പെയ്തൊഴിയാതെ...

മഴയില്‍ മക്കരപ്പറമ്പ് നാറാണത്ത് പാലത്തില്‍ വെള്ളം കയറിയപ്പോള്‍
സ്വന്തം ലേഖകന്‍.....
Published on Aug 03, 2026, 12:29 AM | 1 min read
മലപ്പുറം
ജില്ലയില്‍ വെള്ളിയാഴ്ച രാത്രിമുതല്‍ പെയ്ത അതിശക്ത മഴയ്ക്ക് ഞായറാഴ്ച പകല്‍ അല്‍പ്പം ശമനം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ച്ചയായ മഴയുണ്ടായില്ല. ശനിയാഴ്ച രാവിലെമുതല്‍ രാത്രിവരെ മഴ നിര്‍ത്താതെ പെയ്തതിനാല്‍ പുഴകളില്‍ ജലനിരപ്പുയര്‍ന്നിരുന്നു. ഞായര്‍ രാവിലെ 8.30വരെ മലയോരമേഖലയില്‍ കനത്ത മഴയായിരുന്നു. നിലമ്പൂര്‍ മാനവേദന്‍ സ്കൂളിലെ മഴമാപിനിയില്‍ 146.6 മില്ലീമീറ്റര്‍ രേഖപ്പെടുത്തി. വെറ്റിലപ്പാറ –142.8, അരീക്കോട് –140, പരപ്പനങ്ങാടി –121.6, പാണക്കാട് –115.6, അമ്പിട്ടാന്‍പൊട്ടി –102.4, എടക്കര –78.6, പൊന്നാനി –73, മഞ്ചേരി –71.8 എന്നിങ്ങനെ മഴ ലഭിച്ചു.
കടലുണ്ടിപ്പുഴയിലെ ബാക്കിക്കയം റെഗുലേറ്ററില്‍ ഞായറാഴ്ച വൈകിട്ടോടെ ജലനിരപ്പ് അപകടനിലയിലെത്തി. 7.25 മീറ്ററാണ് വൈകിട്ട് നാലോടെ രേഖപ്പെടുത്തിയത്. 7.2 മീറ്ററാണ് ആണ് അപകടനില. രാവിലെ ആറോടെ ഇവിടെ മുന്നറിയിപ്പ് ലെവല്‍ കടന്നിരുന്നു. വേങ്ങര, തെന്നല, ഒഴൂർ, ഊരകം, പറപ്പൂർ, എടരിക്കോട്, കണ്ണമംഗലം, എ ആർ നഗർ, ഒതുക്കുങ്ങൽ, പെരുമണ്ണ ക്ലാരി പഞ്ചായത്തുകളിലും തിരൂരങ്ങാടി, കോട്ടക്കൽ നഗരസഭകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. കൈവഴിയായ ചെറുപുഴ കരകവിഞ്ഞതിനാൽ അങ്ങാടിപ്പുറം, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, കുറുവ, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. കടലുണ്ടിപ്പുഴയിലെ ചിറ്റത്തുപാറ മേഖലയില്‍ ശനിയാഴ്ച രാത്രി 4.9 മീറ്ററായിരുന്ന ജലനിരപ്പ് ഞായര്‍ പകല്‍ 12ന് 5.5 മീറ്ററായി.
ചാലിയാറിലെ പുന്നപ്പുഴ, അമ്പിട്ടാന്‍പൊട്ടി, കരിമ്പുഴ, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു. പൂക്കോട്ടുമണ്ണ റെഗുലേറ്ററില്‍ ശനിയാഴ്ച രാത്രി 10ന് മൂന്ന് മീറ്ററായിരുന്ന ജലനിരപ്പ് ഞായര്‍ രാവിലെ ആറിന് 3.1 മീറ്ററായി. കാവങ്കല്ല് റെഗുലേറ്ററില്‍ 5.8 മീറ്ററായിരുന്നത് ഞായറാഴ്ച രാവിലത്തേക്ക് ആറുമീറ്ററായി. ഒടായിക്കല്‍ റെഗുലേറ്ററില്‍ ജലനിരപ്പ് അല്‍പ്പം കുറഞ്ഞു. ശനി രാത്രി 10ന് 6.2 മീറ്ററുണ്ടായിരുന്നത് ഞായര്‍ രാവിലെ ആറോടെ 6.1 മീറ്ററായി. വൈകിട്ടോടെ ഇവിടങ്ങളില്‍ ജലനിരപ്പ് അല്‍പ്പംകൂടി കുറഞ്ഞു. തിങ്കളാഴ്ച ജില്ലയില്‍ മഞ്ഞ അലര്‍ട്ടാണ്.










0 comments