ad
Deshabhimani

കളയാണെങ്കിലും, പൂക്കളം കളറാകും

a

നിലമ്പൂര്‍ വരമ്പന്‍പൊട്ടിയിലെ തെങ്ങിന്‍തോപ്പില്‍ പടര്‍ന്നു പിടിച്ച സിംഗപ്പൂര്‍ ഡെയ്സി

avatar
എം സനോജ്

Published on Aug 15, 2026, 12:16 AM | 1 min read

നിലമ്പൂ‍ർ

തുമ്പയും കൃഷ്ണകിരീടവും കാക്കപ്പൂവും നമ്പ്യാർവട്ടവും വഴിമാറിയ നാട്ടിന്‍പുറങ്ങളിലെ പൂക്കളം മനോഹരമാക്കാൻ മറുനാടൻ പൂക്കൾക്കൊപ്പം കളച്ചെടിയും. വിളകൾക്ക് ഭീഷണിയായ സിംഗപ്പുർ ഡെയ്‌സി (കമ്മൽപൂവ്) എന്ന കളസസ്യത്തിന്റെ മഞ്ഞപ്പൂക്കളാണ് ഓണക്കാലത്ത് നാട്ടിൽ ശ്രദ്ധ നേടുന്നത്. വഴിയരികുകളിലും പറമ്പുകളിലും കൃഷിയിടങ്ങളിലുമെല്ലാം പൂത്തുലഞ്ഞുനിൽക്കുന്ന ചെടി കാഴ്ചയ്ക്ക് കൗതുകമാകുമ്പോഴും കർഷകരിൽ ആശങ്കയുണ്ടാക്കുകയാണ്.


​കാഴ്ചയ്ക്ക് മനോഹരം; വളർന്നാൽ ഭീഷണി

പൂക്കൾക്ക് ഭംഗിയുണ്ടെങ്കിലും ചെടിയുടെ വ്യാപനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയാണ് പരിസ്ഥിതി രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പട്ടികയിൽ അധിനിവേശ സ്വഭാവമുള്ള മോശം സസ്യങ്ങളുടെ കൂട്ടത്തിലാണ് സിംഗപ്പുർ ഡെയ്‌സി ഉൾപ്പെടുന്നത്. മണ്ണിലെ പോഷകങ്ങളും ജൈവാംശവും ഉപയോഗപ്പെടുത്തി അതിവേഗം വളരുന്നതിനാൽ സമീപത്തെ മറ്റു സസ്യങ്ങളുടെ വളർച്ചയെ ഇത് ബാധിക്കാം. കൃഷിയിടങ്ങളിലും തരിശുഭൂമികളിലും പറമ്പുകളിലും റോഡരികുകളിലുമെല്ലാം ചെടി വ്യാപിക്കുന്നുണ്ട്. കൃഷിയിടങ്ങളിൽ വ്യാപകമായാൽ വിളകളുടെ സ്വാഭാവിക വളർച്ചയ്ക്കും തിരിച്ചടിയാകാനുള്ള സാധ്യതയുണ്ട്.

വള്ളിച്ചെടി ഇനത്തിൽപ്പെട്ട ഇത് സൂര്യകാന്തി കുടുംബത്തിൽപ്പെടുന്നു. അമ്മിണിപ്പൂ, കാട്ടുസൂര്യകാന്തി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്.

ഓണക്കാലത്ത് പൂക്കളത്തിന് ഭംഗിപകരുന്ന മഞ്ഞപ്പൂക്കൾ തന്നെയാണ് മറുവശത്ത് പരിസ്ഥിതിക്കും കൃഷിക്കും വെല്ലുവിളിയാകുന്നത്. കേരളത്തിലെ ജൈവസമ്പത്തിന് സിംഗപ്പുർ ഡെയ്‌സി ഭീഷണിയാകാമെന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കാഴ്ചയിലെ ഭംഗിക്കപ്പുറം ഇതിന്റെ വ്യാപനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ഉയരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home