വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ
കുഞ്ഞാലിക്കുട്ടിയുടെ ബന്ധു വേണ്ടെന്ന് മണ്ഡലം കമ്മിറ്റി


സ്വന്തം ലേഖകൻ
Published on Aug 21, 2026, 12:14 AM | 1 min read
വേങ്ങര
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെച്ചൊല്ലി മുസ്ലിംലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി യോഗത്തിൽ കടുത്ത വാഗ്വാദം. യോഗത്തിന് നന്ദി അറിയിക്കുംമുമ്പ് പലരും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
കഴിഞ്ഞ ദിവസം ലീഗ് ഹൗസിൽ ചേർന്ന യോഗമാണ് ബഹളത്തിൽ കലാശിച്ചത്. പ്രസിഡന്റായിരുന്ന കെ കെ മൻസൂർ കോയ തങ്ങൾ രാജിവച്ച ഒഴിവിൽ പാർടി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പി കെ അബൂത്വാഹിറിനെ പ്രസിഡന്റാക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ നിർദേശം. ഇതോടെ മണ്ഡലം ഭാരവാഹികൾ പൊട്ടിത്തെറിച്ചു. പ്രസിഡന്റ് പി കെ അസ്ലുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന നേതൃത്വം നൽകിയ കത്ത് നിരീക്ഷകനായ എം കെ ബാവ വായിച്ചതോടെയാണ് പ്രതിഷേധം ആളിപ്പടർന്നത്. നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനം പിൻവലിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു.
സ്ഥിരംസമിതി അധ്യക്ഷനും ലീഗ് മണ്ഡലം സെക്രട്ടറിയുമായ ഇ കെ സുബൈറിനെ പ്രസിഡന്റാക്കണമെന്ന് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ച് പാസാക്കി. കണ്ണമംഗലം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻകൂടിയായ നെടുമ്പള്ളി സെയ്തു അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ 10നാണ് മൻസൂർ കോയ തങ്ങൾ രാജിവച്ചത്. ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു ഇത്. എന്നാൽ ഇക്കാര്യം മണ്ഡലം കമ്മിറ്റിക്കാർപോലും അറിഞ്ഞില്ലെന്ന് പ്രമേയത്തിൽ പറയുന്നു. ജില്ലാ കമ്മിറ്റിയിൽ മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം അറിയിക്കാമെന്ന് നിരീക്ഷകൻ എം കെ ബാവ പറഞ്ഞതായാണ് വിവരം. നിലവിലെ നിർദേശം തിരുത്തിയില്ലെങ്കിൽ ശനിയാഴ്ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അംഗങ്ങൾ കടുത്ത നിലപാടിലേക്ക് പോയേക്കും.










0 comments