കൊൽക്കത്തയിൽ തിരൂരിന്റെ പെരുന്നാൾ

യദുകൃഷ്ണയും മുഹമ്മദ് ഷഹീഫും കളിക്കളത്തിൽ
തിരൂർ
ഒരേകളരിയിൽ വളർന്ന മുഹമ്മദ് ഷഹീഫും യദുകൃഷ്ണയും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ കൊൽക്കത്തയുടെ ന്യൂടൗൺ മൈതാനത്തിൽ തിരൂരിന്റെ പെരുന്നാളാഘോഷം. പെരുന്നാൾദിനത്തിൽ കൊൽക്കത്തയിൽ ഇന്ത്യൻ അണ്ടർ 23 ഫുട്ബോൾ ടീമും യുണൈറ്റഡ് കൊൽക്കത്ത സ്പോർട്സ് ക്ലബ്ബും തമ്മിൽ നടന്ന പരിശീലന മത്സരത്തിലാണ് നാട്ടുകാരും ഒരേഅക്കാദമിയിൽ വളർന്ന തിരൂർ സ്വദേശികളായ മുഹമ്മദ് ഷഹീഫും യദുകൃഷ്ണയും ഏറ്റുമുട്ടിയത്.
തിരൂർ കൂട്ടായി മൗലാന അക്കാദമിയിലെ സഹപാഠികളാണ് ഇരുവരും. മത്സരത്തിൽ ഇന്ത്യൻ അണ്ടർ 23 ടീം അഞ്ച് ഗോളുകൾക്ക് വിജയിച്ചു. ഇന്ത്യൻ അണ്ടർ 23 ഫുട്ബോൾ ക്യാമ്പിൽ അംഗമായ ഷെഹീഫും സംഘവും കൊൽക്കത്തയിലാണ് പരിശീലനം നടത്തുന്നത്. രണ്ടുവർഷമായി യുണൈറ്റഡ് കൊൽക്കത്ത സ്പോർട്സ് ക്ലബിനുവേണ്ടി കൊൽക്കത്ത ലീഗിൽ കളിക്കുന്ന താരമാണ് യദുകൃഷ്ണ. ഇരുവരും കൂട്ടായി മൗലാന മുഹമ്മദ്കുട്ടി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠികളും സ്കൂളിന്റെ കീഴിലുള്ള മൗലാന ഫുട്ബോൾ അക്കാദമിയിലെ താരങ്ങളുമായിരുന്നു. കൂട്ടായിക്കാരനായ ഷെഹീഫ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി ബൂട്ടണിയുന്നുണ്ട്.
പുറത്തൂർ സ്വദേശിയായ യദുകൃഷ്ണ മുമ്പ് കെപിഎൽ ചാമ്പ്യൻഷിപ്പിൽ സാറ്റ് തിരൂരിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മലപ്പുറം സ്വദേശിയായ ജംഷെഡ്പൂര്‍ എഫ്സി താരം മുഹമ്മദ് സനാനും അണ്ടർ 23 ഇന്ത്യൻ ക്യാമ്പ് അംഗമാണ്.









0 comments