവ തെങ്ങുകളിൽമാത്രമാണ് കൂട് ഒരുക്കിയിട്ടുള്ളതെന്ന് പക്ഷിനിരീക്ഷകരായ ശ്രീനില, മുഹമ്മദ് ഫായിസ്, എം സ്വാദിഖ് എന്നിവർ പറഞ്ഞു.










0 comments