ഇറക്കുമതി കുറഞ്ഞതോടെ വില കുതിക്കുന്നു
വിപണിയിൽ പഴം പ്രമാണി

മലപ്പുറം കോട്ടപ്പടിയിലെ മൊത്ത വിപണിയില്‍ പഴക്കുലയുമായി കച്ചവടക്കാരന്‍
സ്വന്തം ലേഖകന്‍.....
Published on Aug 12, 2026, 12:35 AM | 1 min read
മലപ്പുറം
ഇറക്കുമതി കുറഞ്ഞതോടെ പഴം വില കുതിച്ചുയരുന്നു. ഒരുമാസംമുമ്പ് 45മുതല്‍ 50 രൂപവരെയുണ്ടായിരുന്ന ഒരുകിലോ നേന്ത്രപ്പഴത്തിന് വിപണിവില 70 കടന്നു. ഓണം അടുത്തതോടെ ഉപ്പേരിയുണ്ടാക്കാന്‍ പച്ചക്കായ കൂടുതല്‍ ഉപയോഗിക്കുന്നതിനാലാണ് പഴുത്ത കുലയുടെ ഇറക്കുമതി കുറഞ്ഞത്. മഴയില്‍ വാഴകൃഷി നശിച്ചതും നാടന്‍ പഴത്തിന്റെ സീസണല്ലാത്തതും വിലവര്‍ധനയ്ക്ക് കാരണമായി.
ജില്ലയില്‍ പ്രധാനമായും വയനാടന്‍, മേട്ടുപ്പാളയന്‍, കര്‍ണാടക നേന്ത്രക്കുലകളാണ് ഇറക്കുമതിചെയ്യുന്നത്. ഒരുകിലോ വയനാടന്‍ കുല 58–60 രൂപയ്ക്കാണ് മൊത്തക്കച്ചവടക്കാര്‍ വില്‍ക്കുന്നത്. മേട്ടുപ്പാളയത്തിന് 62–63 രൂപവരെയായി. കര്‍ണാടകത്തിന് അല്‍പ്പം വില കുറവാണ്. 58–60 രൂപയാണ് കഴിഞ്ഞദിവസങ്ങളിലെ മൊത്തക്കച്ചവട വില. സീസണല്ലാത്തതിനാല്‍ നാടൻ നേന്ത്രയ്ക്ക് 64 രൂപവരെയായിട്ടുണ്ട്. ചില്ലറ വിപണിയിലെത്തുമ്പോള്‍ 10മുതല്‍ 12 രൂപവരെ വില വീണ്ടും വര്‍ധിക്കും. ചെറുപഴങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മൈസൂര്‍ പഴത്തിന് ചില്ലറവിപണിയില്‍ 44 രൂപവരെയായി. നാടന് 38 രൂപയാണ്. പൂവന്‍പഴത്തിന് 50 രൂപയായി. റോബസ്റ്റയും 43 രൂപ കടന്നു. ഞാലിപ്പൂവന് ഒരുമാസത്തിനിടെ വന്‍ വിലവര്‍ധനയുണ്ടായി. മൊത്തമാര്‍ക്കറ്റില്‍ 40 രൂപയായിരുന്നത് 65ലേക്ക് കുതിച്ചു. ചില്ലറവിപണിയില്‍ 75–80 രൂപയ്ക്കടുത്തായി.
സാധാരണ ഓണക്കാലത്തിനുതൊട്ടുമുമ്പ് നേന്ത്രക്കുലയ്ക്ക് വില വര്‍ധിക്കാറുണ്ട്. ഉപ്പേരി നിര്‍മാണത്തിന് കൂടുതല്‍ പച്ചക്കായകൊണ്ടുപോകുന്നതാണ് കാരണം. പിന്നീട് ഓണമടുക്കുമ്പോഴേക്ക് ഉപ്പേരി നിര്‍മാണം പൂര്‍ത്തിയായി കുല ഇറക്കുമതി കൂടും. അപ്പോള്‍ വില കുറയുകയുംചെയ്യും. എന്നാല്‍, ഇത്തവണ മഴ തിരിച്ചടിയായി. ജില്ലയില്‍ ഓണവിപണി പ്രതീക്ഷിച്ച് നട്ടുവളര്‍ത്തിയ വാഴ കനത്ത മഴയില്‍ നശിച്ചിരുന്നു. നാടന്‍ കുല കിട്ടാതായാല്‍ ഇറക്കുമതി വില കൂടുമെന്നാണ് ആശങ്ക. പഴവില കൂടിയതോടെ ചെറുകിട കച്ചവടക്കാരും പ്രയാസത്തിലായി.










0 comments