ad
Deshabhimani

ഉയരങ്ങളില്‍ സുഹ്റ

a

സുഹ്‌റ

avatar
സ്വന്തം ലേഖകന്‍

Published on Jun 03, 2026, 12:45 AM | 2 min read

മലപ്പുറം

8848 മീറ്റർ ഉയരം. മൈനസ്‌ 35 വരെയെത്തുന്ന കൊടും തണുപ്പ്‌. ഓക്‌സിജൻ സാന്നിധ്യം തീരെ കുറവ്‌. പ്രതിസന്ധികളെ കീഴടക്കി ചരിത്രംകുറിച്ചിരിക്കയാണ് മഞ്ചേരി സ്വദേശിയും ബംഗളൂരുവില്‍ ഐടി ജീവനക്കാരിയുമായ സുഹ്‌റ ചെരുക്കപ്പള്ളി. നാല്‍പ്പത്തിയൊന്നാം വയസ്സില്‍ എവറസ്റ്റ് കീഴടക്കി സ്വപ്നങ്ങള്‍ക്കുപിന്നാലെ കുതിക്കുകയാണിവര്‍. നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മലയാളി വനിതയാണ്‌. മലപ്പുറത്തുനിന്നുള്ള ആദ്യ വനിതയും. മലപ്പുറത്ത്‌ മീറ്റ് ദി പ്രസില്‍ സുഹ്റ ചെരുക്കപ്പള്ളി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

തുടക്കം നാട്ടിൽ

ഒമ്പതുവര്‍ഷത്തെ തയ്യാറെടുപ്പിനുശേഷമാണ് എവറസ്റ്റ് കയറാന്‍ തീരുമാനിച്ചത്. ആദ്യമൊക്കെ നാട്ടിലെ ഉയരമുള്ള പ്രദേശങ്ങളിലേക്കായിരുന്നു യാത്ര. വയനാട്ടിലെ മലകള്‍ കയറിയിറങ്ങി. പിന്നീട് കൂടുതല്‍ ഉയരത്തിലേക്ക് ട്രക്കിങ് നടത്തി. ശേഷം കാല്‍നടയായി മല കയറാന്‍ തീരുമാനിച്ചു. ലഡാക്ക്, നേപ്പാള്‍ എന്നിവിടങ്ങളിലെ മലകള്‍ കീഴടക്കി. കൂടുതല്‍ ഉയരത്തില്‍നിന്ന് സൂര്യോദയം കാണണമെന്ന ആഗ്രഹത്തിലാണ് എവറസ്റ്റ് കയറാന്‍ പുറപ്പെട്ടത്. ഏപ്രില്‍ 10ന് തുടങ്ങിയ യാത്ര 43 ദിവസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

തയ്യാറെടുപ്പുകള്‍

മലകയറിയുള്ള മുന്‍പരിചയമാണ് എവറസ്റ്റ് കീഴടക്കുന്നതിനുള്ള പ്രധാന യോഗ്യത. അതിനുശേഷം എവറസ്റ്റ് കയറുന്നതിന് ആവശ്യമായ പരിശീലനത്തില്‍ പങ്കെടുത്തു. സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് മനസ്സിലാക്കി. ഒരു എക്സ്പെഡിഷന്‍ കമ്പനിയുടെ സഹായത്താലാണ് എവറസ്റ്റ് കയറിയത്. ഇവരുടെ ഗൈഡ് കൂടെയുണ്ടാകും. മല കയറാനുള്ള ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.

