പെന്‍ഷന്‍ വീടുകളിലെത്തിക്കില്ല
ബാങ്ക് കയറിയിറങ്ങേണ്ടത് മൂന്നരലക്ഷം പേർ


പി അഭിഷേക്
Published on Aug 09, 2026, 12:22 AM | 1 min read
മലപ്പുറം
ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കുന്ന സംവിധാനം യുഡിഎഫ് സര്‍ക്കാര്‍ അവസാനിപ്പിക്കുന്നതോടെ ജില്ലയില്‍ പ്രയാസത്തിലാവുക മൂന്നര ലക്ഷത്തോളം ഗുണഭോക്താക്കള്‍. 5,52,140 പേര്‍ക്കാണ് കഴിഞ്ഞമാസം ജില്ലയില്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരുന്നത്. ഇതില്‍ 3,44,815 പേരും പെന്‍ഷന്‍ ഏജന്റുമാര്‍ മുഖേനെ നേരിട്ട് വീടുകളില്‍ പണം വാങ്ങുന്നവരാണ്. ആകെ ഗുണഭോക്താക്കളുടെ 62.45 ശതമാനംവരുമിത്. 2,07,325 പേര്‍ മാത്രമാണ് ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) സംവിധാനത്തിലൂടെ ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ വാങ്ങാന്‍ സമ്മതമറിയിച്ചത്.
ജില്ലയിലെ ആകെ ഗുണഭോക്താക്കളില്‍ പകുതിയിലധികവും വാര്‍ധക്യ പെന്‍ഷന്‍ വാങ്ങുന്നവരാണ്. ജൂലൈയിലെ കണക്കനുസരിച്ച് 3,12,066 പേര്‍ വാര്‍ധക്യ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇവരില്‍ 2,00,292 പേര്‍ക്കും വീടുകളിലാണ് പെന്‍ഷന്‍ ലഭിച്ചിരുന്നത്. 1,11,774 ഗുണഭോക്താക്കള്‍മാത്രമാണ് ഡിബിടി സംവിധാനം ഉപയോഗിച്ചത്. 1,55,873 പേര്‍ക്കാണ് കഴിഞ്ഞമാസം വിധവാ പെന്‍ഷന് അര്‍ഹതയുണ്ടായിരുന്നത്. ഇതില്‍ 92,968 പേരും പണം നേരിട്ട് വീട്ടിലെത്താന്‍ ആഗ്രഹിച്ചു. 62,905 ഗുണഭോക്താക്കള്‍മാത്രമാണ് ഡിബിടി സംവിധാനം തെരഞ്ഞെടുത്തത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 75.66 ശതമാനവും അമ്പതുകഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍കാരില്‍ 66.25 ശതമാനവും ഭിന്നശേഷി പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 55.54 ശതമാനവും വീട്ടില്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് സമ്മതമറിയിച്ചവരാണ്.
വാര്‍ധക്യ പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗം പേരും മരുന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കാണ് പണം ചെലവഴിക്കാറുള്ളത്. പ്രതിമാസം കൈയില്‍ പണം ലഭിക്കുന്നത് ഇവര്‍ക്ക് ആശ്വാസമായിരുന്നു. ഇത് നിര്‍ത്തലാക്കുന്നതോടെ എല്ലാ മാസവും ബാങ്ക് കയറിയിറങ്ങേണ്ടിവരുമെന്നതാണ് ആശങ്ക. ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങളിലെ പരിചയക്കുറവും പ്രതിസന്ധിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പെന്‍ഷന്‍ ഗുണഭോക്താക്കളുള്ളത് ജില്ലയിലാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ വാതില്‍പ്പടി പെന്‍ഷന്‍ വിതരണ സംവിധാനം ഇല്ലാതാക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ജില്ലയിലുള്ളവരെയാണ്.











0 comments