ബസിൽ അപസ്മാരം
കുഞ്ഞിന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

കെഎസ്ആർടിസി ഡ്രൈവർ വിഷ്ണുവും കണ്ടക്ടർ ആനക്കര സുരേഷ് കുമാറും
താനൂർ
ബസിൽവച്ച് അപസ്‌മാരമുണ്ടായ അഞ്ചുവയസുകാരന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. ചാവക്കാട് അകലാട് സ്വദേശികളായ കച്ചോത്തറ സാദിക്ക് – ഇർഫാന ദമ്പതികളുടെ മകൻ ഇഹ്സാനാണ് കെഎസ്ആർടിസി ഡ്രൈവർ വിഷ്ണുവും കണ്ടക്ടർ ആനക്കര സുരേഷ് കുമാറും രക്ഷകരായത്.
കോഴിക്കോടുനിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് താനൂർ ചിറക്കൽ എത്തിയപ്പോഴാണ് കുട്ടിക്ക് അപസ്മാരംബാധിച്ചത്. ആരോഗ്യനില വഷളായതോടെ മാതാപിതാക്കളും സഹയാത്രക്കാരും പരിഭ്രാന്തരായി. എന്നാൽ ഒരുനിമിഷംപോലും പാഴാക്കാതെ വിഷ്ണുവും സുരേഷ് കുമാറും സമയോചിതമായി ഇടപെട്ടു. ബസ് നേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു. ഇവിടെ അടിയന്തര പ്രഥമശുശ്രൂഷ നൽകി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിർണായക നിമിഷത്തിൽ ബസ് ജീവനക്കാരുടെ ഇടപെടലാണ് കൊച്ചുജീവന് അപകടനില തരണംചെയ്യാൻ സഹായമായത്.










0 comments