കടുവ ആക്രമണം; ഞെട്ടലിൽ കർഷകൻ

കടുവ ആക്രമണത്തിൽ പരിക്കേറ്റ പശുവിനെ വീട്ടിലെത്തിച്ച് പരിചരിക്കുന്ന പൊറ്റയിൽ മൂസ. പശു ചൊവ്വ രാത്രിയോടെ ചത്തു
എടക്കര
പട്ടാപ്പകൽ കടുവയുടെ ആക്രമണം നേരിൽകണ്ട ക്ഷീര കർഷകൻ പൊറ്റയിൽ മൂസ ഇനിയും ഞെട്ടലിൽനിന്ന് മോചിതനായിട്ടില്ല. തിങ്കൾ വൈകിട്ട് അഞ്ചിന് ചോളമുണ്ട കല്ലന്തോടിനുസമീപം കാലികളെ മേയ്ക്കുന്നതിനിടെയാണ് സംഭവം. കാടിറങ്ങിയ കടുവ കറവയുള്ള തന്റെ പശുവിനെ കടിച്ചുവലിച്ച് വനത്തിലേക്കുകൊണ്ടുപോവുകയായിരുന്നു. നിമിഷനേരംകൊണ്ട് ചാടിവീണ് പശുവിന്റെ കഴുത്തിനാണ് കടിച്ചത്. അമ്പരന്ന് ഓടിയ പശുവിനെ പിന്തുടർന്ന് ആക്രമിച്ചു. വീണിടത്തുനിന്നാണ് കടിച്ചുവലിച്ച് വനത്തിലേക്കുകൊണ്ടുപോയത്. മൂസ ബഹളംവച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് നടന്നുകയറി. അവശനിലയിലായ പശുവിനെ നാട്ടുകാരും മറ്റും ചേർന്നാണ് വീട്ടിലെത്തിച്ചത്. വെറ്റിനറി ആശുപത്രിയിൽ നിന്നും പ്രത്യേക കൂട് കൊണ്ടുവന്ന് എഴുന്നേൽപ്പിച്ച് തീറ്റ നൽകിയെങ്കിലും ചൊവ്വ രാത്രിയോടെ ചത്തു.
വർഷങ്ങളായി ക്ഷീര കർഷകനായ മൂസയ്ക്ക് ഇത് ആദ്യാനുഭവമാണ്. ഒട്ടേറെ തവണ കാട്ടാനയെ കണ്ടിട്ടുണ്ട്. മുന്നിലകപ്പെട്ടിട്ടുമുണ്ട്. എന്നാൽ കടുവ ആക്രമണം നേരിൽകണ്ടതോടെ ആകെ തളർന്നു. കടുവയെ പിടികൂടാൻ കർശന നടപടി സ്വീകരിക്കണമെന്നാണ് മൂസയുടെ ആവശ്യം.










0 comments