ad
Deshabhimani

കണ്ണീരായി വേനല്‍മഴ

a

മങ്കടയിൽ വെള്ളില വ്യൂ പോയിന്റിൽ ഇടിമിന്നലേറ്റ് മരിച്ച റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ / ഫോട്ടോ: കെ ഷെമീർ

avatar
പി അഭിഷേക്‌

Published on May 13, 2026, 12:45 AM | 2 min read

ഉള്ളുപൊള്ളിയ ചൂടിന് അറുതിവരുത്തി പെയ്ത വേനല്‍മഴയ്ക്കൊപ്പം ഒഴുകുന്നത് കണ്ണീര്‍കൂടിയാണ്. പൂക്കോട്ടൂരില്‍ ബന്ധുക്കളായ കുട്ടികള്‍ തോട്ടില്‍ മുങ്ങിമരിച്ച വാര്‍ത്ത വൈകിട്ടോടെയാണെത്തിയത്. മേൽമുറി ചേർതൊടി അഫ്സൽ– -ഫെബിന റിൻസി ദമ്പതികളുടെ മകൻ ആദിൽ ഫിറാസ്, കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീൽ– -തസ്നിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫഹ്ലാൻ എന്നിവരാണ് ചൊവ്വ പകൽ രണ്ടോടെ പിലാക്കൽ മാണിക്കംപാറ പരപ്പ തോട്ടിൽ അപകടത്തിൽപ്പെട്ടത്‌.

ഇതിന്റെ ഞെട്ടല്‍ വിട്ടുമാറുംമുമ്പാണ് മങ്കട വെള്ളില കുരങ്ങന്‍ചോലയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ഥികള്‍ മരിച്ച വിവരവുമെത്തുന്നത്. ആദ്യം രണ്ടുപേര്‍ മരിച്ചെന്ന് പ്രചരിച്ചെങ്കിലും പിന്നീട് നാലായി. മലയിൽ പുതുക്കൂടി അലിയുടെയും മുബീനയുടെയും മകൻ റഹീസ്, പുത്തൻവീട്ടിൽ കൂരിമണ്ണിൽ സൈതലവിയുടെയും പരേതയായ സാജിതയുടെയും മകൻ മുഹമ്മദ് ബഹാസ്, ആലിക്കാപറമ്പിൽ അസീസിന്റെയും സുലൈഖയുടെയും മകൻ സിയാദ്, കറുത്താൻകുത്ത് നിസാറിന്റെയും നസീമയുടെയും മകൻ ഫഹദ് എന്നിവരാണ് മരിച്ചത്. ഫഹദിന്റെ ഇരട്ടസഹോദരൻ റോഷൻ, റഹീസിന്റെ സഹോദരൻ സൽമാനുൽ ഫാരിസ്‌, മലയിൽ വീട്ടിൽ മുഷ്‌താഖിന്റെ മകൻ ഇഷ്‌ഹാത്ത് എന്നിവർക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ജില്ലയില്‍ അതിശക്തമായ മഴയായിരുന്നു. ഇടിമിന്നലും കാറ്റുമുണ്ടായി. പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. മരങ്ങള്‍ കടപുഴകി. ലൈന്‍ പൊട്ടിവീണ് വൈദ്യുതി മുടങ്ങി. പാണ്ടിക്കാട് ടൗൺ ഗവ. എംഎൽപി സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു.


നെഞ്ചുപിളർത്തി

മങ്കട

ഒരു നാടിന്റെ പ്രതീക്ഷകള്‍ക്കുമേലെയാണ് ഇടിമിന്നല്‍ പതിച്ചത്‌. കളിചിരികളോടെ പോയവര്‍ ജീവനറ്റ് തിരിച്ചെത്തുമ്പോള്‍ വെള്ളില നിവാസികളുടെ ഉള്ളുപിടയുന്നു. മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിൽ ഇടിമിന്നലേറ്റ് വിദ്യാർഥികൾ മരിച്ചത് നാടിന് ഉള്‍ക്കൊള്ളാനായിട്ടില്ല. നാട്ടിന്‍പുറത്ത് ഒരുകുടുംബംപോലെ കഴിഞ്ഞവരാണ് വിടവാങ്ങിയത്. വൈകുന്നേരങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്ന സ്ഥലമായിരുന്നു കുരങ്ങൻചോല വ്യൂപോയിന്റ്. ഉയരത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ സൂര്യോദയവും അസ്തമയവും കാണാന്‍ ആളുകള്‍ എത്തും. നാട്ടുകാര്‍മാത്രമല്ല, പുറംനാട്ടുകാരും എത്തിക്കൊണ്ടിരുന്ന പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഇത്. കുറച്ചുകൂടെ മുകളിലേക്ക് ചെന്നാല്‍ മറ്റൊരു വ്യൂപോയിന്റായ ചെകുത്താൻപാറയുമുണ്ട്.

ചൊവ്വ വൈകിട്ട് ജില്ലയില്‍ പലയിടത്തും ശക്തമായ മഴയായിരുന്നു. കാര്‍മേഘംമൂടിക്കെട്ടിയതിനാല്‍ അധികമാരും കുരങ്ങന്‍ചോലയിലേക്ക് പോയിരുന്നില്ല. അടുത്തറിയുന്ന പ്രദേശമായതിനാലാണ് ഏഴ് വിദ്യാര്‍ഥികളും അവിടേക്ക് ചെന്നത്. സംസാരിച്ചിരിക്കുന്നതിനിടെയാണ് ഇടിമിന്നലുണ്ടായത്. മൂന്നുതവണയിലധികം ശക്തമായ ഇടിമിന്നലുണ്ടായി. ഒന്നിച്ചാണിരുന്നതെങ്കിലും മിന്നലിന്റെ ആഘാതത്തില്‍ പലരും പലവഴിക്കായി തെറിച്ചു. അപകടം മനസ്സിലാക്കി താഴെയുണ്ടായിരുന്ന നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് വിദ്യാര്‍ഥികള്‍ ബോധമറ്റുകിടക്കുന്നത് കണ്ടത്. ഉടന്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാലുപേര്‍ മരിച്ചു. ബന്ധുക്കളുടെ ആവശ്യപ്രകാരം പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പോസ്റ്റുമോര്‍ട്ടംചെയ്യാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു. ബുധനാഴ്ച നാലുപേരുടെയും മൃതദേഹം ഒരുമിച്ച് പൊതുദര്‍ശനത്തിനുവയ്ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഖബറടക്കം പിന്നീട് തീരുമാനിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home