യാത്ര

ഏപ്രില്‍ 18ന് ബേസ് ക്യാമ്പിലെത്തി. രാത്രിയില്‍ കാലാവസ്ഥ അനുകൂലമായപ്പോള്‍ മുകളിലേക്ക് പുറപ്പെട്ടു. ഒരുസംഘം ഒരുമിച്ചാണ് യാത്രചെയ്യുക. ഓരോ പര്‍വതാരോഹകര്‍ക്കുമൊപ്പം ഒരുഗൈഡുമുണ്ടാകും. ഇവരുടെ നിര്‍ദേശം അനുസരിച്ചാണ് ചലനം. ഓക്സിജന്‍ സിലിണ്ടര്‍ അടക്കം ആവശ്യമായ ഉപകരണങ്ങളും ഒപ്പമുണ്ടാകും. ഒരുദിവസം 8–12 മണിക്കൂര്‍വരെ മലകയറും. 6800 മീറ്റര്‍ കയറിയാല്‍ ഓക്സിജന്‍ ഉപയോഗിച്ചുതുടങ്ങും. ഉയരംകൂടുംതോറും കൃത്രിമ ഓക്സിജന്റെ അളവും വര്‍ധിപ്പിക്കും. ആവശ്യമായ ഭക്ഷണം കൊണ്ടുപോയിരുന്നു. മെയ് 20ന് ലക്ഷ്യത്തിലെത്തി. 20 മിനിറ്റ് അവിടെ ചെലവഴിച്ചു. കയറുന്നതുപോലെത്തന്നെ പ്രധാനമാണ് തിരിച്ചിറക്കവും. ഇതിനും നല്ല ഊര്‍ജം ആവശ്യമാണ്.

പ്രതിസന്ധി

മടങ്ങിയെത്തുന്നതുവരെ ഞങ്ങളുടെ സംഘത്തിലാര്‍ക്കും അപകടം സംഭവിച്ചില്ല. എന്നാല്‍, ഞങ്ങളുടെ മുന്നില്‍ പോയ സംഘത്തിനിടയിലേക്ക് വലിയ മഞ്ഞുകട്ട വീണു. ഇതോടെ പിടിച്ചുകയറാന്‍ കെട്ടിയിരുന്ന കയര്‍ മഞ്ഞിനടിയിലായി. ഗൈഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മഞ്ഞുകട്ടയുടെ മേലെ കയറിയാണ് അപ്പുറം കടന്നത്. അപകടത്തില്‍പ്പെട്ടയാളുടെ രക്തം മഞ്ഞുകട്ടയില്‍ വീണുകിടപ്പുണ്ടായിരുന്നു. ഇയാളെ ഹെലികോപ്റ്ററില്‍ താഴെയെത്തിച്ചെന്നാണ് അറിഞ്ഞത്.

ചെലവ്

നല്ല ചെലവുള്ള യാത്രയാണ്. നേപ്പാള്‍ സര്‍ക്കാരിന്റെ പെര്‍മിറ്റിന് 14 ലക്ഷം രൂപ നല്‍കണം. സുരക്ഷാ ഉപകരണങ്ങള്‍ക്ക് ഏഴ്‌ ലക്ഷത്തോളം വരും. കമ്പനി ചാര്‍ജ്, ഗൈഡ് ചാര്‍ജ് ഉള്‍പ്പെടെ 35–75 ലക്ഷം രൂപവരെ ചെലവുള്ളതാണ് യാത്ര. ബേസ് ക്യാമ്പിലും ക്യാമ്പ് 2വിലും വൈഫൈ ലഭിക്കും. ബാക്കി സമയം റേഡിയോ കമ്യൂണിക്കേഷനാണ് സാധ്യമാവുക.

കുടുംബത്തിന്റെ പിന്തുണ

ഏഴ് വന്‍കരകളിലെയും മലനിരകള്‍ കയറണമെന്നാണ് ആഗ്രഹം. ഭാവിയില്‍ അതുണ്ടാകും. കുടുംബത്തിന്റെ ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഭര്‍ത്താവ് സിറാജുദ്ദീന്‍ ബംഗളൂരുവില്‍ ഐടി ജീവനക്കാരനാണ്. ബാപ്പ അബ്ദുള്‍ ജലീലും ഉമ്മ ആയിഷാബിയും മക്കളായ എഹബ് അസാനും എമിനും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home