അധ്വാനച്ചൂടണയുന്ന പാട്ടുപുര

സിഐടിയു ജില്ലാ സമ്മേളന ഭാഗമായി ഒരുക്കുന്ന ഗാനമേളക്കായി പരിശീലനം നടത്തുന്ന ചുമട്ടുതൊഴിലാളികൾ

ടി വി സുരേഷ്
Published on Sep 05, 2026, 12:00 AM | 1 min read
മഞ്ചേരി
പകൽ മുഴുവൻ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികൾ സന്ധ്യമയങ്ങുമ്പോൾ സംഗീതത്തിന്റെ വസന്തം തീർക്കുന്നൊരിടമുണ്ട് മഞ്ചേരിയിൽ. മഞ്ചേരി–അരീക്കോട് റോഡിലെ നെല്ലിപ്പറമ്പിലുള്ള പാട്ടുപുര. പാട്ടിനെ സ്നേഹിക്കുന്ന എല്ലാവരും ഒന്നാണിവിടെ. 2023ൽ ചുമട്ടുതൊഴിലാളികളായ കെ സദാശിവനും എം മുഹമ്മദ് ഫിറോസും ചേർന്നാണ് പാട്ടുപുര എന്ന ആശയത്തിന് തുടക്കമിട്ടത്. തൊഴിലാളികൾക്ക് രാഷ്ട്രീയത്തിനപ്പുറം ഒത്തുചേരാനും സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും ഒരിടം ഒരുക്കുകയായിരുന്നു ലക്ഷ്യം. ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പാട്ടുപുരയിലെ അംഗങ്ങളാണ്. ഡോക്ടർമാരും അഭിഭാഷകരും വ്യാപാരികളും വിദ്യാർഥികളുമടക്കം നിരവധി പേർ സംഗീതം അവതരിപ്പിക്കാനും ആസ്വദിക്കാനുമായി ഇവിടെയെത്തുന്നു.
നൂറുപേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഹാളും സംഗീതോപകരണങ്ങളും പാട്ടുപുരയിലുണ്ട്. തബല, ഗിറ്റാർ, കീബോർഡ് തുടങ്ങിയ ഉപകരണങ്ങൾ അംഗങ്ങൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സംഗീതത്തിൽ താൽപ്പര്യമുള്ളവർക്ക് ആഴ്ചയിൽ ഒരുദിവസം പരിശീലനവും നൽകുന്നു. പാട്ടുപാടാൻ ആഗ്രഹിക്കുന്നവർക്കായി അത്യാധുനിക സ്റ്റേജും മൈക്കുകളും 5000 വാട്ട് ശേഷിയുള്ള ശബ്ദസംവിധാനവും ഒരുക്കിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന സംഗീതസന്ധ്യ രാത്രി എട്ടുവരെ നീളും. പരിപാടികൾ പാട്ടുപുരയുടെ ഫേസ്ബുക്ക് പേജിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.
ലഹരിമുക്തമായ അന്തരീക്ഷമാണ് പാട്ടുപുരയുടെ മറ്റൊരു പ്രത്യേകത. സംഗീതം മാത്രമാണ് ഇവിടുത്തെ ലഹരി. അംഗത്വാടിസ്ഥാനത്തിലാണ് കൂട്ടായ്മയുടെ പ്രവർത്തനം. സാധാരണക്കാർക്ക് താങ്ങാനാകുന്ന ചെലവിൽ വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് സ്റ്റേജ് പരിപാടികളും പാട്ടുപുര ഏറ്റെടുത്ത് നടത്തുന്നു. കലാകാരന്മാർക്ക് പരിശീലനം നടത്താനും കഴിവുകൾ പരിപോഷിപ്പിക്കാനുമുള്ള ഇടംകൂടിയാണ് പാട്ടുപുര.
ജില്ലാ സമ്മേളന *വേദിയിൽ വിപ്ലവഗാനമേള
സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെപ്റ്റംബർ 18ന് മഞ്ചേരി ടൗൺ സ്ക്വയറിൽ നടക്കുന്ന കൊടിമര, പതാക, ദീപശിഖാ ജാഥകളുടെ സംഗമവേദിയിൽ പാട്ടുപുരയുടെ സഹകരണത്തോടെ തൊഴിലാളികളുടെ വിപ്ലവഗാനമേള അരങ്ങേറും. ചുമട്ടുതൊഴിലാളികളായ എം മുഹമ്മദ് ഫിറോസ്, കെ സദാശിവൻ, സലീം മേമന, രഞ്ജു ചെർളാടി, ഓട്ടോ തൊഴിലാളിയായ ദിനേശ് കരുവമ്പ്രം, വർക്ക്‌ഷോപ്പ് തൊഴിലാളിയായ ശിവൻ തൃപ്പനച്ചി എന്നിവർ പരിപാടിക്കുള്ള ഒരുക്കത്തിലാണ്. സദ്ദാം മഞ്ചേരി, സനൽ ചെങ്ങര, പ്രമിത ചെങ്ങര, ദിനേശ് കരുവമ്പ്രം, എസ് ആർ സദാനന്ദ് തുടങ്ങിയ തൊഴിലാളികളും സമ്മേളന നഗരിക്ക് ആവേശം പകരും.








0 comments