പുതിയ സ്ഥലമേറ്റെടുക്കാതെ നഗരസഭ
കോല്‍മണ്ണ ജിഎല്‍പി സ്കൂള്‍ ഇക്കുറിയും വെള്ളത്തില്‍

കോല്‍മണ്ണ ഗവ. എല്‍പി സ്കൂളില്‍ വെള്ളം കയറിയപ്പോള്‍
സ്വന്തം ലേഖകന്‍.....
Published on Aug 03, 2026, 12:24 AM | 1 min read
മലപ്പുറം
പുതിയ സ്ഥലമേറ്റെടുക്കാന്‍ മലപ്പുറം നഗരസഭ തയ്യാറാകാത്തതോടെ ഇക്കുറിയും കോല്‍മണ്ണ ജിഎല്‍പി സ്കൂള്‍ വെള്ളത്തിലായി. പാണക്കാട് വില്ലേജ് പരിധിയിലെ ഏക സര്‍ക്കാര്‍ എല്‍പി സ്കൂളിലാണ് ഒരു മഴപെയ്യുമ്പോഴേക്ക് വെള്ളം നിറയുന്നത്. ജനകീയസമിതി നേതൃത്വത്തില്‍ സ്കൂള്‍ മാറ്റിസ്ഥാപിക്കാന്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നഗരസഭയിലെ യുഡിഎഫ് ഭരണസമിതി അവഗണിക്കുകയാണ്.
കോല്‍മണ്ണയിലെ താഴ്‌ന്ന പ്രദേശത്ത് വാടകക്കെട്ടിടത്തിലാണ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യവ്യക്തിയുടെ ഭൂമിയാണിത്. മുതുവത്തുപറമ്പില്‍നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം നേരെ സ്കൂള്‍ മുറ്റത്തേക്കാണെത്തുന്നത്. നേരത്തെ മുതുവത്തുപറമ്പില്‍നിന്ന് ഹാജിയാര്‍പള്ളിവഴി കടലുണ്ടിപ്പുഴയിലേക്ക് കൈത്തോടുണ്ടായിരുന്നു. എന്നാല്‍, പലയിടത്തും കൈത്തോട് നികത്തിയതിനാല്‍ നിലവില്‍ വെള്ളം കോല്‍മണ്ണ ജിഎല്‍പി സ്കൂള്‍ മുറ്റത്തേക്കാണ് ഒഴുകിയെത്തുന്നത്. ജില്ലയില്‍ വെള്ളിയാഴ്ച രാത്രിമുതല്‍ പെയ്ത ശക്തമായ മഴയിലും സ്കൂള്‍ മുറ്റത്തേക്ക് വെള്ളം ഇരച്ചെത്തി. ക്ലാസ് മുറികളിലും വെള്ളം കയറിയിട്ടുണ്ട്.
സി എച്ച് ജമീലയും മുജീബ് കാടേരിയും നഗരസഭാ ചെയര്‍പേഴ്സണ്‍മാരായിരുന്ന കാലംമുതല്‍ സ്കൂള്‍ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. നിലവില്‍ സ്കൂള്‍ കെട്ടിടം പ്രവര്‍ത്തിക്കുന്ന ഭൂമിയുടെ ഉടമ കോല്‍മണ്ണ പുലിയമ്മല്‍ റോഡില്‍ 24 സെന്റ് നല്‍കാമെന്ന് സമ്മതമറിയിച്ചിട്ടുമുണ്ട്. വിപണി വിലയില്ലെങ്കിലും സര്‍ക്കാരിന്റെ മൂല്യനിര്‍ണയ വില നല്‍കിയാല്‍ സ്ഥലം കൈമാറാമെന്നാണ് ഉടമ അറിയിച്ചത്. എന്നാല്‍, സൗജന്യമായി സ്ഥലം കിട്ടുമോയെന്ന് നോക്കാമെന്ന് പറഞ്ഞ് നഗരസഭാ അധികൃതര്‍ ജനകീയ സമിതിയുടെ ആവശ്യം നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ്. പ്രദേശത്ത് സൗജന്യമായി സ്ഥലം ലഭിക്കില്ലെന്ന് മനസ്സിലായിട്ടും സ്കൂള്‍ മാറ്റിസ്ഥാപിക്കാന്‍ നഗരസഭ മുന്‍കൈയെടുക്കാത്തത് സമീപത്തെ മാനേജ്മെന്റ് സ്കൂളുകള്‍ക്കുവേണ്ടിയാണെന്ന ആരോപണവും ശക്തമാണ്. എല്‍കെജിമുതല്‍ നാലാംക്ലാസുവരെ എഴുപതോളം വിദ്യാര്‍ഥികളാണ് സ്കൂളിലുള്ളത്.










0 comments